'മാറളിയാ'; 'മിന്നൽ മുരളി' ലൊക്കേഷനിൽ നിന്നുളള രസകരമായ വീഡിയോ പങ്കുവച്ച് അജു വർഗീസ്

minnal murali tovino thomas and aju varghese

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം 'മിന്നൽ മുരളി'യുടെ ലൊക്കേഷനിൽ നിന്നുളള രസകരമായ വീഡിയോ പങ്കുവച്ച് അജു വർഗീസ്. ജെയ്സണും പോത്തൻ അളിയനുമാണ് വീഡിയോയിലെ പ്രധാനകഥാപാത്രങ്ങൾ. നാട്ടിൻപുറത്തെ ചെറുപ്പക്കാരനായ 'ജെയ്സണ്‍' ഒരു സൂപ്പര്‍ഹീറോ ആകുന്നതാണ് മിന്നല്‍ മുരളിയുടെ പ്രമേയം. നാട്ടുകാരുടെ രക്ഷകനായി മാറുകയാണ് ഒരു ഘട്ടത്തില്‍ 'മിന്നല്‍ മുരളി'.  ജെയ്സനാണ് മിന്നല്‍ മുരളിയെന്ന് ആദ്യമായി സംശയം പ്രകടിപ്പിക്കുന്ന ആളാണ് പോത്തൻ.

'മാറളിയാ'യെന്ന് ജെയ്സണ്‍ പറഞ്ഞത് കേട്ടതിൻ്റെ ഓര്‍മയിലാണ് പോത്തനിൽ സംശയം ഉടലെടുക്കുന്നത്. അത് ഉറപ്പിക്കാൻ വേണ്ടി ജെയ്സനെ പ്രകോപ്പിക്കുന്നതും തുടർന്ന് പോത്തനെ പൊക്കിയെടുത്ത് മാറ്റുന്നതുമായിരുന്നു രംഗം. രസകരമായ ഈ രംഗം ഷൂട്ട് ചെയ്തത് എങ്ങനെയെന്ന് വീഡിയോയിൽ കാണാം. ‘അപ്പോൾ അവൻ ആണ് ഇവൻ...അപ്പനെ എടുത്തു എറിഞ്ഞിട്ടു, ഒന്ന് നോക്കാതെ പോകുന്ന ജോസ്‌മോനെ.... എടാ....’ വീഡിയോയുടെ അടിക്കുറിപ്പായി അജു കുറിച്ചു.

ഹരീഷ് ഉത്തമൻ, ചിത്രത്തിൽ അജുവിൻ്റെ  മകളായി അഭിനയിച്ച കുട്ടി തെന്നൽ, മുന്ന തുടങ്ങി നിരവധി താരങ്ങളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിൻ്റെ ബാനറില്‍ സോഫിയ പോളാണ്  'മിന്നല്‍ മുരളി' നിര്‍മിച്ചത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്.

ഡിസംബർ 24 ന് നെറ്റ്ഫ്ളിക്സിലൂടെയാണ് ടോവിനോ തോമസ്- ബേസിൽ ജോസഫ്  ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.  ബേസില്‍ ജോസഫിൻ്റെ സംവിധാനത്തിലുള്ള ചിത്രത്തിൻ്റെ ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യു. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.