'ഷെയിം ഓണ്‍ യു വനിത'; വനിതാ മാഗസിന്‍ ദിലീപിന്റെ കുടുംബവിശേഷങ്ങള്‍ കവര്‍ ചിത്രമാക്കിയതില്‍ വിമര്‍ശനവുമായി സ്വരഭാസ്കർ

77
നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ക്കിടെ  വനിതാ മാഗസിന്‍ ദിലീപിന്റെ കുടുംബവിശേഷങ്ങള്‍ കവര്‍ ചിത്രമാക്കിയതില്‍ വിമര്‍ശനവുമായി ബോളിവുഡ് താരം സ്വര ഭാസ്‌കര്‍.വനിത മാസികയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നാണ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചത്.

'2017ല്‍ നടിയും സഹപ്രവര്‍ത്തകയുമായ താരത്തെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റാരോപണം നേരിടുന്ന വ്യക്തിയാണ് നടന്‍ ദിലീപ്. നിരവധി മാസങ്ങളാണ് അദ്ദേഹം ഈ കേസില്‍ ജയിലില്‍ കഴിഞ്ഞത്. ഇപ്പോള്‍ ജാമ്യത്തിലാണ്. കേസില്‍ നീതി വേഗത്തില്‍ ലഭിക്കാന്‍ ഇര മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വനിത മാഗസിനെ ഓര്‍ത്ത് ലജ്ജിക്കുന്നു.' എന്നും അവര്‍ ട്വീറ്റില്‍ പറയുന്നു.

വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന വനിത മാസികയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ കവര്‍ ചിത്രമായി ഉപയോഗിക്കുന്നത് വിരോധാഭാസമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വ്യാപക വിമര്‍ശനം. സാമൂഹിക സാംസ്‌കാരി, മാധ്യമ മേഖലയിലെ നിരവധി പേരാണ് ഇതിനോടകം വിമര്‍ശനവുമായി രംഗത്ത് എത്തിയത്.