'കഴിഞ്ഞ അഞ്ച് വർഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവർക്കേ ആ ബുദ്ധിമുട്ട് അറിയൂ': ശിൽപ ബാല

shilpa bala

നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നിരവധി സിനിമാ പ്രവർത്തകർ രം​ഗത്തെത്തിയിരുന്നു. ഈ അവസരത്തിൽ നടിക്ക് പിന്തുണ അറിയിച്ചവർക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് നടിയുടെ അടുത്ത സുഹൃത്തും അഭിനേത്രിയുമായ ശിൽപ ബാല. ഇത്രയും തുറന്നുപറയാൻ അവൾ നേടിയെടുത്ത ധൈര്യം എത്രമാത്രം ബുദ്ധിമുട്ടിയായിരുന്നുവെന്നത് കഴിഞ്ഞ അഞ്ച് വർഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവർക്കേ അറിയാൻ കഴിയൂ എന്ന് ശിൽപ പറയുന്നു. ഈ പിന്തുണ ഇവിടെയുള്ള ഓരോ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അത്യാവശ്യമാണെന്നും കടപ്പെട്ടിരിക്കുന്നുവെന്നും ശിൽപ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ശിൽപയുടെ കുറിപ്പ്:

"ഈ കുറിപ്പും ഇത്രയെങ്കിലും പറയാനുള്ള ബുദ്ധിമുട്ടും കഴിഞ്ഞ അഞ്ച് വർഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവർക്കേ അറിയൂ. ‌ധീരന്മാരായ പോരാളികളെക്കുറിച്ച് വായിച്ചറിഞ്ഞാണ് ഞാൻ വളർന്നു വന്നത്. പക്ഷേ, വിധി യഥാർഥത്തിൽ ഒരാളെ എൻ്റെ മുന്നിലെത്തിച്ചു, അതിനേക്കാൾ വലിയ പ്രചോദനം എനിക്ക് എല്ലാ ദിവസവും ലഭിക്കാനില്ല. അവളോടൊപ്പം നിൽക്കുന്ന എല്ലാ നല്ല മനസുകൾക്കും നന്ദി. അതവൾക്ക് നൽകുന്നതെന്താണെന്നുള്ളത് വാക്കുകൾക്ക് അതീതമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ വളരെയധികം നിങ്ങൾ ചെയ്യുന്നുണ്ട്. ഞങ്ങൾക്കത് ആവശ്യമാണ്. ഇവിടെയുള്ള എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അത് ആവശ്യമാണ്. കടപ്പെട്ടിരിക്കുന്നു"– ശിൽപ ബാല കുറിച്ചു.

തനിക്ക് സംഭവിച്ച അതിക്രമത്തിന് ശേഷം തൻ്റെ പേരും വ്യക്തിത്വവും അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നും നടി വ്യക്തമാക്കിയിരുന്നു. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും നടി വെളിപ്പെടുത്തി. തനിക്ക് വേണ്ടി സംസാരിക്കാന്‍ മുന്നോട്ട് വന്നുവെന്നും കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിച്ച് നടി പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

നടിയുടെ ഈ കുറിപ്പ് പങ്കുവച്ചാണ് സഹതാരങ്ങളും മറ്റ് സിനിമാ പ്രവർത്തകരും തങ്ങളുടെ ഐക്യദാർഡ്യം പ്രഖ്യാപിച്ചത്. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, മഞ്ജു വാര്യർ, പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, കാളിദാസ് ജയറാം, പാർവതി, സുപ്രിയ മേനോൻ, സംയുക്ത മേനോൻ, പൂർണിമ ഇന്ദ്രജിത്ത്, റിമ കല്ലിങ്കൽ, ആഷിഖ് അബു, ആര്യ, ഇന്ദ്രജിത്ത്, മിയ, അന്നാ ബെൻ, ബാബുരാജ്, നീരജ് മാധവ്, നിമിഷ സജയൻ, അഞ്ജലി മേനോൻ, രഞ്ജു രഞ്ജിമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് നടിക്ക് പിന്തുണ അറിയിച്ച് രം​ഗത്തെത്തിയത്.