ചാക്കോച്ചനും അരവിന്ദ് സ്വാമിയും മുംബൈയിൽ; ’ഒറ്റ്’ ചിത്രീകരണം ആരംഭിച്ചു; വിഡിയോ

Ottu filming begins
 

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ഒറ്റിന്റെ ചിത്രീകരണം ആരംഭിച്ചു. മുംബൈയിലാണ് ഷൂട്ടിങ്ങിന് തുടക്കമായത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഓഗസ്റ്റ് സിനിമാസാണ് ചാക്കോച്ചനും അരവിന്ദ് സ്വാമിയും ഷൂട്ടിങ്ങിനെത്തിയ വിവരം അറിയിച്ചത്. 

ടിപി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് റിലീസ് ചെയ്യുന്നത്. ഷൂട്ടിങ്ങിനായി ചാക്കോച്ചനും അരവിന്ദ് സ്വാമിയും ലൊക്കേഷനിൽ എത്തിയതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഓഗസ്റ്റ് സിനിമാസിന്റെ യൂട്യൂബ് ചാനലില്‍ ഇരുവരും സെറ്റിലത്തിയ വീഡിയോ പങ്കുവെക്കുകയായിരുന്നു. കുഞ്ചാക്കോ ബോബനും ഷൂട്ടിങ്ങ് തുടങ്ങിയ വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഒറ്റിനുണ്ട്. 1996 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദേവരാഗത്തിലായിരുന്നു അവസാനമായി വേഷമിട്ടത്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ്. സജീവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

എഎച്ച് കാഷിഫ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം വിജയ് ആണ്. അപ്പു ഭട്ടതിരി എഡിറ്റിങ്. തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രീകരിക്കുന്ന സിനിമ മുംബൈ , ഗോവ, എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷന്‍.