'പുഷ്‍പ' ഇനി ഒടിടിയില്‍; റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ

pushpa

അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ 'പുഷ്‍പ'യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ. നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതുപോലെ ജനുവരി 7ന് പ്രൈം വീഡിയോയില്‍ ചിത്രം എത്തും. തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ പതിപ്പുകളും ഒടിടിയിലൂടെ കാണാനാവും. രാത്രി 8 മണിക്കാണ് റിലീസ്. 

സുകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലൻ കഥാപാത്രമായി എത്തുന്നത്. ഫഹദിൻ്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. രശ്മിക മന്ദാനയാണ് നായിക. രണ്ട് ഭാ​ഗങ്ങളിലായി ഇറങ്ങുന്ന ചിത്രത്തിൻ്റെ ആദ്യഭാ​ഗമായ പുഷ്പ; ദി റൈസ് ഡിസംബര്‍ 17 നാണ് തിയറ്ററിലൂടെ റിലീസ് ചെയ്തത്. ചിത്രം 2021ൽ റിലീസ് ചെയ്ത ഇന്ത്യൻ സിനിമ‌കളിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടിക്കു മുകളില്‍ ചിത്രം ഇതിനകം നേടിയിട്ടുണ്ട്. 


മാത്രവുമല്ല, ടോളിവുഡില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു പുഷ്‍പ. പതിവിനു വിപരീതമായി ചോക്ലേറ്റ് ഹീറോ പരിവേഷം അഴിച്ചുവച്ച് ഒരു രക്തചന്ദനക്കടത്തുകാരന്‍റെ വേഷത്തിലാണ് അല്ലു ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.  പ്രതിനായക കഥാപാത്രമായി മലയാളത്തിന്‍റെ ഫഹദ് ഫാസില്‍ എത്തുന്ന ചിത്രം എന്ന നിലയിലും പുഷ്‍പ ശ്രദ്ധ നേടിയിരുന്നു. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പോലീസ് ഓഫീസറായാണ് ഫഹദ് ചിത്രത്തിൽ  എത്തിയത്. 

ആന്ധ്രാപ്രദേശില്‍ തലയെടുപ്പോടെ നിലകൊള്ളുന്ന നിബിഢവും വന്യവുമായ ശേഷാചലം കാടുകളിലേക്കാണ് പുഷ്പ: ദി റൈസ്ഭാഗം 1 പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇവിടെ അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന പുഷ്പ രാജ് എന്ന ലോറി ഡ്രൈവര്‍ രക്തചന്ദന കള്ളക്കടത്തില്‍ പങ്കാളിയാണ്. വേഗതയേറിയ കട്ടുകളും ആക്ഷന് ഇണങ്ങുന്ന ചടുലമായ മേക്കിംഗും പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ പോന്നതാണ്. തിയറ്ററിൽ വലിയ മുന്നേറ്റം കാഴ്ചവച്ചതിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. 

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ പുതുവര്‍ഷത്തിന് ആവേശകരമായ തുടക്കം നല്‍കുന്നതില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്ന് പ്രൈം വീഡിയോയുടെ ഇന്ത്യന്‍ കണ്ടെന്റ് ലൈസന്‍സിംഗ് മേധാവി മനീഷ് മെന്‍ഗാനി പറഞ്ഞു. ''ഞങ്ങളുടെ പ്രാദേശിക ഭാഷാ ഉള്ളടക്കത്തിൻ്റെ വലിയ ശേഖരത്തിലേക്ക് ആവേശകരമായ ഒരു പുതിയ കൂട്ടിച്ചേര്‍ക്കലാകും ഈ ത്രില്ലര്‍,'എന്നും അദ്ദേഹം പറഞ്ഞു. സുകുമാര്‍ സംവിധാനം നിർവഹിച്ച ചിത്രത്തിന്‍റെ നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സും മുട്ടംസെട്ടി മീഡിയയും സംയുക്തമായിട്ടായിരുന്നു. രണ്ടാംഭാഗം ഈ വര്‍ഷം തിയറ്ററുകളിലെത്തും.