മനം നിറച്ച് 'മേജറി'ലെ ആദ്യ ഗാനം ‘പൊൻ മലരേ’

major sandeep unnikrishnan biopic movie song

2008ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ്റെ ജീവിത കഥ പറയുന്ന മേജറിലെ ആദ്യ ഗാനം പുറത്തിറങ്ങി. അതി മനോഹരമായ  ‘പൊൻ മലരേ’ എന്ന മെലഡി ഗാനത്തിൽ മേജറിൻ്റെ ജീവിതത്തിലെ പ്രണയകാലമാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സാം മാത്യു എ ഡി വരികൾ കുറിച്ച പാട്ടിന് ശ്രീചരണ്‍ പക്കാല ഈണം പകർന്നിരിക്കുന്നു.

ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകനായ അയ്‌റാൻ ആണ്. ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവതാരമായ അദിവി ശേഷ് സന്ദീപ് ഉണ്ണികൃഷ്ണൻ ആയി വേഷമിടുന്നു. ശോഭിത ധൂലിപാല, സായി മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണു മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 

120 ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയിൽ എട്ട് സെറ്റുകളും 75 ലധികം ലൊക്കേഷനുകളും ഉപയോഗിച്ചിട്ടുണ്ട്. ഹിന്ദിയിക്കും തെലുങ്കിനും പുറമെ മലയാളത്തിലും മേജർ റിലീസ് ചെയ്യുന്നുണ്ട്. നടൻ മഹേഷ് ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടൈൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷനൽ പ്രൊഡക്‌ഷൻസും ചേർന്നാണ് ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ചിത്രമൊരുക്കുന്നത്.

നേരത്തെ സന്ദീപ് ഉണ്ണികൃഷ്ണൻ്റെ ഹൈസ്‌കൂൾ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിൻ്റെ സഹപാഠിയായ സജീ മഞ്ജരേക്കർ വിവരിക്കുന്ന വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. 2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരൻമാരെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോയാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ.

പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണൻ വീരമൃത്യു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണൻ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.  ചിത്രം 2022 ലോകവ്യാപകമായി  റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ കോവിഡ് ഭീഷണി രൂക്ഷമായതോടെ റിലീസ് മാറ്റുകയായിരുന്നു.