'മിന്നൽ മുരളി'യിൽ ടൊവിനോയുടെ ബോഡി ഡബിൾ; സന്തോഷം പങ്കിട്ട് സെഫ ഡെമി‍ർബാസ്

tovino thomas and  sefa demirbas minnal murali

മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ 'മിന്നൽ മുരളി'യിൽ മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആക്‌ഷൻ രംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഹോളിവുഡ് ആക്‌ഷൻ ഡയറക്ടർ ആയ വ്ലാഡ് റിം ബർഗും ടീമുമായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ചിത്രത്തിൽ അപകടകരമായ നിരവധി സ്റ്റണ്ട് രം​ഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. വ്ലാഡിൻ്റെ ടീമിൽ തന്നെ ഉണ്ടായിരുന്ന ജ‍ർമൻ സ്വദേശി സെഫ ഡെമി‍ർബാസ് ആണ് ചിത്രത്തിൽ ടൊവീനോയ്ക്കു വേണ്ടി ബോഡി ഡബിൾ ചെയ്തത്. 

മുണ്ടും ഷർട്ടും ധരിച്ച് തോർത്തും മുഖത്തും കെട്ടി നിൽക്കുന്ന സെഫയെ കണ്ടാൽ ടൊവിനോ അല്ലെന്ന് ആരും പറയില്ല. സിനിമയിലെ  ബസ് അപകടം ഉള്‍പ്പെടെയുള്ള നിരവധി സീനുകളിൽ ടൊവിനോയുടെ ബോഡി ഡബിളായെത്തിയത് സെഫയായിരുന്നു. ഇപ്പോൾ ചിത്രത്തിൽ അവസരം നൽകിയതിന് ബേസിൽ ഉൾപ്പടെയുള്ളവർക്ക് നന്ദി പറഞ്ഞുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സെഫ. ബസിനു മുകളിൽ നിന്നു ചാടുന്നതിൻ്റെ വിഡിയോ ഉൾപ്പടെ ലൊക്കേഷൻ ചിത്രങ്ങളും സെഫ പങ്കുവച്ചിട്ടുണ്ട്. 

‘ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വേഗതയേറിയ മനുഷ്യനായ ടൊവിനോ സാറിനോടൊപ്പം. സെറ്റിലെ ആദ്യ ദിവസത്തിന് മുമ്പ്, ഈ സിനിമ എന്തിനെക്കുറിച്ചായിരിക്കുമെന്ന് എനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല, ‘മിന്നൽ മുരളി’യുടെ പിന്നിലെ കാഴ്ചയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. സെറ്റിൽ എല്ലാവരും വളരെയധികം അഭിനിവേശം ചെലുത്തുന്നതും മറ്റും കണ്ട് ഇത് വളരെ വലുതായിരിക്കുമെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി.

എന്നെ ‘മിന്നൽ മുരളി’യിലേക്ക് ക്ഷണിച്ചതിന് ബേസിൽ ജോസഫ്, കെവിൻ, സോഫിയ പോൾ എന്നിവർക്ക് നന്ദി, മലയാള സിനിമയിലെ സൂപ്പർഹീറോയ്ക്ക് വേണ്ടി അഭിനയിക്കാൻ അനുവദിച്ചതിന് നന്ദി. എനിക്ക് ശരിക്കും ബഹുമാനം തോന്നുന്നു. കേരളത്തിലെ നിങ്ങളുടെ മഹത്തായ ആതിഥ്യത്തിന് നന്ദി. സെറ്റിലെ കഠിനാധ്വാനികളായ ചെന്നൈയിൽ നിന്നുള്ള സ്റ്റണ്ട്മാസ്റ്റേഴ്സ് സന്തോഷ്, കലൈ കിങ്സൺ, ബാലഗോപാൽ എന്നിവരുടെ ആത്മസമർപ്പണത്തിനും നന്ദി പറയുന്നു’– സെഫയുടെ കുറിപ്പ്.