നൂറു വയസുകാരനായി വിജയരാഘവൻ; 'പൂക്കാലം' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

വിജയരാഘവൻ നൂറുവയസുകാരനായി അഭിനയിച്ച് ശ്രദ്ധനേടിയ ചിത്രമായ 'പൂക്കാലം' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി ഹോട്ട്സ്റ്റാറിൽ മേയ് 19ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും.
ആനന്ദം എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജിന്റെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ചിത്രം നൂറുവയസുള്ള ദമ്പതിമാരുടെ കഥയാണ് പറഞ്ഞത്. ഏപ്രിൽ 8നായിരുന്നു ചിത്രത്തിന്റെ തിയേറ്റർ റീലീസ്.
നൂറു വയസുകാരൻ ഇട്ടൂപ്പ് ആയാണ് വിജയരാഘവൻ ചിത്രത്തിൽ എത്തിയത്. പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണിത്. വിജയരാഘവന്റെ മേക്കോവറും പ്രകടനവും കൈയടി നേടിയിരുന്നു, കൊച്ചുത്രേസ്യാമ്മയായി എത്തിയ കെ.പി.എ.സി ലീലയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു.
ഇട്ടൂപ്പ് കുടുംബനാഥനായ കൂട്ടുകുടുംബത്തിലെ ഏറ്റവും ഇളയ മകളുടെ മകള്‍ എല്‍സിയുടെ മനസമ്മതത്തിലൂടെയാണ് കഥ നടക്കുന്നത്. അന്നു നടക്കുന്ന ഒരു സംഭവവും അതിലൂടെ ചുറ്റിപ്പറ്റി അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ സിനിമ. ഈ സംഭവം ഈ കുടുംബത്തില്‍ പല മാറ്റങ്ങള്‍ക്ക് ഇടയാക്കുകയും പല തിരിച്ചറിവുകള്‍ക്കും കാരണമാകുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. അന്നു ആന്‍റണിയാണ് എത്സി എന്ന കഥാപാത്രമായെത്തിയിരിക്കുന്നത്.
ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം സച്ചീൻ വാര്യർ. ബേസിൽ ജോ,സഫ്, വിനീത് ശ്രീനിവാസൻ, ജോണി ആന്റണി, അരുൺ കുര്യൻ, അനു ആന്റണി, റോഷൻ മാത്യുസ ശരത് സഭ, അരുൺ അജിത്കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.