തെരുവോരത്തെ ആയിരങ്ങൾക്ക് ഭക്ഷണം നല്‍കി സണ്ണി ലിയോൺ

sunny leone

രാജ്യത്ത് കൊവിഡ് പ്രതിസന്ധി തുടരവെ ആവശ്യക്കാര്‍ക്ക് ഭക്ഷണ പൊതികള്‍ എത്തിച്ച് നല്‍കി ബോളിവുഡ് താരം സണ്ണി ലിയോൺ. മുംബൈ നഗരത്തിലെ തെരുവുകളില്‍ താമസിക്കുന്നവര്‍ക്കാണ് ഭക്ഷണം നല്‍കിയത്. സണ്ണിയോടൊപ്പം ഭർത്താവ് ഡാനിയല്‍ വെബ്ബറും ഉണ്ടായിരുന്നു. 

വീടില്ലാത്തവരെയും കുട്ടികളെയും കേന്ദ്രീകരിച്ചായിരുന്നു ഭക്ഷണ വിതരണം. ‘ഞാന്‍ ചെയ്യുന്നത് വലിയ കാര്യമായൊന്നും തോന്നുന്നില്ല. കരുണയും പിന്തുണയും പരസ്പരം നല്‍കിയാല്‍ ഈ ഘട്ടത്തെ നമുക്ക് തരണം ചെയ്യാനാവും' സണ്ണി ലിയോൺ പറയുന്നു.

ദാല്‍, കിച്ചിടി, ചോറ് എന്നതിനൊപ്പം ഏതെങ്കിലും ഒരു പഴവര്‍ഗവും താരം ഭക്ഷണ പൊതികളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ 10,000 ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനായി സണ്ണി ഒരു എന്‍ജിഓയുമായി ചേർന്ന് പ്രവര്‍ത്തിച്ചിരുന്നു.

നിലവില്‍ ഷീറോ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് സണ്ണി ലിയോൺ. ചിത്രത്തിന്റെ രചനയും സംവിധാനവും ശ്രീജിത്ത് വിജയനാണ് നിര്‍വഹിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.