ഷാക്കിറ മുഹമ്മദ് ആയി അന്ന ബെന്‍; 'നാരദനി'ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

 anna ben naradhan movie

ടൊവീനോ തോമസിനെ കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം 'നാരദനി'ലെ  ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിൽ നായികയായി എത്തുന്ന അന്ന ബെന്നിൻ്റെ ക്യാരക്ടർ പോസ്റ്ററാണ് അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയായ ഷാക്കിറ മുഹമ്മദ് ആയിട്ടാണ് അന്ന ചിത്രത്തില്‍ എത്തുന്നത്. 

ബോള്‍ഡ് ആയി ചാനല്‍ പ്രെമോകളില്‍ മാധ്യമപ്രവര്‍ത്തകര്‍ പോസ് ചെയ്യുന്ന രീതിയിലാണ് അന്നയുടെ പോസ്റ്റര്‍. 2021 ലെ തൻ്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് 'നാരദന്‍' എന്ന് സംവിധായകന്‍ ആഷിഖ് അബു നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു. മായാനദി, വൈറസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രമാണ് 'നാരദൻ'. 

ഒരു ന്യൂസ് ചാനലിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ ഒരു വാര്‍ത്താ അവതാരകനായി എത്തുന്നു. ഉണ്ണി ആര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍  ഇന്ദ്രന്‍സ്, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജനുവരി 27ന് ചിത്രം തിയറ്ററുകളിലെത്തും.

രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ സിനിമയിലെത്തുന്നത്. വാര്‍ത്തകളിലെ ധാര്‍മികതയാണോ അതോ മാധ്യമ സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരമാണോ എന്തായിരിക്കും ഈ സിനിമ എന്നാണ് പലരുടേയും സംശയം. ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറില്‍ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു. ഒരു പൊളിറ്റിക്കല്‍ ത്രില്ലറിൻ്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍ എന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന.

ജാഫര്‍ സാദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. സംഗീതം ഡിജെ ശേഖര്‍, പശ്ചാത്തലസംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍ ഡാന്‍ ജോസ്, സൈജു ശ്രീധരന്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിബിന്‍ രവീന്ദര്‍, സ്റ്റില്‍സ് ഷാലു പേയാട്.  സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിൻ്റെ നിര്‍മ്മാണം.