നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ഹിറ്റിലേക്ക് 'മിന്നല്‍ മുരളി'; 30 രാജ്യങ്ങളിൽ ആദ്യ പത്തിൽ; ലോകത്ത് ട്രെൻഡിംഗിൽ മൂന്നാമത്

minnal murali tovino thomas

ടോവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ 'മിന്നൽ മുരളി' ജൈത്രയാത്ര തുടരുകയാണ്. ഒടിടി വഴിയിലൂടെ ഒരു മലയാള ചിത്രത്തിന് എങ്ങനെ 'ആഗോളമാകാന്‍' കഴിയും എന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാവുകയാണ് 'മിന്നല്‍ മുരളി'. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്‍മസ് റിലീസ് ആയെത്തിയ ചിത്രം ആദ്യ ആഴ്ച തന്നെ 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റില്‍ എത്തിയിരുന്നു. 

രണ്ടാഴ്ച പിന്നിടുമ്പോള്‍ ഗ്ലോബല്‍ റാങ്കിംഗ് വലിയ രീതിയില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് ചിത്രം. ഡിസംബർ 27 മുതൽ ജനുവരി 2 വരെയുള്ള കഴിഞ്ഞ ആഴ്ചയിൽ, ഇംഗ്ലീഷ് ഇതര സിനിമകളിലെ ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ മൂന്നാമതാണ് ചിത്രം. ലുല്ലി, വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

ആദ്യവാരം 11 രാജ്യങ്ങളിലെ ടോപ്പ് 10ല്‍ ആയിരുന്നു ചിത്രമെങ്കില്‍ ഇപ്പോഴത് 30 രാജ്യങ്ങളിലാണ്. ആദ്യവാരം ടോപ്പ് 10ല്‍ എത്തിയ 11 രാജ്യങ്ങളും ഏഷ്യന്‍ രാജ്യങ്ങളായിരുന്നുവെങ്കില്‍ ഇപ്പോള്‍ ട്രെന്‍ഡ് ചെയ്യുന്ന 30 രാജ്യങ്ങളില്‍ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമുണ്ട്. ഇന്ത്യയിൽ ഇപ്പോഴും 'മിന്നൽ മുരളി' ട്രെൻഡിംഗ് പട്ടികയിൽ ഒന്നാമതുണ്ട്. സംവിധായകൻ ബേസിൽ ജോസഫ് തന്നെയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

1.14 കോടി മണിക്കൂറുകളുടെ കാഴ്ചയാണ് മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിന് നേടിക്കൊടുത്തിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വാരമാണ് നെറ്റ്ഫ്ലിക്സിന്‍റെ ഗ്ലോബല്‍ ടോപ്പ് 10ല്‍ മിന്നല്‍ മുരളി ഇടംപിടിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ മാത്രം 11.44 മില്ല്യൺ മണിക്കൂറുകളാണ് മിന്നൽ മുരളി സ്ട്രീം ചെയ്യപ്പെട്ടത്. ഒരാഴ്ചയിൽ ഏറ്റവും കൂടുതൽ സമയം സ്ട്രീം ചെയ്യപ്പെടുന്ന ഇന്ത്യൻ സിനിമ എന്ന റെക്കോർഡ് ഇതോടെ ഈ മലയാള സിനിമ സ്വന്തമാക്കിയിരുന്നു. 'ഹസീൻ ദിൽറുബ' (10.21 മില്ല്യൺ മണിക്കൂറുകൾ), 'മിമി' (9.21 മില്ല്യൺ മണിക്കൂറുകൾ) എന്നീ ബോളിവുഡ് സിനിമകളെയാണ് 'മിന്നൽ മുരളി' പിന്തള്ളിയത്.

അർജൻ്റീന, ബഹാമസ്, ബൊളീവിയ, ബ്രസീൽ, ചിലി, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഇക്വഡോർ, എൽ സാൽവദോർ, ഹോണ്ടുറാസ്, ജമൈക്ക, പനാമ, പരാഗ്വേ, പെറു, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഉറുഗ്വെ, മൗറീഷ്യസ്, നൈജീരിയ, ബഹ്റൈൻ, ബംഗ്ലാദേശ്, കുവൈറ്റ്, മലേഷ്യ, മാൽദീവ്സ്, ഒമാൻ, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ, സിംഗപ്പൂർ, ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിലാണ് മിന്നൽ മുരളി ആദ്യ പത്തിലുള്ളത്. ആഗോള ചലച്ചിത്ര മാർക്കറ്റിലെ സുപ്രധാന ഇടമായി കണക്കാക്കപ്പെടുന്ന ബ്രസീലിൽ ചിത്രം ട്രെൻഡിംഗ് ആയത് ഏറെ ശ്രദ്ധേയമാണ്. മലയാള സിനിമകളുടെ ആഗോള മാർക്കറ്റിലും ഇത് നിർണായക സ്വാധീനമാവും.

minnal murali

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫിലിം ഴോണര്‍ ആണ് സൂപ്പര്‍ഹീറോ ചിത്രങ്ങള്‍. ഭാഷാതീതമായി ഒരു സൂപ്പര്‍ഹീറോ ഒറിജിന്‍ മൂവിക്ക് ലഭിക്കാനിടയുള്ള ആഗോള സ്വീകാര്യത മുന്നില്‍ക്കണ്ട് തന്നെയായിരുന്നു നെറ്റ്ഫ്ലിക്സ് ചിത്രത്തിനു നല്‍കിയ വന്‍ പ്രീ-റിലീസ് പബ്ലിസിറ്റി. നെറ്റ്ഫ്ലിക്സിന് കഴിഞ്ഞ വര്‍ഷം ലഭിച്ച ഒരു ഏഷ്യന്‍ ഹിറ്റ് സൗത്ത് കൊറിയന്‍ സര്‍വൈവല്‍ ഡ്രാമ സിരീസ് ആയ സ്ക്വിഡ് ഗെയിം ആയിരുന്നു. 'മിന്നല്‍ മുരളി'യും ആ തരത്തിലേക്ക് ഉയരുമോ എന്ന കാത്തിരിപ്പിലാണ് ഇന്ത്യന്‍ സിനിമാലോകം. 

‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടോവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'മിന്നൽ മുരളി'. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻ്റെ  വി എഫ് എക്‌സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ് ആണ്.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ, ബിജുക്കുട്ടൻ, ഫെമിന ജോർജ്, സ്നേഹ ബാബു, ജൂഡ് അന്താണി ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.