പൃഥ്വിരാജിന്‍റെ കോൾഡ് കേസും ഫഹദിന്റെ മാലിക്കും ഒടിടി റിലീസിന്; ആമസോൺ പ്രൈം വഴി പ്രേക്ഷകരിലേക്ക് എത്തുമെന്ന് സൂചന

malik


കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ചിത്രം കോൾഡ് കേസും ഫഹദ് ഫാസിന്‍റെ മാലികും ഒടിടി റിലീസിന് ഒരുങ്ങുന്നു. കോവിഡ് വ്യാപനം മൂലം തീയറ്ററുകൾ‌ ഉടനെയൊന്നും തുറക്കാൻ സാധ്യത ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. ആന്റോ ജോസഫാണ് ഇരു ചിത്രങ്ങളുടെയും നിർമാതാവ്.  

വൻമുതൽ മുടക്കുള്ള ഇവ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുകയാണെന്ന് ഇരു സിനിമകളുടെയും നിർമാതാവായ ആന്റോ ജോസഫ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിക്ക് അയച്ച കത്തിൽ പറഞ്ഞു.

ഇരു സിനിമകളും തീയറ്ററിൽ റിലീസ് ചെയ്യുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിലവിലെ സാഹചര്യങ്ങളിൽ മാറ്റം വന്നതോടെയാണ് ഇത്തരമൊരു ആലോചനയിലേക്ക് നിർമാതാവ് എത്തിയതെന്നാണ് വിവരം. 

2021 മെയ് 13ന് റിലീസിന് തയ്യാറെടുത്തതാണ് മാലിക്. മഹേഷ് നാരായണൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം  27 കോടിയോളം മുതൽമുടക്കുള്ളതാണ്. നിമിഷ സജയനാണ് നായിക. ' കോൾഡ് കേസി' ൽ എസിപി സത്യജിത് എന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ്. തനു ബാലക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദിതി ബാലനാണ് നായിക. 

ചിത്രങ്ങൾ 100 ശതമാനം സീറ്റിങ് കപ്പാസിറ്റിയിൽ പ്രദർശിപ്പിച്ചാൽ മാത്രമെ മുതൽ മുടക്ക് ലഭിക്കുകയുള്ളെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ചിത്രങ്ങൾ ഒടിടി റിലീസിന് ശ്രമിക്കുന്നതെന്നും ആന്റോ ജോസഫ് പറഞ്ഞു. 

രണ്ടു സിനിമകളും ആമസോൺ പ്രൈം വഴിയാകും പ്രേക്ഷകരിലേക്ക് എത്തുകയെന്നാണ് സൂചന.