പ്രേക്ഷകനെന്ന രീതിയിൽ ‘മലൈക്കോട്ടൈ വാലിബൻ’ തന്നെ രസിപ്പിച്ചുവെന്ന് നടനും സംവിധായകനുമായ മധുപാൽ. ഇത്തരത്തിലൊരു സിനിമ മലയാള സിനിമലോകത്തു ഇതിനു മുൻപ് സംഭവിച്ചിട്ടില്ലെന്നും മധുപാൽ പറഞ്ഞു.
തിയറ്റർ അനുഭവം ആവശ്യപ്പെടുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബനെന്നും, ചെറിയ സ്‌ക്രീനിൽ കാണേണ്ട ഒരു സിനിമയല്ല ഇതെന്നും പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
മലയാള സിനിമ പോലൊരു ചെറിയ ഇൻഡസ്ട്രിയിൽ നിന്നുകൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ഇത്തരമൊരു വലിയ സിനിമ എടുക്കാൻ സാധിക്കുന്നത് വലിയ കാര്യമാണെന്നും ലോകോത്തര ദൃശ്യഭാഷയുള്ള ഈ ചിത്രം മൊബൈൽ, ടെലിവിഷൻ തുടങ്ങിയവയിലൂടെ ചെറിയ സ്‌ക്രീനിൽ കാണേണ്ടതല്ലെന്നും വലിയ തിയറ്റർ അനുഭവം തന്നെയാണ് വേണ്ടതെന്നും മധുപാൽ പറഞ്ഞു.
വെറുതെ കഥ പറഞ്ഞു പോവുകയല്ല. സിനിമയ്ക്കൊരു ക്രാഫ്ട് ഉണ്ട്. ഈ സിനിമ തന്റെ കുട്ടിക്കാലത്തെ ഓർമപ്പെടുത്തി. ഈ സിനിമയെ അമർ ചിത്രകഥയെന്നോ നാടോടിക്കഥയെന്നോ മുത്തശ്ശിക്കഥയെന്നോ സഞ്ചാര സിനിമയെന്നോ ഒക്കെ വിളിക്കാം.
അങ്ങനെ പല രീതിയിൽ വ്യാഖ്യാനിച്ചെടുക്കാവുന്ന തലത്തിലേക്ക് ഈ സിനിമയെ വിവരിക്കാം. അമ്മയും അമ്മൂമ്മയുമൊക്കെ പറഞ്ഞു തന്നിട്ടുള്ള കഥകൾ ഈ സിനിമ കണ്ടപ്പോൾ ഓർമ വന്നു. ഞാൻ കുട്ടിക്കാലത്ത് വായിച്ച പല പുസ്തകങ്ങളിലും അനുഭവിച്ചുള്ള ഒരു കാഴ്ച ഈ സിനിമയിൽ അനുഭവിക്കാൻ കഴിഞ്ഞു.
മലൈക്കോട്ടൈ വാലിബൻ നൂറു ശതമാനവും സിനിമ എന്ന കലയ്ക്കുള്ള സമർപ്പണമാണ്. പ്രേക്ഷകനെന്ന രീതിയിൽ മലൈക്കോട്ടൈ വാലിബൻ എന്നെ രസിപ്പിച്ചിട്ടുണ്ട്- മധുപാൽ പറഞ്ഞു.
വാലിബന് വിസ്മയിപ്പിക്കുന്ന ഒരു സ്വഭാവമുണ്ട്. ആദ്യം വന്നിറങ്ങുന്ന വാലിബനല്ല അവസാനം പ്രേക്ഷകർ കാണുന്ന വാലിബൻ. ആ കഥാപാത്രത്തിന് ഒരു വളർച്ചയുണ്ട്. സിനിമയ്ക്ക് ഫിലോസഫിക്കലായ ഒരു തലം കൂടിയുണ്ട്. സത്യത്തിന്റെ മുഖം പോലും കള്ളമെടുത്ത് അണിഞ്ഞെന്നു വരാം.
ഒരു ചലച്ചിത്രകാരൻ മനസിൽ കണ്ട പോലെ സിനിമ ചെയ്തെടുക്കാൻ പറ്റിയെന്നതാണ് മലൈക്കോട്ടൈ വാലിബന്റെ ആദ്യത്തെ മേന്മ. പ്രേക്ഷകർ പറയുന്ന പോലെയാകണം എന്ന് വാശി പിടിക്കുന്ന ഒരു ചിന്താഗതി ഇപ്പോൾ കാണുന്നുണ്ട്. അങ്ങനെയല്ലാതെയും സിനിമ ചെയ്യാൻ പറ്റുമെന്നുള്ളതാണ് മലൈക്കോട്ടൈ വാലിബൻ ഇപ്പോൾ കാണിച്ചുതരുന്നത്.
ഇതിൽ ഇമോഷൻസുണ്ട്. സ്നേഹമുണ്ട്, പകയുണ്ട്. വൈരാഗ്യമുണ്ട്. മനുഷ്യൻ കേൾക്കുകയും കാണുകയും അനുഭവിക്കുകയും ചെയ്യുന്ന എല്ലാ രസങ്ങളും ഇതിലുണ്ട്. മനോഹരമായ പ്രണയവും വിരഹവുമുണ്ട്. ഞാൻ വിചാരിച്ച പോലെയല്ല സിനിമ എന്നു പറയുമ്പോഴുള്ള അകൽച്ചയുണ്ടല്ലോ. അതാണ് ഒരു കാര്യം. ലോകത്തിലെ എല്ലാവരെയും രസിപ്പിച്ച് ഒരു കർമവും ചെയ്യാൻ കഴിയില്ല, മധുപാൽ പറയുന്നു.
എപ്പോഴും അടി, ബഹളം, വെടിവെപ്പ് പോലുള്ള സിനിമകൾ മാത്രം മതിയോ? അതും ഇതിലില്ലേ? എല്ലാം മറ്റൊരു രീതിയിലാണ് സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ സിനിമ ചെയ്യാൻ പറ്റുമെന്നതാണു ഈ സിനിമയുടെ മഹത്വം.
നമ്മൾ എന്തുകൊണ്ട് അത് തിരിച്ചറിയുന്നില്ല? മനുഷ്യന്റെ വികാരവിചാരങ്ങൾ വേറെയൊരു പാറ്റേണിൽ ദൃശ്യങ്ങളുപയോഗിച്ച് ട്രീറ്റ്മെന്റിൽ വ്യത്യാസം വരുത്തിക്കൊണ്ട് ഒരു സിനിമ ചെയ്യുന്നു എന്നതു തന്നെയാണ് മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ മേന്മയായി ഞാൻ കാണുന്നതെന്നും മധുപാൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