' മലയാള സിനിമയിലെ സകലകലാ വല്ലഭൻ'; നെടുമുടി വേണുവിന്റെ വേർപാടിൽ ശ്രീനിവാസൻ

nd

 മലയാള സിനിമയിലെ സകലകലാവല്ലഭനാണ് നെടുമുടി വേണുവെന്ന് നടന്‍ ശ്രീനിവാസന്‍. സിനിമയില്‍ ബുദ്ധിയുള്ള പല കഥാപാത്രങ്ങളും അഭിനയിക്കുന്നവര്‍ നല്ല ബുദ്ധിയുള്ളവരും ബുദ്ധിജീവികളുമാണെന്നാണു നാം വിശ്വസിക്കുക, എന്നാല്‍ നല്ല ബുദ്ധിയുള്ളവര്‍ അപൂര്‍വം ചിലരേയുള്ളു. നെടുമുടി വേണു അവരില്‍ ഒരാളായിരുന്നു എന്നും  ശ്രീനിവാസന്‍ ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം,

'സിനിമയിൽ ബുദ്ധിയുള്ള പല കഥാപാത്രങ്ങളും അഭിനയിക്കുന്നവർ നല്ല ബുദ്ധിയുള്ളവരും ബുദ്ധിജീവികളുമാണെന്നാണു നാം വിശ്വസിക്കുക. എന്നാൽ നല്ല ബുദ്ധിയുള്ളവർ അപൂർവം ചിലരേയുള്ളു. നെടുമുടി വേണു അവരിൽ ഒരാളായിരുന്നു. 
കോലങ്ങൾ എന്ന സിനിമയിൽ അഭിനയിക്കാൻ കുണ്ടറയിൽ എത്തിയപ്പോഴാണ് ആദ്യം കാണുന്നത്. കുട്ടനാടൻ ഗ്രാമീണതയുടെ ഭംഗിയുള്ള മനസുള്ള ആ മനുഷ്യൻ എല്ലാവരോടെന്നപോലെ എന്നോടും പെട്ടെന്ന് അടുത്തു.

 

81 മുതൽ ഇന്ത്യയിലും വിദേശത്തും അദ്ദേഹത്തിനൊടൊപ്പം ഞാൻ എത്രയോ സ്റ്റേജ് ഷോകൾ ചെയ്തു. നന്നായി അഭിനയിക്കുന്നതുപോലെ നെടുമുടി വേണുവിലെ ഗായകനേയും അവിടെ കണ്ടു. കാഴ്ചക്കാരെ പാട്ടിലൂടെ അദ്ദേഹം അദ്ഭുതപ്പെടുത്തുന്നതു ഞാൻ കണ്ടിട്ടുണ്ട്. മലയാള സിനിമയിലെ സകലകലാ വല്ലഭന്മാർ എന്നു പറയാവുന്നവർ കുറവാണ്. നെടുമുടി വേണുവെന്ന നടൻ അങ്ങനെയായിരുന്നു. അതുകൊണ്ടാണു ആ വേർപാടു നഷ്ടമാകുന്നതും.