ഇന്ത്യയുടെ 52-ാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (IFFI 2021) ഗോവയിൽ ഇന്ന് തുടക്കം

s
 

ഇന്ത്യയുടെ 52-ാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (IFFI 2021) ഗോവയിൽ ഇന്ന് തുടക്കം. ഗോവയിൽ നേരിട്ടെത്താത്തവർക്ക് പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോമുകളിലൂടെ വീടുകളിലിരുന്നും സിനിമകൾ കാണാനും സംവാദങ്ങളുടെ ഭാഗമാകാനും സൗകര്യം ഒരുക്കിയിട്ടുള്ള ഹൈബ്രിഡ് മേളയാണ് ഇത്തവണ. ലോക് ഡൗൺ കാലത്ത് സിനിമാ ആസ്വാദനത്തിൽ ഒടിടി പ്ലാറ്റ്‍ഫോമുകൾ സൃഷ്‍ടിച്ച മാറ്റമാണ് പുതിയ പരീക്ഷണത്തിന് കാരണമെന്നാണ് കേന്ദ്രസർക്കാർ ഇതേക്കുറിച്ച് പറയുന്നത്. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകൾ തുറന്ന സിനിമാവ്യവസായത്തിനും ഊർജ്ജം പകരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചലച്ചിത്രോത്സവത്തിൻറെ ഉദ്‍ഘാടന ചടങ്ങിൽ സൽമാൻ ഖാൻ, രൺവീർ സിംഗ്, ശ്രദ്ധ കപൂർ, റിതേഷ് ദേശ്‍മുഖ്, ജെനിലിയ ഡിസൂസ, മനോജ് ബാജ്‍പേയി, സാമന്ത റൂത്ത് പ്രഭു തുടങ്ങിയ താരങ്ങളുടെ സാന്നിധ്യമുണ്ടാവും.

96 രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറോളം ചിത്രങ്ങളാണ് ഇത്തവണത്തെ മേളയിൽ പ്രദർശിപ്പിക്കുക. സ്പാനിഷ് സംവിധായകൻ കാർലോസ് സോറയുടെ 'കിംഗ് ഓഫ് ഓൾ ദ വേൾഡ്' ആണ് ഉദ്‍ഘാടന ചിത്രം. മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരത്തിനായി മത്സരിക്കുന്നത് 15 ചിത്രങ്ങളാണ്. മറാഠി ചിത്രങ്ങളായ ഗോദാവരി, മി ബസന്ത് റാവു, അസമിലെ ഗോത്രഭാഷയായ ദിമാസ ഭാഷയിലുള്ള സെംഖോർ എന്നിവയാണ് അന്തർദേശീയ മത്സരവിഭാഗത്തിലെ ഇന്ത്യൻ സാന്നിധ്യം. നേരത്തേ പ്രഖ്യാപിച്ച ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്ന് രണ്ട് ചിത്രങ്ങളാണ് ഇടംപിടിച്ചത്. ജയരാജിൻറെ 'നിറയെ തത്തകളുള്ള മര'വും രഞ്ജിത്ത് ശങ്കറിൻറെ ജയസൂര്യ ചിത്രം 'സണ്ണി'യും. മലയാളിയായ യദു വിജയകൃഷ്ണകുമാർ ഒരുക്കിയ സംസ്കൃതചിത്രം ഭഗവദജ്ജുകവും ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായ കൂഴാങ്കലും ഈ വിഭാഗത്തിലുണ്ട്. ജെയിംസ് ബോണ്ടിനെ അനശ്വരനാക്കിയ ഷോൺ കോണറിയുടെയും രജനീകാന്തിൻറെയും റെട്രോസ്പെക്റ്റീവുകളും മേളയുടെ ആകർഷണങ്ങളാണ്. 

സത്യജിത് റായ്‍യുടെ 100 വർഷങ്ങൾക്കുള്ള ആദരമായി സമഗ്ര സംഭാവനക്കുള്ള പുരസ്‍കാരം ഇക്കുറി നൽകുന്നത് വിഖ്യാത ഹോളിവു‍ഡ് സംവിധായകൻ മാർട്ടിൻ സ്കോർസെസെയ്ക്കും ഹംഗേറിയൻ ചലച്ചിത്രകാരൻ ഇസ്തവാൻ സാബോയ്ക്കുമാണ്. ഇന്ത്യൻ പേഴ്സണാലിറ്റി ഓഫ് ദ് ഇയർ പുരസ്കാരം ഇക്കുറി ഹേമമാലിനിക്കും പ്രസൂൺ ജോഷിക്കുമാണ്. രാജ്യവ്യാപകമായി നടത്തിയ മത്സരത്തിലൂടെ കണ്ടെത്തിയ 75 യുവപ്രതിഭകൾക്ക് സിനിമാമേഖലയിലെ പ്രമുഖരുമായി ആശയസംവാദത്തിനും പരിശീലന സെഷനുകളിൽ പങ്കെടുക്കാനുമുള്ള അവസരവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, സീ 5, വൂട്ട്, സോണി ലിവ് എന്നി പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോമുകളുടെ സഹകരണത്തോടെയാണ് മേള ഓൺലൈനിലേക്ക് എത്തുന്നത്. സിനിമകളുടെ പ്രദർശനം മാത്രമല്ല, സംവാദങ്ങൾ, സെമിനാറുകൾ, സോഷ്യൽമീഡിയ പ്രചാരണം, പരസ്യം തുടങ്ങി പല രീതിയിൽ ഒടിടി വേദികളെ സഹകരിപ്പിച്ചാണ് ഇത്തവണത്തെ മേള. ആമസോൺ പ്രൈം റിലീസായ ബോളിവുഡ് ചിത്രം ചോരിയുടെ ആദ്യപ്രദർശനവും മേളയുടെ ഭാഗമായി ഉണ്ടാകും.