'ഞാൻ കണ്ട ഏറ്റവും സാർത്ഥകമായ ജീവിതം', അന്തരിച്ച തൻ്റെ പിതാവിനെക്കുറിച്ച് നടി ആശാ ശരത്

asha sharath

'ഞാൻ കണ്ട ഏറ്റവും സാർത്ഥകമായ ജീവിതം', അന്തരിച്ച തൻ്റെ പിതാവിനെക്കുറിച്ച് നടി ആശാ ശരത് എഴുതുന്നു...  അച്ഛൻ പോയി.  എന്റെ സൂര്യനും തണലും ജീവിതവുമായിരുന്നു അച്ഛൻ. ജീവിക്കാൻ കൊതിയായിരുന്നു അച്ഛന് എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ ഇന്ന് ഞാനറിയുന്നു, അല്ല അച്ഛൻ നിറഞ്ഞു നിൽക്കുന്ന പഞ്ചഭൂതങ്ങൾ എന്നോട് പറയുന്നു അത് കൊതിയായിരുന്നില്ല.

നരകാഗ്‌നിക്ക് തുല്യം മനസ്സ് വെന്തുരുകിയപ്പോൾ, ശ്വാസം നിന്ന് പോയി എന്ന് തോന്നിയപ്പോൾ  അവിടെ നിന്നും എന്നെയും അമ്മയെയും കൈ പിടിച്ചു മുൻപോട്ടു നയിക്കാനായിരുന്നു അച്ഛൻ ജീവിക്കാൻ കൊതിച്ചത്. ഞാൻ കണ്ട ഏറ്റവും സാർത്ഥകമായ ജീവിതം. ഒരു വടവൃക്ഷമായി പടർന്നു പന്തലിച്ച്‌ , അവസാന ശ്വാസം വരെ ഉറ്റവരെയും ഉടയവരെയും കൈ പിടിച്ചു നയിച്ച് , ഒരു തിന്മക്കു മുന്നിലും അണുവിട പോലും പിന്തിരിയാതെ, എന്നും തല ഉയർത്തിപ്പിടിച്ചു സ്വന്തം കർമ്മധർമ്മങ്ങൾ നൂറു ശതമാനവും ചെയ്തു തീർത്തു അദ്ദേഹം അരങ്ങൊഴിഞ്ഞു.

ഹൃദയം പിളർക്കുന്ന വേദനയിലും ഞാൻ അഭിമാനിക്കുന്നു ആ അച്ഛന്റെ മകളായി പിറന്നതിൽ.  ഇനിയുമൊരു ജന്മമുണ്ടെങ്കിൽ കൃഷ്ണൻകുട്ടിയുടെ മകളായി തന്നെ എനിക്ക് ജനിക്കണം. അച്ഛാ സുഖമായി, സന്തോഷമായി വിശ്രമിക്കു ആ ദേവപാദങ്ങളിൽ. ബാക്കിയായ രംഗങ്ങൾ ആടിത്തീർത്തു, കടമകൾ ചെയ്തു തീർത്തു, ദൈവഹിതമനുസരിച്ചു സമയമാകുമ്പോൾ ഞാനുമെത്താം.  അതുവരെ അച്ഛൻ പകർന്നു തന്ന വെളിച്ചത്തിൽ ഞാൻ മുന്നോട്ടു പോട്ടെ. ഏറ്റവും ഭാഗ്യം ചെയ്ത ഒരു മകളായി എന്നെ അനുഗ്രഹിച്ചതിനു ഞാൻ നന്ദി പറയട്ടെ. നൂറായിരം ഉമ്മകൾ.