മീടു : ലീന മണിമേഖലൈയ്ക്ക് പിന്തുണയുമായി ഡബ്ല്യൂ. സി.സി

c

ഹോളിവുഡിൽ തുടങ്ങിയ മീ ടൂ ക്യാമ്പെയിൻ മോളിവുഡിലും ഹോളിവുഡിലും എത്തി നിൽക്കുകയാണ്. ഒട്ടേറെ തുറന്നു പറച്ചിലുകള്‍ക്കാണ് മീ ടൂ ക്യാമ്പയിന്‍ സാക്ഷ്യം വഹിക്കുന്നത്.ഇപ്പോൾ, മാധ്യമമേഖലയിലെ വമ്പന്മാരടക്കം പലരുടെയും പേരുകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഈ ആരോപണങ്ങളെല്ലാം, സൂക്ഷ്മമായി അപഗ്രഥിച്ചാൽ അതിനൊരു പൊതുസ്വഭാവമുള്ളതായി കാണാം. 

ഇര പലപ്പോഴും വളരെ ചെറുപ്പമായിരിക്കും. പലരും ജോലിയുടെ തുടക്കത്തിലുള്ള അരക്ഷിതാവസ്ഥ അനുഭവിക്കുന്നവർ. അക്രമി, അനുഗ്രഹനിഗ്രഹശക്തിയുള്ള പ്രഭാവശാലി. സംഭവം, അത് അശ്ലീലച്ചുവയുള്ള ടെക്‌സ്റ്റ് സന്ദേശം തൊട്ടു ശാരീരികാക്രമണം വരെ എന്തുമാകാം, സ്ത്രീയെ മാനസികമായി തകർക്കുന്നു. വിഷാദരോഗത്തിന് അടിമയാക്കുന്നു. പല സംഭവങ്ങളിലും അക്രമികളുടെ ക്രൂരതയും കൂസലില്ലായ്മയും അറപ്പുണ്ടാക്കുന്നു. 

ഇത്തരത്തിൽ മീടു ക്യാമ്പെയിനിന്റെ ഭാഗമായി നേരിട്ട അതിക്രമങ്ങളെ തുറന്നു പറയാൻ ധൈര്യം കാണിച്ച എല്ലാ സ്ത്രീകൾക്കൊപ്പവും ശക്തമായി നിലകൊള്ളുമെന്ന് ഡബ്ല്യൂ. സി.സി . തങ്ങളുടെ ജീവനും ഉപജീവനമാർഗ്ഗത്തെയും അപകടത്തിലാകുമ്മെന്നറിഞ്ഞിട്ടും അവരുടെ നേരെ ലൈംഗിക ചൂഷണം നടത്തിയവരെ പുറത്തു കൊണ്ട് വരാൻ ഇവരെല്ലാവരും നിരന്തരം പ്രയത്നിക്കുകയായാണെന്നും ഡബ്ല്യൂ. സി.സി വ്യക്തമാക്കി.

കൂടാതെ തന്നെ മീടു ക്യാമ്പെയിനിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങൾ വഴിയും അല്ലാതെയും പലതരത്തിലുള്ള അക്രമങ്ങൾ നേരിട്ട  ലീന മണിമേഖലൈയ്ക്ക് ഡബ്ല്യൂ. സി.സി പിന്തുണ പ്രഖ്യാപിച്ചു.

ഇന്ന്, ഞങ്ങളുടെ സഹോദരിയും, ഡയറക്ടറുമായ ലീന മണിമേഖലൈ തനിക്ക് നേരിട്ട പീഡനത്തെക്കുറിച്ച് സധൈര്യപൂർവ്വം സംസാരിച്ചതിന്, സാമൂഹ്യ മാധ്യമങ്ങൾ വഴിയും അല്ലാതെയും പലതരത്തിലുള്ള അക്രമങ്ങൾ നേരിട്ടു വരുന്നു.

