ഒരു നായകന് രണ്ടു നായിക, ത്രികോണ പ്രണയവുമായി പൊട്ടിചിരിപ്പിച്ച് കാതുവാക്കിലെ രണ്ടു കാതല്‍;റിവ്യൂ

krk
 വിഘ്‌നേശ് ശിവന്‍ എഴുതി സംവിധാനം ചെയ്ത വിജയ് സേതുപതി ചിത്രം കാതുവാക്കിലെ രണ്ടു കാതല്‍ പ്രണയത്തിന്റെ വേറിട്ടകഥയാണ്  പറയുന്നത്. ഒരു മുഴുനീള കോമഡി എന്റർടെയ്നർ പ്രതീക്ഷിച്ചാൽ നൂറ് ശതമാനം സംതൃപ്തിയും ലഭിക്കുന്ന ചിത്രം.സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. രണ്ടുപേരും  മത്സരിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 

ഒരു നായകന് രണ്ടു നായിക, അവരുടെ പ്രണയം. ത്രികോണ പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും  ഹാസ്യരൂപേണ അവതരിപ്പിച്ചിരിക്കുന്നു.  കഥയുടെ വഴിക്കൊപ്പം മാത്രം സഞ്ചരിച്ചാല്‍ ആസ്വദിക്കാന്‍ നന്നയി കഴിയുന്ന ഈ ചിത്രം പ്രണയവും സംഗീതവും പൊട്ടിച്ചിരിയുമൊക്കെയായി പ്രേക്ഷകന് നല്ലൊരു സിനിമ അനുഭവം നൽകുന്നു .വിജയ് സേതുപതി അവതരിപ്പിക്കുന്നത്  റാംബോ എന്ന കഥാപാത്രത്തെയാണ്. ചിത്രത്തിൽ മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത്  മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. അനിരുദ്ധിന്റെ സം​ഗീതം  മികച്ചതായി നിൽക്കുന്നു. നാൻ പിഴൈ എന്ന ​ഗാനം ഇതിനോടകം വൈറലായിരുന്നു.

vjysethupathy

വിവാഹിതരായാല്‍ മരണം ഉറപ്പെന്നു വിശ്വസിക്കുന്ന കുടുംബത്തിലാണ് റാംബോയുടെ ജനനം. റാംബോയുടെ ജനനത്തോടെ പിതാവും മരിച്ചു. ഈ പ്രതിസന്ധികള്‍ക്കിടയില്‍ വളരുന്ന റാംബോ നാടുവിടുന്നു. യൗവ്വനത്തില്‍ എത്തിയതോടെ കണ്ടുമുട്ടുന്ന നയന്‍താര അവതരിപ്പിക്കുന്ന കണ്‍മണിയുമായും സാമന്ത അവതരിപ്പിക്കുന്ന ഖദീജയുമായും ഒരേ സമയം പ്രണയത്തിലാകുന്നു.  ഒരിക്കല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ കണ്‍മണിയും ഖദീജയും കണ്ടുമുട്ടുന്നു. ഇരുവരുടെയും കാമുകന്‍ റാംബോയാണെന്ന് അറിഞ്ഞതോടെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ്  കാതുവാക്കിലെ രണ്ടു കാതല്‍ പറയുന്നത് .രണ്ടു കാമുകിമാര്‍ക്കും ഇടയിലെ സംഘര്‍ഷങ്ങളും ഇതിനിടയില്‍ പെട്ടുപോകുന്ന റാംബോയും നന്നായി പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. രണ്ടുപേരേയും തുല്യരായി കാണുന്ന റാംബോയുടെ പ്രതിസന്ധിയും പ്രണയവും വിജയ് സേതുപതി രസകരമായി അവതരിപ്പിച്ചു. 

വിജയ് സേതുപതി, നയന്‍താര, സാമന്ത കൂട്ടുകെട്ടിന്റെ മത്സരിച്ചുള്ള പ്രകടമാണ് സിനിമയുടെ മുഖ്യാകര്‍ഷണം. അതിലേക്ക് ഇഴുകി ചേരുന്ന പ്രണയവും സന്ദര്‍ഭങ്ങള്‍ തന്നെ ഒരുക്കിതരുന്ന തമാശയും ചേര്‍ന്നതോടെ സിനിമ പ്രേക്ഷകര്‍ക്കൊപ്പം സഞ്ചരിച്ചു.