മയക്കുമരുന്ന് കേസ്: നടി രാകുല്‍പ്രീത് സിങ് ഇ.ഡിക്ക് മുന്നില്‍ ഹാജരായി

e

ഹൈദരാബാദ്: മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിനായി നടി രാകുല്‍ പ്രീത് സിങ് എന്‍ഫോഴ്‌സ്‌മെന്റിന് മുന്‍പാകെ ഹാജരായി. മയക്കുമരുന്ന് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ സാധ്യത അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹൈദരാബാദ് സോണല്‍ ഓഫീസിലാണ് നടി എത്തിയത്. രാകുല്‍പ്രീത് സിങ്ങിനോട് സെപ്റ്റംബര്‍ ആറിന് ഹാജരാകാനാണ് ഇ.ഡി. ആവശ്യപ്പെട്ടിരുന്നത്. ഇതിനുമുമ്പുള്ള ദിവസം തന്നെ ഹാജരാകാന്‍ അനുവദിക്കണമെന്നായിരുന്നു നടിയുടെ ആവശ്യം. തുടര്‍ന്നാണ് സെപ്റ്റംബര്‍ മൂന്നിന് ഹാജരാകാന്‍ നിര്‍ദേശിച്ചത്. 

2017-ലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് തെലുങ്ക് സിനിമയിലെ പന്ത്രണ്ടോളം പേരെ ഇ.ഡി. ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം സംവിധായകനായ പുരി ജഗന്നാഥിനെ ഇ.ഡി. വിശദമായി ചോദ്യംചെയ്തിരുന്നു. ഇതിനുപിന്നാലെ ചാര്‍മി കൗറിനെയും ചോദ്യം ചെയ്തു. നിലവില്‍ കേസില്‍ തെലങ്കാന എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധിപ്പേരെ ചോദ്യം ചെയ്തിട്ടുമുണ്ട്.