'ആര്യ' സീരിസിന്റെ രണ്ടാം സീസണിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

S
 

ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ വെബ് സീരീസാണ് 'ആര്യ' (Aarya). സുസ്‍മിത സെന്നിന്റെ (Sushmitha Sen) വെബ്‍ സീരീസ് ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാറിലായിരുന്നു സ്‍ട്രീം ചെയ്‍തത്. സുസ്‍മിത സെന്നാണ് സീരിസിലെ കേന്ദ്ര കഥാപാത്രം. ഇപോഴിതാ 'ആര്യ' എന്ന സീരിസിന്റെ രണ്ടാം സീസണിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്.

'പെനോസ' എന്ന ഡച്ച് ഡ്രാമ സീരീസിന്റെ റീമേക്കാണ് 'ആര്യ'. 'ആര്യ'യുടെ രണ്ടാം ഭാഗത്തിലും  കേന്ദ്ര കഥാപാത്രമായ സുസ്‍മിത സെൻ തന്നെയാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്. 'ആര്യ' എന്ന സീരിസിൽ ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ് സുസ്‍മിത സെന്നിന്. രാം മധ്‍വാനി, സന്ദീപ്, മോദി, വിനോദ് റവാത് എന്നിവർ ചേർന്നാണ് 'ആര്യ' സംവിധാനം ചെയ്യുന്നത്.

രാം മധ്വാനിയും അമിത മധ്വാനിയും എൻഡെമോൾ ഷൈൻ ഇന്ത്യയുമായി ചേർന്നാണ് നിർമാണം. രാം മധ്വാനി  ഫിലിംസാണ് ബാനർ. ഹർഷ്വിർ ഒബെറായാണ് വെബ് സീരീസിന്റെ ഛായാഗ്രാഹകൻ. ഖുശ്‍ബൂ രാജ്, അഭിമന്യു ചൗധരി എന്നിവരാണ് 'ആര്യ'യെന്ന സീരിസീന്റെ ചിത്രസംയോജനം നിർവഹിച്ചത്.  

സുസ്‍മിത സെന്നിന് പുറമേ സീരീസിൽ ചന്ദ്രചുർ സിംഗ്, ശികന്ദർ ഖേർ, അങ്കുർ ഭാട്യ, അലക്സ്, മനിഷ്, ചൗധരി, സുഗന്ധ, പ്രിയഷ ഭരദ്വാജ്, ജയന്ത് ക്രിപലാനി, വികാസ് കുമാർ തുടങ്ങി ഒട്ടേറെ പേർ അഭിനയിക്കുന്നു. 'ആര്യ' എന്ന വെബ് സീരീസ് ഒരു ക്രൈം ത്രില്ലർ ഡ്രാമയാണ്.  സുസ്‍മിത സെന്നിന്റെ വെബ് സീരീസിന്റെ സംഗീത സംവിധായകൻ വിശാൽ ഖുറാനെയാണ്. സുസ്‍മിത അഭിനയിച്ച വെബ് സീരീസ് മികച്ച ഡ്രാമ സീരീസ് എന്ന വിഭാഗത്തിൽ എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്‍തിരുന്നു.