മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും വീണ്ടുമൊന്നിക്കുന്നുവെന്ന് റിപ്പോർട്ട്. മോഹൻലാൽ – ചെമ്പൻ വിനോദ് – ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റംബാന് ശേഷമായിരിക്കും മോഹൻലാൽ വീണ്ടും ലിജോയുമായി വീണ്ടുമൊന്നിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇപ്പോഴിതാ മറ്റൊരു വാർത്തയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ‘മലൈക്കോട്ടൈ വാലിബൻ’ രണ്ട് ഭാഗങ്ങളിലായിട്ടാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. വാലിബന്റെ കഥ പ്രേക്ഷകരിലേക്ക് പൂർണമായി എത്താൻ രണ്ടു ഭാഗങ്ങൾ വേണ്ടിവരുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
എന്നാൽ ഇക്കാര്യം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഫാന്റസി ത്രില്ലർ ആയിട്ടാണ് മലൈക്കോട്ടൈ വാലിബൻ ഒരുങ്ങുന്നത്. അതേസമയം മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് മലൈക്കോട്ടൈ വാലിബൻ ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175 ൽ പരം സ്‌ക്രീനുകളിൽ ആണ് ഓവർസീസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്.
കേരളത്തിലും വിദേശ രാജ്യങ്ങളിലും മികച്ച പ്രൊമോഷൻ പരിപാടികളാണ് വരും നാളുകളിൽ വാലിബൻ ടീം സംഘടിപ്പിക്കുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. പി എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യറാണ്. പി ആർ ഓ പ്രതീഷ് ശേഖർ.