റെയ്ഡിൽ വിശദീകരണവുമായി ഉണ്ണി മുകുന്ദൻ; ഇ ഡി സംഘം എത്തിയത് രണ്ട് കാറിൽ

unni mukundan

പാലക്കാട്: നടനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദൻ്റെ ഓഫീസില്‍ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡില്‍ വിശദീകരണവുമായി നടന്‍. മേപ്പടിയാന്‍ സിനിമയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് ആയിരുന്നു പരിശോധന നടത്തിയതെന്ന് ഉണ്ണി വ്യക്തമാക്കി. ഇതിൽ കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്നും നടന്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് പാലപ്പുറം എസ്ആർകെ വീടിനോടുചേർന്നുള്ള ഓഫീസിലേക്ക് ഇ ഡി സംഘം എത്തിയത്. ഇ ഡി കൊച്ചി, കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായിട്ടാണ് നടൻ ഉണ്ണിയുടെ ഒറ്റപ്പാലത്തെ ഓഫീസിൽ പരിശോധന നടത്തിയത്. റെയ്ഡ് ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നതായിട്ടാണ് വിവരം.

രണ്ട് കാറുകളിലായിട്ടായിരുന്നു ഉദ്യോ​ഗസ്ഥരെത്തിയത്. ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന ആദ്യ ചിത്രം മേപ്പടിയാൻ്റെ  നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പണിമിടപാടുകളിൽ പരാതി ഉയർന്നതിനെ തുടർന്നാണ് റെയ്ഡ് എന്നാണ് ഇ ഡിയുടെ വിശദീകരണം. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ താരം തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജു കുര്യനാണ് ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്നത്.  

ചിത്രം ജനുവരി 14 ന് തിയറ്ററുകളിലെത്തും. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, തുടങ്ങിയവർ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൻ്റെ എഡിറ്റിംഗ് ഷാമീറാണ് നിർവ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂർത്തീകരിച്ചത്. കോവിഡ് പ്രതിസന്ധിയോടെയാണ് ചിത്രത്തിൻ്റെ റിലീസ്   നീണ്ട് പോയത്. നവാഗതനായ വിഷ്ണു മോഹനാണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.