ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു; രണ്‍ബീര്‍ കപൂര്‍ നായകനായേക്കും

ranbeer

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ബി.സി.സി.ഐ. പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. നേരത്തെ തന്നെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല.

എന്നാലിപ്പോള്‍ ഗാംഗുലി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. ന്യൂസ് 18 ബംഗ്ലായ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗാംഗുലിയുടെ വെളിപ്പെടുത്തല്‍.

‘ബയോപികിന് ഞാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഹിന്ദിയിലായിരിക്കും സിനിമ പുറത്തിറങ്ങുക. ആര് സംവിധാനം ചെയ്യുമെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല,’ ഗാംഗുലി പറഞ്ഞു.

വലിയ ഒരു പ്രൊഡക്ഷന്‍ ഹൗസിന്റെ കീഴില്‍ 200 മുതല്‍ 250 കോടി വരെ ചെലവിലാണ് ചിത്രം തയ്യാറാവുക എന്നും സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ധാരാളം പുരഗോമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ തയ്യാറായി കഴിഞ്ഞെന്നും നിര്‍മ്മാണ കമ്പനി ഗാംഗുലിയുമായി ഇതിനോടകം തന്നെ പല തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നുമാണ് വിവരം.

ഗാംഗുലിയുടെ ജീവിതവുമായി ബന്ധപ്പെട്ട സിനിമ വരുമെന്ന് എതാണ്ട് ഉറപ്പായി കഴിഞ്ഞതോടെ ഗാംഗുലിയുടെ കഥാപാത്രത്തെ ആരായിരിക്കും അവതരിപ്പിക്കുക എന്ന ആകാംശയും ഉയര്‍ന്നു കഴിഞ്ഞു. നായകന്‍ ആരായിരിക്കും എന്ന കാര്യം ഏതാണ്ട് തീരുമാനത്തിലെത്തി എന്നാണ് റിപ്പോര്‍ട്ട്. രണ്‍ബീര്‍ കപൂറിന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്. ഗാംഗുലി തന്നെ രണ്‍ബീറിന്റെ പേര് നിര്‍ദേശിച്ചതായാണ് വിവരം. എന്നാല്‍ മറ്റ് രണ്ട് താരങ്ങള്‍ കൂടി പരിഗണനയില്‍ ഉണ്ടെന്നാണ് അറിയുന്നത്. ബിസിസിഐ പ്രസിഡന്റ് ആകുന്നത് വരെയുള്ള ഗാംഗുലിയുടെ ജീവിതമായിരിക്കും സിനിമയുടെ പ്രമേയം.
 
നേരത്തെ എം.എസ്. ധോണിയുടെ ജീവിതം പറഞ്ഞ സിനിമ വലിയ വിജയമായിരുന്നു. സച്ചിനെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി സിനിമയും പുറത്തിറങ്ങിയിരുന്നു. ഇന്ത്യയുടെ 1983 ലെ ലോകകപ്പ് വിജയത്തെ കുറിച്ചുള്ള സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് കപില്‍ ദേവായി വേഷമിടുന്നത്.

വനിതാ ക്രിക്കറ്റ് താരങ്ങളായ മിതാലി രാജ്, ജുലന്‍ ഗോസ്വാമി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങളും തയ്യാറാകുന്നുണ്ട്.