മിസ്സിസ് ഹിറ്റ്ലർ നവദമ്പതികൾക്ക് സംഗീത വിരുന്നൊരുക്കി സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് കുടുംബം

zeetv
കൊച്ചി: മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ ജനപ്രിയ ചാനൽ സീ കേരളത്തിലെ ഹിറ്റ് സീരിയൽ മിസ്സിസ് ഹിറ്റ്ലർ ജോഡി ഡി കെ യും ജ്യോതിയും ഈ ആഴ്ചയിൽ സരിഗമപ കേരളം ലിറ്റിൽ ചാംപ്സിന്റെ സംഗീതാർദ്ര വേദിയിലെത്തുന്നു. നിർണായക വഴിത്തിരിവുകൾക്കൊടുവിൽ പ്രേക്ഷക ഹിതം പോലെ തന്നെ ഒന്നായ ഡി കെ- ജ്യോതി ജോഡിയുടെ വിവാഹ എപ്പിസോഡുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇവരുടെ വിവാഹശേഷമുള്ള ആദ്യ വിരുന്നൊരുക്കിയാണ് സരിഗമപ കുടുംബം അവരെ വരവേൽക്കുന്നത്.
സംഗീതവിരുന്നിനു പത്തര മാറ്റേകാൻ സരിഗമപ കേരളം ലിറ്റിൽ ചാംപ്സിലെ കുട്ടി പ്രതിഭകളുടെ മാസ്മരിക പ്രകടനങ്ങളോടൊപ്പം മേഘ്ന വിൻസെന്റ് ഒരു മെലഡി ഗാനം ആലപിക്കുന്നതും ഈയിടെ പുറത്തിറങ്ങിയ ടീസറിൽ കാണാം. മേഘ്നയോടൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട മറ്റു മിസ്സിസ് ഹിറ്റ്ലർ താരങ്ങളായ ഷാനവാസ് ഷാനു, അക്ഷയ, ലക്ഷ്മി എന്നിവരെയും വീഡിയോയിൽ കാണാം. മിസ്സിസ് ഹിറ്റ്ലർ പരമ്പരയിലെ കഥാപാത്രങ്ങളായി വേഷപ്പകർച്ച ചെയ്ത് കുട്ടി താരങ്ങൾ പാട്ടിന്റെ ഈ മഹാവേദി ഉത്സവലഹരിയിലാക്കുന്നു. കൂടാതെ സരിഗമപ കേരളം ലിറ്റിൽ ചാംപ്സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രേക്ഷകരുടെ ഇഷ്ടതാരം ആര്യന്റെ കുട്ടി ഡി കെയായുള്ള രംഗപ്രവേശവും വേദിയിൽ ചിരിയുണർത്തുന്നു .
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സംഗീത പ്രേമികളുടെ ഹൃദയം കവർന്ന സരിഗമപ കേരളം ലിറ്റിൽ ചാംപ്സിൽ ജീവയാണ് അവതാരകൻ . പിന്നണി ഗായിക സുജാത മോഹൻ, സംഗീത സംവിധായകരായ ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് വിധികർത്താക്കൾ.
മലയാളം ടെലിവിഷൻ പ്രേക്ഷകർ ആഘോഷമാക്കിയ മിസ്സിസ് ഹിറ്റ്ലർ വിവാഹ എപ്പിസോഡുകളിൽ സിനിമ താരം അനുശ്രീ മുഖ്യാതിഥിയായിരുന്നു. വ്യത്യസ്തതയാലും വഴിത്തിരിവുകളാലും സമൃദ്ധമായ എപ്പിസോഡുകളിൽ അതിഥിയായി എത്തുന്നതിനു പുറമെ സീരിയലിലെ ആകാംക്ഷ നിറഞ്ഞ ഒരു രംഗത്തിൽ പങ്കു ചേരുകയും ചെയ്തിരുന്നു താരം.
സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് കുടുംബവും മിസ്സിസ് ഹിറ്റ്ലർ താരങ്ങളും ഒരുമിച്ചെത്തുന്ന സ്പെഷ്യൽ എപ്പിസോഡ് ഈ വെള്ളിയും ശനിയും രാത്രി 9 മണിക്ക് സീ കേരളത്തിൽ.
പ്രോമോ കാണാം : https://fb.watch/7U42zMDxEj/