ലീനയുടെ ഏറ്റവും പുതിയ ചിത്രമായ "മാടത്തി' ഈ ഫാൾ സീസണിൽ (2021) ഹാർവാർഡ്, ചിക്കാഗോ, കൊളംബിയ, മിനിസോട്ട എന്നിവയുൾപ്പെടെ വടക്കേ അമേരിക്കയിലുടനീളമുള്ള പതിനഞ്ച് സർവകലാശാലകൾ പ്രദർശിപ്പിക്കാനും, ലെക്‌ചറിങ്ങിനു വേണ്ടിയും ക്ഷണിച്ചിരിക്കുകയാണ്. ലീന ഇപ്പോൾ കാനഡയിലെ യോർക്ക് സർവകലാശാലയിൽ ഫൈൻ ആർട്സിൽ പൂർണ്ണ സ്കോളർഷിപ്പോടെ ബിരുദാനന്തര ബിരുദവും ചെയ്തു വരികയാണ്.

ഒന്നര പതിറ്റാണ്ട് മുമ്പ് നടന്ന സംഭവത്തിന്റെപ്പേരിൽ 2018ലാണ് ലീന മണിമേഖല സുശി ഗണേശനെതിരെ ആരോപണമുന്നയിച്ചത്. 2005ൽ ടിവി ചാനലിനു വേണ്ടി സുശി ഗണേശനുമായി അഭിമുഖം നടത്തിയ ശേഷം ചെന്നൈയിലെ സ്റ്റുഡിയോയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ കാറിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. 

ഈകാരണത്താൽ അപകീർത്തിക്കേസ് ഉൾപ്പെടെ 17 പരാതികൾ കോടതിയിൽ ലീനക്കെതിരെ സമർപ്പിച്ചു. ഇപ്പോഴും വിശദീകരണം നൽകാത്ത ഒരു നടപടിയിൽ, ലീനയുടെ പാസ്‌പോർട്ട് ആർ‌.ടി‌.ഒ പിടിച്ചെടുത്തു. ഈ സമ്മർദ്ദപരമായ പ്രവർത്തനങ്ങൾ അവരുടെ മികച്ച അവസരങ്ങളെയാണ് കവർന്നെടുക്കുന്നത്. ഒരു സ്ത്രീ അവൾ നേരിട്ട പീഡനത്തെക്കുറിച്ച് പുറം ലോകത്തോട് പറയുമ്പോൾ, അവരുടെ കരിയർ സാധ്യതകളെ തല്ലിക്കെടുത്തുകയും, അവരുടെ ആദർശത്തെയും, മനോഭാവത്തെയും തകർക്കുന്ന കൂടുതൽ പീഡനങ്ങൾ നേരിടുകയും ചെയ്യുന്നതിന്റെ ആവർത്തിച്ചുള്ള ഒരു തെറ്റായ പ്രവണത കൂടിയാണ് ഈ സംഭവം.

പ്രതിസന്ധി നിറഞ്ഞ ഈ ഒരു ഘട്ടത്തിലൂടെ കടന്നു പോകുന്ന ലീനയ്ക്കു പൂർണ്ണ പിന്തുണ നൽകാൻ ചലച്ചിത്രമേഖലയിലെ മറ്റ് അംഗങ്ങളോട് ഡബ്ല്യു.സി.സി അഭ്യർത്ഥിക്കുന്നു. മീടു മൂവ്മെന്റ് നിരവധി സ്ത്രീകളെ ശാക്തീകരിച്ചിട്ടുണ്ട്, എന്നാൽ നമ്മുടെ തന്നെ സുരക്ഷിതതിനു വേണ്ടി എല്ലാം ബുദ്ധിമുട്ടുകളിലൂടെയും കടന്നു പോകേണ്ടിവരുന്നവരെ പിന്തുണയ്ക്കുകയും, നമ്മുടെ ഏവരുടെയും ജോലിസ്ഥലം ഏറ്റവും സുരക്ഷിതമാക്കാൻ സഹായിക്കുകയും ചെയ്യേണ്ടത് വളരെ അത്യന്താപേക്ഷിതമാണെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി.