സുശാന്ത് സിങിന്റെ മരണം; റിയാ ചക്രബര്‍ത്തിക്കെതിരെ കേസ്

സുശാന്ത് സിങിന്റെ  മരണം; റിയാ ചക്രബര്‍ത്തിക്കെതിരെ കേസ്

പട്‌ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടിയും സുശാന്തിന്റെ മുന്‍ കാമുകിയുമായ റിയാ ചക്രബര്‍ത്തിക്കെതിരെ കേസ്. സുശാന്തിന്റെ പിതാവ് കെ കെ സിംഗ് റിയാ ചക്രബര്‍ത്തിക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സുശാന്തില്‍ നിന്നും റിയ പണം കൈക്കലാക്കിയിരുന്നുവെന്നും സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരി റിയയാണെന്നും പരാതിയില്‍ ആരോപിക്കുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് റിയയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ റിയാ ചക്രബര്‍ത്തിയെ മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു. സുശാന്തുമായി വിവാഹം തീരുമാനിച്ചിരുന്നുവെന്നും ലോക്ക് ഡൗണ്‍ കാലത്ത് സുശാന്തിന്റെ ഫ്ളാറ്റിലാണു താമസിച്ചിരുന്നതെന്നും റിയ മുംബൈ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. പിന്നീട് സുശാന്തുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് അവിടെ നിന്നും തിരിച്ചുപോന്നതെന്നും റിയ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഫ്‌ളാറ്റില്‍ നിന്നും തിരിച്ചു പോയെങ്കിലും ഫോണിലൂടെ പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്ന് റിയ പൊലീസിനോട് പറഞ്ഞു.

മുംബൈ ബാന്ദ്രയിലെ വസതിയിൽ ജൂൺ 14നാണ് നടനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നടന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് സഞ്ജയ് ലീല ബൻസാലി, ആദിത്യ ചോപ്ര എന്നിവരടക്കം ബോളിവുഡിലെ നാൽപ്പതോളം സിനിമാപ്രവർത്തകരെ ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തിൽ റിയയുടെ മൊഴിയുമെടുത്തിരുന്നു.

സുശാന്തിന്റെ മരണ ശേഷം തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്ന് റിയയും വെളിപ്പെടുത്തിയിരുന്നു. നടന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്നും റിയ ആവശ്യപ്പെട്ടിരുന്നു.

സുശാന്ത് സിങ് രാജ്പുത് വിഷാദരോഗത്തിനടിമയായിരുന്നുവെന്നും ചർച്ചകളുണ്ടായിരുന്നു. നടന്റെ മരണശേഷം ബോളിവുഡിലെ സ്വജനപക്ഷപാതവും വിവാദം സൃഷ്ടിച്ചിരുന്നു.