സുരേഷ് ഗോപി നായകനാവുന്ന ചിത്രം 'കാവൽ'; കേരളത്തിൽ മാത്രം റിലീസിനെത്തുന്നത് 220 തിയേറ്ററുകളിൽ

ey

തിരുവനന്തപുരം: സുരേഷ് ഗോപി നായകനാവുന്ന കാവൽ കേരളത്തിൽ മാത്രം റിലീസിനെത്തുന്നത് 220 തിയേറ്ററുകളിൽ. നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 25 നാണ് തിയേറ്ററുകളിലെത്തുക. ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.ഒരിടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് കാവൽ.ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്.

തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കറിന്റെ മകൻ നിഥിന്റെ രണ്ടാമത്തെ ചിത്രമാണ് കാവൽ. മമ്മൂട്ടി നായകനായ കസബയായിരുന്നു ആദ്യ ചിത്രം. ചിത്രത്തിൽ സുരേഷ്‌ഗോപിക്കൊപ്പം രഞ്ജി പണിക്കരും പ്രധാന വേഷത്തിലുണ്ട്. ചെറുപ്പകാലവും, പ്രായമായതുമായ രണ്ട് ഷെയ്ഡുളള കഥാപാത്രങ്ങളെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവര്‍ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു. ഛായഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവഹിക്കുന്നു.സുരേഷ് ഗോപിയുടെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗം ലേലം2 നിഥിൻ തന്നെയാണ് സംവിധാനം ചെയ്യുന്നത്.