"ജോജി" അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

joji malayalam movie
2021 ലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ സ്‌ഥാനം പിടിച്ച ഫഹദ് ഫാസിൽ ചിത്രമാണ് ജോജി.   ഫഹദ് ഫാസിൽ  ദിലീഷ് പോത്തൻ കൂടുകെട്ടിൽ ഇറങ്ങിയ ഈ ചിത്രം ആമസോൺ  പ്രൈമിലൂടെയാണ്  പ്രേക്ഷകർക്ക് മുന്നിലെത്തിയത്.  ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. 

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പലരും പല  നിഗമനങ്ങളും എഴുതിയിരുന്നു. ദേശീയ അന്തര്‍ദേശീയ തലത്തിലും ചിത്രം ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. 

2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കാണ് ജോജി തിരഞ്ഞെടുക്കപ്പെട്ടത്. സംവിധായന്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഏപ്രിൽ ഏഴിനാണ് ആമസോൺ പ്രൈമിലൂടെ ജോജി റിലീസ് ചെയ്തത്. മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.'ദൃശ്യം 2'നു ശേഷം ആമസോണ്‍ പ്രൈം ഡയറക്ട് റിലീസ് ചെയ്ത മലയാളചിത്രം കൂടിയാണിത്.  ശ്യാം പുഷ്‍കരനാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്.  വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നേരത്തെ മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തിരക്കഥയും ശ്യാം പുഷ്‍കരന്‍റേതാണ്.

joji

വർക്കിംഗ് ക്ലാസ് ഹീറോയുമായി സഹകരിച്ച് ഭാവന സ്റ്റുഡിയോയും ഫഹദ് ഫാസിലും ഫ്രണ്ട്സ് കമ്പനിയുമാണ് ചിത്രം നിർമ്മിച്ചത്. ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചലച്ചിത്രത്തിൽ ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നു.