‘മിന്നല്‍ മുരളി’യെ ഏറ്റെടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി; കമന്റുമായി ടോവിനോ

tovino thomas comment on manchester city star photo caption minnal murali

മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോയെ ഏറ്റെടുത്ത് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി. മെഹ്റസിനെ കുറിച്ചുള്ള ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ കമന്റ് ബോക്സില്‍ മലയാളികള്‍ ഇരച്ചെത്തി. ഞങ്ങളുടെ സ്വന്തം സൂപ്പര്‍ ഹീറോ 'മെഹ്‌റസ് മുരളി' എന്ന ക്യാപ്ഷനോടെയാണ് റിയാദ് മെഹ്‌റസിൻ്റെ ചിത്രം പോസ്റ്റ് ചെ്തത്. ഇപോഴിതാ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫോട്ടോയ്ക്ക് ടൊവിനൊ തോമസ് എഴുതിയ കമന്റാണ് ചര്‍ച്ചയാകുന്നത്.

'മിന്നൽ മുരളി' (ഒറിജിനൽ) ഇവിടെ നിങ്ങളെ കാണുന്നുണ്ടെന്നായിരുന്നു ടോവിനോ തോമസിൻ്റെ കമന്റ്. എന്തായാലും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫോട്ടോയും ടോവിനോയുടെ കമന്റും ഹിറ്റായി.  സ്പൈഡര്‍മാനും സൂപ്പര്‍മാനും വോള്‍വെറൈനുമൊക്കെ പിന്നാലെ മിന്നല്‍വേഗത്തില്‍ ആരാധകരെ സൃഷ്ടിക്കുകയാണ് മിന്നല്‍ മുരളി.

കുറുക്കന്‍മൂലയെ രക്ഷിച്ച മലയാളികളുടെ സ്വന്തം മിന്നല്‍ മുരളിക്ക് ഇവിടെ മാത്രമല്ല അങ്ങ് ഇംഗ്ലണ്ടിലും  ഫാന്‍സുണ്ടെന്ന് ഇതോടെ വ്യക്തമായി. അതും ലോകമെമ്പാടും ആരാധകരുള്ള സാക്ഷാല്‍ മാഞ്ചസ്റ്റര്‍ സിറ്റി. 'മിന്നല്‍ മുരളി'യുടെ ആവേശം ഒട്ടും അവസാനിച്ചിട്ടില്ല. ക്രിസ്‍മസ് റിലീസായി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിൻ്റെ വിശേഷങ്ങള്‍ ഇപോഴും പ്രേക്ഷകര്‍ പങ്കുവെക്കുകയാണ്.  

നെറ്റ്ഫ്ലിക്സിൻ്റെ ആഗോള ഹിറ്റിലേക്ക് ചിത്രം എത്തിയിരുന്നു. റിലീസ്​ ചെയ്യുന്നതിന്​ മുമ്പേ തന്നെ ഇന്ത്യയിലെ ഹോട്ട്​ടോപ്പിക്കുകളിലൊന്നായി മാറിയ ബേസിൽ ജോസഫ്-ടോവിനോ തോമസ്​​ ചിത്രം നെറ്റ്​ഫ്ലിക്സിന്‍റെ ഇംഗ്ലീഷ്​ ഇതര വിഭാഗത്തിൽ ടോപ്​ മൂന്നാം സ്ഥാനത്താണ്​ നിലയുറപ്പിച്ചിരിക്കുന്നത്​. 

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള സിനിമാ ജോണര്‍ ആണ് സൂപ്പര്‍ഹീറോ നായകൻമാരുടേത്. 'മിന്നല്‍ മുരളി' എന്ന ചിത്രവും അങ്ങനെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കുകയാണ്. ബേസില്‍ ജോസഫ് എന്ന സംവിധായകനെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നു.  ബേസില്‍ ജോസഫ് മലയാളിയായ ഒരു സൂപ്പര്‍ഹീറോയെ വിശ്വസനീയമായി അവതരിപ്പിച്ചിരിക്കുന്നുവെന്നാണ് തുടക്കം മുതലേയുള്ള അഭിപ്രായങ്ങള്‍. 

ഹോളിവുഡിനെ അപേക്ഷിച്ച് ബജറ്റ് കുറവുള്ള മലയാളത്തില്‍ നിന്ന് ഇങ്ങനെയൊരു സൂപ്പര്‍ ഹീറോയെ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകര്‍. 'മിന്നല്‍ മുരളി'ക്ക് രണ്ടാം ഭാഗം ഉടന്‍ തന്നെയുണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.