സെക്സ് റാക്കറ്റുമായി ബന്ധമുള്ളവർ സിനിമ മേഖലയിലുണ്ട്; പുറത്തു പറയാത്തത് ജീവഭയം ഉള്ളതുകൊണ്ട്: പാർവതി തിരുവോത്ത്

parvathy thiruvothu

സെക്സ് റാക്കറ്റുമായി ബന്ധമുള്ളവർ സിനിമ മേഖലയിലുണ്ടെന്ന് നടി പാർവതി തിരുവോത്ത്. പലകാര്യങ്ങളും പുറത്തുപറയാത്തത് ജീവഭയം ഉള്ളതുകൊണ്ടാണെന്നും താരം വ്യക്തമാക്കി. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ട്. ഇൻഡസ്ട്രിയിലെ പല പ്രമുഖരുടെ പേരുകൾ മൊഴികളിൽ ഉള്ളതുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവരാത്തത് എന്നും താരം വ്യക്തമാക്കി. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിൻ്റെ  പരാമർശം. 

മലയാള സിനിമയിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് വിശദമായി റിപ്പോർട്ട് ജസ്റ്റിസ് ഹേമാ കമ്മീഷനിൽ പ്രതിപാദിക്കുന്നുണ്ടെന്ന് പാർവതി പറഞ്ഞു. അതേസമയം പൾസർ സുനിയുടെ കത്തുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നും പാർവതി വ്യക്തമാക്കി. 

പാർവതിയുടെ വാക്കുകൾ: 

സെക്സ് റാക്കറ്റുമായും അതുമായി ബന്ധപ്പെട്ട് കിടക്കുന്നുമായി നിരവധി കാര്യങ്ങൾ ഹേമ കമ്മീഷനിൽ മൊഴി നൽകിയിട്ടുണ്ട്. ഇൻഡസ്ട്രിയിലെ വളരെ പ്രമുഖരായ പലരെപ്പറ്റിയും ഈ മൊഴികളിൽ പരാമർശിക്കുന്നുണ്ട്. ഒരു കുറ്റകൃത്യം ചെയ്താൽ അവർ എത്രയധികം ഇൻഡിമിഡേറ്റ് ചെയ്തിട്ടാണ് കൂടെ നിർത്തുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കാര്യങ്ങളെല്ലാം എന്തുകൊണ്ട് പുറത്തുപറഞ്ഞു കൂടായെന്ന് ലാഘവത്തോടെ ചോദിക്കുന്നവരോട് ഒരു ഉത്തരമെ പറയാനുള്ളൂ.! ജീവഭയം ഉള്ളതുകൊണ്ടാണ്. 

ഭീഷണി ഫോൺകോളുകളൊക്കെ നമ്മളെയും തേടിയെത്തുന്നുണ്ട്. ജോലി ചെയ്തു ജീവിക്കുകയെന്നത് ഇവിടെ അനുവദീനയമായ കാര്യമല്ല. സെക്സ് റാക്കറ്റടക്കം ഫെസിലിറ്റേറ്റ് ചെയ്യുന്നവർ ഇൻഡസ്ട്രിയുടെ ഉള്ളിലുണ്ട്. ഇക്കാര്യങ്ങളൊക്കെ വിശദമായി തന്നെ ഹേമ കമ്മീഷനിൽ നമ്മൾ പറഞ്ഞിട്ടുണ്ട്. സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന ഫെസിലിറ്റേറ്റ് ചെയ്യുന്നവർ ഇൻഡസ്ട്രിയിലുണ്ട് എന്ന് പറയുന്നത് സപ്രസിം​ഗ് ആയ കാര്യമല്ല. 

നടിമാര് മാത്രമല്ല, ഇൻഡസ്ട്രിയിലുള്ള ഞാനടക്കമുള്ള സ്ത്രീകൾക്ക് ഇത്തരം കോപ്രമൈസ് ആവശ്യങ്ങളുമായി കോളുകൾ വന്നിട്ടുണ്ട്. ഇത്തരം അനുഭവങ്ങൾ ഉൾപ്പെടെ കമ്മീഷനിൽ വ്യക്തമായി പറയുന്നുണ്ട്. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരാത്തതിൻ്റെ കാരണം മൊഴി കൊടുത്തവരുടെ പേര് അതിനകത്തുണ്ട് എന്നത് കൊണ്ടല്ല. ആർക്കൊക്കെ എതിരെയാണോ മൊഴി കൊടുത്തത് ആ പേരുകൾ പുറത്തുവരരുത് എന്നുള്ളത് കൊണ്ടാണ്. മൊഴി നൽകിയവരുടെ പേര് റിപ്പോർട്ടിലുണ്ട് എന്ന ന്യായം പറഞ്ഞ് പുറത്തുവിടാതിരിക്കുന്നത് മുടന്തൻ ന്യായമായിട്ടാണ് തോന്നുന്നത്. 

മലയാള സിനിമയിൽ സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പഠിക്കാനാണ് ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോ​ഗിച്ചത്. എന്നാൽ വർഷം രണ്ട് കഴിഞ്ഞിട്ടും ഇത് പുറത്തുവരാത്തത് വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. തൻ്റെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ സഹതപിക്കുകയും കണ്ണീര്‍വാര്‍ക്കുകയും ചെയ്തത് അവഗണിക്കുവാനായിരുന്നുവെന്ന് പാര്‍വതി പറയുന്നു. 

സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിൻ്റെ  അടിസ്ഥാനത്തില്‍ രൂപംകൊണ്ട സമിതിയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍. മുന്‍ ഹൈക്കോടതി ജഡ്ജി കെ ഹേമ, നടി ശാരദ, റിട്ട. ഐ എ എസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി എന്നിവരടങ്ങിയ മൂന്നംഗസമിതി ഹേമാ കമ്മീഷന്‍ ഏറെ ശ്രദ്ധയാണ് തുടക്കം മുതലേ നേടിയത്.  

2017ല്‍ നിയോഗിക്കപ്പെട്ട സമിതി ആറുമാസത്തിനകം പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നതായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. രണ്ടുവര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയോ നടപടികള്‍ എടുക്കുകയോ ചെയ്യുകയുണ്ടായിട്ടില്ല. തൊഴിലിടങ്ങളിലെ നീതിനിര്‍വഹണത്തിനു വേണ്ടി നടപ്പിലാക്കപ്പെട്ട കമ്മീഷൻ്റെ കണ്ടെത്തലുകള്‍ എന്തുകൊണ്ടാണ് പുറത്തുവിടാന്‍ ഇത്രത്തോളം വൈകുന്നതെന്നാണ് ചോദ്യം.