പ്രതിഷേധം അവസാനിപ്പിച്ച് വി.എച്ച്.പിയും ബജ്റം​ഗ്ദളും; 'പഠാൻ' ​ഗുജറാത്തിലും റിലീസ് ചെയ്യും

google news
BJP MLA demands halt of Pathaans release
 

അഹമ്മദാബാദ്: ഷാരൂഖ് ഖാനും ദീപികാ പദുക്കോണും മുഖ്യവേഷങ്ങളിലെത്തുന്ന പഠാൻ സിനിമ ​ഗുജറാത്തിലും റിലീസ് ചെയ്യും. സിനിമയ്ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ബജ്‌റംഗ് ദളും വിശ്വ ഹിന്ദു പരിഷത്തും തീരുമാനിച്ചു. ബുധനാഴ്ച സിനിമ റിലീസ് ചെയ്യുന്നത്.

അനാവശ്യ വിവാദങ്ങളിലൂടെ സർക്കാരിന്റെയും പാർട്ടിയുടെയും ജനക്ഷേമ നടപടികള‍ിൽനിന്നു ശ്രദ്ധ തിരിക്കുന്നതിനെതിരെ ബിജെപി നിർവാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനമുന്നയിച്ചിരുന്നു. 

തുടർന്നാണ്, ബുധനാഴ്ച സിനിമ റിലീസ് ചെയ്യാനിരിക്കെ നിലപാട് മാറ്റിയത്. രാജ്യത്തൊരിടത്തും സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്നായിരുന്നു വിഎച്ച്പി നേരത്തേ പറഞ്ഞിരുന്നത്.


 
സിനിമയിൽ സെൻസർ ബോർഡ് നടത്തിയ ഇടപെടലുകൾ തൃപ്തികരമാണെന്ന് ​ഗുജറാത്ത് വി.എച്ച്.പി സെക്രട്ടറി അശോക് റാവൽ പ്രസ്താവനയിൽ വ്യക്തമാക്കി. ബജ്റം​ഗ് ​ദളിന്റെ പ്രതിഷേധങ്ങളേത്തുടർന്ന് സെൻസർ ബോർഡ് വിവാദമായ ​ഗാനവും മറ്റുചില രം​ഗങ്ങളും വീണ്ടും പരിശോധിച്ചു. അതൊരു നല്ല വാർത്തയാണ്. ഇനി സിനിമ കാണണമോ എന്ന് തീരുമാനിക്കേണ്ടത് പ്രബുദ്ധരായ പൗരന്മാരാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ​ഗാനങ്ങളും നിറവും വസ്ത്രവുമെല്ലാം പരി​ഗണിച്ചാണ് ചിത്രത്തിൽ സെൻസർ ബോർഡ് കത്രിക വെച്ചതെന്നാണ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് റാവൽ പ്രതികരിച്ചത്.

‘‘നമ്മൾ കഠിനാധ്വാനം ചെയ്യുന്നതിനിടെ നമുക്കിടയിലെ ചിലർ അനാവശ്യമായി സിനിമകളെപ്പറ്റിയും മറ്റും വിവാദ പ്രസ്താവനകൾ നടത്തുന്നു. പിന്നീട് മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുന്നത് ആ വിവാദമായിരിക്കും’’– എന്നായിരുന്നു പഠാൻ വിവാദം സൂചിപ്പിച്ചത് മോദി പറഞ്ഞത്. ഗുജറാത്തിൽ ‘പഠാൻ’ റിലീസ് ചെയ്യുന്നതു തടയില്ലെന്നാണു സംഘടനകളുടെ പുതിയ നിലപാട്.  

സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞു ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു വിഎച്ച്പിയുടെ ആരോപണം. 

സിദ്ധാർഥ് ആനന്ദാണ് 'പഠാൻ' സംവിധാനം ചെയ്യുന്നത്. ജോൺ എബ്രഹാമാണ് ചിത്രത്തിൽ വില്ലൻ. ജനുവരി 25-ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.
 

Tags