നടന്‍ മാമുക്കോയക്ക് ഇന്ന് 75-ാം ജന്മദിനം

BX

നടന്‍ മാമുക്കോയക്ക് ഇന്ന് 75-ാം ജന്മദിനം.മലയാള സിനിമയുടെ ജനകീയമുഖമാണ് മാമുക്കോയ. ഹാസ്യനടനായും സ്വഭാവനടനായുമെല്ലാം മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം മാമുക്കോയ ഉണ്ട്. മലബാറിന്‍റെ സംഭാഷണ രീതിയും വേറിട്ട ഭാവപ്രകടനങ്ങളുമാണ് മാമുക്കോയ എന്ന നടനെ മറ്റ് നടന്മാരിൽ നിന്ന് വ്യത്യസ്തനാക്കിയതും, മലയാളികളുടെ ഇടം നെഞ്ചിൽ സ്ഥാനം നൽകിയതും.

പതിവു ശൈലിയിൽ നിന്ന് മാറി ഗൗരവമേറിയ കഥാപാത്രങ്ങളും അഭിനയിച്ച് വിജയിപ്പിച്ചു മാമുക്കോയ. പെരുമഴക്കാലത്തിലെ അബ്ദുവും ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രവും ഇതിന് ഉദാഹരണമാണ്. മലയാളത്തിലെ ആദ്യത്തെ ഹിപ്പ് ഹോപ്പ് സംഗീത ആല്‍ബം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'നേറ്റീവ് ബാപ്പ'യിലും കേന്ദ്രകഥാപാത്രം മാമുക്കോയ ആയിരുന്നു.

കോഴിക്കോട് സ്വദേശിയായ മാമുക്കോയ നാടകരംഗത്തുനിന്നാണ്  സിനിമയിൽ എത്തിയത്. കോഴിക്കോടൻ ‍സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946-ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ജനനം. കോഴിക്കോട് എം എം ഹൈസ്കൂളിൽ പത്താംക്ലാസ് വരെ പഠനം. 

പഠനകാലത്തു തന്നെ നാടകത്തിലഭിനയിക്കുമായിരുന്നു മാമുക്കോയ. കോഴിക്കോട് ജില്ലയിലെ തന്നെ കല്ലായിയിൽ മരം അളക്കലായിരുന്നു തൊഴിൽ. നാടകവും കല്ലായിലെ മരമളക്കൽ ജോലിയും അദ്ദേഹം ഒരുമിച്ചുകൊണ്ടുപോയി. കെ ടി മുഹമ്മദ്, വാസു പ്രദീപ്, ബി മുഹമ്മദ് (കവിമാഷ്), എ കെ പുതിയങ്ങാടി, കെ ടി കുഞ്ഞു്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തിയതു്. 

പിന്നീട് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിൽ അദ്ദേഹം ചെയ്യ്ത അറബി മുൻഷിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവർ മക്കളാണ്. 1982-ൽ എസ് കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു.