ട്രോളുകളും കമന്റുകളും നിരോധിക്കണം; മുഖ്യമന്ത്രിയോട് ഗായത്രി സുരേഷ്

rr

ട്രോളുകളും കമന്റുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് നടി ഗായത്രി സുരേഷ്.ഇന്‍സ്റ്റാഗ്രാം ലൈവിലൂടെ മുഖ്യമന്ത്രി പിണറായി വിജയനോടാണ് നടിയുടെ അഭ്യര്‍ഥന.ട്രോളുകള്‍ കാരണം താന്‍ അടിച്ചമര്‍ത്തപ്പെട്ടുവെന്നും ഉചിതമായ നടപടിയെടുക്കണമെന്നും ഗായത്രി പറയുന്നു.

എന്തൊക്കെ പറഞ്ഞാലും ട്രോളുകള്‍ അത്ര അടിപൊളിയല്ല. ആള്‍ക്കാരെ കളിയാക്കുക എന്നതാണ് ഉദ്ദേശ്യം. സോഷ്യല്‍ മീഡിയ തുറന്നാല്‍ മുഴുവന്‍ ട്രോളുകളും വൃത്തികെട്ട കമന്‍റുകളുമാണ്. അടിച്ചമര്‍ത്തലാണ് നടക്കുന്നത്. അടിച്ചമര്‍ത്തുന്ന ജനതയെയല്ല നമുക്ക് വേണ്ടത്. ഇതൊക്കെ കണ്ടാണ് പുതിയ തലമുറ വളരുന്നത്. പരസ്പരം പിന്തുണയ്ക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയാണ് നമുക്ക് വേണ്ടതെന്നും ഗായത്രി പറഞ്ഞു.
 

ഗായത്രിയുടെ വാക്കുകള്‍;

"എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോടാണ്. സാറിനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു. സാറിന്റെ ആശയങ്ങളും എനിക്ക് ഇഷ്ടമാണ്. സോഷ്യൽ മീഡിയ ജീവിതത്തെ ഭരിക്കുകയാണ്. മയക്കുമരുന്നിൽ നിന്നും പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമാണ്. അപ്പോൾ ട്രോളുകളിൽ നിന്നും പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ? അല്ല എനിക്ക് അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്. ട്രോൾ വരും. പിന്നെ കമന്‍റ് വരും. കമന്‍റുകള്‍ ആളുകളുടെ മെന്‍റല്‍ ഹെല്‍ത്തിനെ ബാധിക്കുകയാണ്. അതായത് നിങ്ങള്‍ കാരണം ഒരാള്‍ മെന്‍റലാവുകയാണ്. ഇത് എന്റെ മാത്രം പ്രശ്നമല്ല. സാറിന് പറ്റുമെങ്കില്‍ നല്ല നാടിനായി ആദ്യം ഈ ട്രോളുകൾ നിരോധിക്കണം. സാറ് വിചാരിച്ചാൽ നടക്കും. എലിയെ പേടിച്ച് ഇല്ലം ചുടുകയല്ല വേണ്ടത്, എലിയെയാണ് ചുടേണ്ടത്. എല്ലായിടത്തെയും കമന്‍റ് സെക്ഷൻ ഓഫ് ചെയ്ത് വെയ്ക്കണം. എന്തെങ്കിലുമൊന്ന് ചെയ്യണം സാർ. എന്നെ അത്രമാത്രം അടിച്ചമർത്തി. എന്ത് വന്നാലും എനിക്ക് ഒരു പ്രശ്നവുമില്ല. ഞാൻ പറയാനുള്ളത് പറയും. നമ്മള്‍ മിണ്ടാതിരുന്നിട്ട് കാര്യമില്ല. ഇവരെ ഇങ്ങനെ വിടരുത്. കേരളം നശിപ്പിക്കാനുള്ള കരുത്തുണ്ട് ഇവർക്ക്"- ഗായത്രി പറഞ്ഞു.