‘ഛക്ഡ എക്സ്പ്രസ്’; ജൂലൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു; നായികയായി അനുഷ്ക ശര്‍മ

ഇന്ത്യൻ വനിത ക്രിക്കറ്റിലെ പ്രതിഭ ജുലാൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു. ‘ചക്ദ എക്സ്പ്രസ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനുഷ്ക ശർമയാണ് നായിക. നെറ്റ്ഫ്ലിക്സിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. അനുഷ്ക ശര്‍മ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഷാരൂഖ് ഖാൻ ചിത്രം ‘സീറോ’യുടെ റിലീസ് കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്കു ശേഷം അനുഷ്ക ക്യാമറയ്ക്ക് മുന്നിലെത്തുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് ടീസർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു.
ക്ലീൻ സ്ലേറ്റ് ഫിലിംസിൻ്റെ ബാനറിൽ അനുഷ്ക ശർമ്മയും സഹോരൻ കർണേഷ് ശർമയും ചേർന്ന് നിർമിക്കുന്ന ചിത്രം പ്രോസിത് റോയ് സംവിധാനം ചെയ്യുന്നു. അഭിഷേക് ബാനര്‍ജി ആണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതുന്നത്. അനുഷ്കക്കൊപ്പം മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയായിരിക്കും എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഷൂട്ടിംഗ് ഉടൻ തുടങ്ങും എന്നാണ് അറിയിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളും ചിത്രത്തിന്റേതായി വൈകാതെ പ്രഖ്യാപിക്കും.
ഇന്ത്യൻ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയായി അനുഷ്ക ശര്‍മയെ വീഡിയോയില്‍ കാണാം. ഗോസ്വാമി ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ ക്യാപ്റ്റനുമാണ്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വേഗതയുള്ള വനിതാ ബൗളർമാരിൽ ഒരാളാണ് ജുലാൻ ഗോസ്വാമി. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ നിന്നുള്ള ഒട്ടേറെ കടമ്പകൾ മറികടന്നാണ് താരം ക്രിക്കറ്റിലേക്കെത്തിയത്. വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ള ബൗളറാണ് ജുലാൻ. 192 മത്സരങ്ങളിൽ നിന്ന് 240 വിക്കറ്റുകൾ താരത്തിനുണ്ട്. 12 ടെസ്റ്റും 68 ടി-20കളും കളിച്ച താരം യഥാക്രമം 44, 56 വിക്കറ്റുകളും നേടി. വാലറ്റത്ത് ഭേദപ്പെട്ട ബാറ്റർ കൂടിയായ ജുലാൻ അങ്ങനെയും ചില ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.
'രബ് നെ ബന ദി ജോഡി'യിലൂടെ വെള്ളിത്തിരയില്‍ നായികയായ അനുഷ്ക ശര്‍മ മകള്‍ ജനിച്ച ശേഷം നടിയെന്ന നിലയില്‍ വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. ബോളിവുഡിലെ ആദ്യ ചിത്രത്തിന് തന്നെ അനുഷ്ക ശര്‍മയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നോമിനേഷൻ ലഭിച്ചിരുന്നു. മികച്ച നവാഗത നടിക്കുള്ള നോമിനേഷനും ലഭിച്ചിരുന്നു. ഒരിടവേള കഴിഞ്ഞ മികച്ച കഥാപാത്രമായി തിരിച്ചെത്തുകയാണ് അനുഷ്ക ശര്‍മ.