മ്യൂസിക്കൽ റൊമാൻറിക് ഡ്രാമ ചിത്രം 'അത്‍രംഗീ രേ' ; ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ss
 

അക്ഷയ്‍ കുമാർ (Akshay Kumar), ധനുഷ് (Dhanush) എന്നിവർ ഒന്നിക്കുന്ന ഹിന്ദി ചിത്രമാണ് 'അത്‍രംഗീ രേ' (Atrangi Re). മ്യൂസിക്കൽ റൊമാൻറിക് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ സാറാ അലി ഖാനാണ് (Sara Ali Khan) നായിക. ധനുഷ് നായകനാകുന്ന ഹിന്ദി ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതലേ ചർച്ചകളിൽ നിറഞ്ഞിരുന്നു. ഇപോഴിതാ 'അത്‍രംഗീ രേ'യെന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്.

ആനന്ദ് എൽ റായ്‍യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിമാൻഷു ശർമ്മയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 'അത്‍രംഗീ രേ'യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് പങ്കജ് കുമാർ ആണ്. എഡിറ്റിംഗ് ഹേമൽ കോത്താരി.

ടി സിരീസ്, കളർ യെല്ലോ പ്രൊഡക്ഷൻസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, അരുണ ഭാട്ടിയ, ഹിമാൻഷു ശർമ്മ, ആനന്ദ് എൽ റായ് എന്നിവരാണ് 'അത്‍രംഗീ രേ' നിർമിക്കുന്നത്.  മുഹമ്മദ് സീഷാൻ അയ്യുബ്, ഡിംപിൾ ഹയാതി തുടങ്ങിയവരും 'അത്‍രംഗീ രേ'യിൽ അഭിനയിക്കുന്നു. എ ആർ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.  കൊവിഡ് കാരണമായിരുന്നു ചിത്രം ഷൂട്ടിംഗ് നീണ്ടുപോയത്.

ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് 'അത്‍രംഗീ രേ' എത്തുക. വാരാണസി, മധുര, ദില്ലി എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ. 'അത്‍രംഗീ രേ'  എന്ന ചിത്രം ക്രിസ്‍മസ് റിലീസായിട്ടാണ് പ്രദർശനത്തിന് എത്തുന്നത്.