മൗനത്തിന്റെ മാസ്മരിക പരിഭാഷയുമായി വി.കെ. സഞ്ജുവിന്റെ ഓര്‍മക്കുറിപ്പുകൾ

s

മൗനത്തിന്റെ മാസ്മരിക പരിഭാഷയുമായി വി.കെ. സഞ്ജുവിന്റെ ഓര്‍മക്കുറിപ്പുകൾ .ചെറുകഥകള്‍ പോലെ മനോഹരമാണ് ഓരോ അധ്യായവും. ഓര്‍മകളുടെ ശലഭങ്ങള്‍ പല വഴികളിലേക്ക് ചിതറിപ്പറക്കുകയാണ്... അപ്പോഴും പരസ്പരം ബന്ധിപ്പിക്കുന്ന ഇഴകള്‍ പൊട്ടാതെ, ഇടമുറിയാത്ത ഒഴുക്കു പോലുള്ള എഴുത്തിന്റെ മാസ്മകരികത തുടക്കം മുതല്‍ ഒടുക്കം വരെ പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഓര്‍മക്കുറിപ്പുകളെ പ്രിയപ്പെട്ടതാക്കുന്നത് ഭാഷയുടെ സൗന്ദര്യം തന്നെയാണ്. ഒരിക്കല്‍ ഒറ്റയ്ക്ക് കടന്നു പോയ വഴികളിലൂടെ വായനക്കാരെ കൂടി കൊണ്ടുപോകുന്ന അക്ഷരങ്ങളിലൂടെയുള്ള യാത്ര. കണ്ട കാഴ്ചകളും കേട്ട ശബ്ദങ്ങളുമെല്ലാം അനുഭവിച്ച അതേ തെളിച്ചത്തില്‍ പകര്‍ത്തി വയ്ക്കുമ്പോള്‍ തട്ടും തടവുമില്ലാതെ ഓര്‍മകളില്‍ നിന്ന് ഓര്‍മകളിലേക്ക് പടരുകയാണ് മൗനത്തിന്റെ പരിഭാഷ. പ്രണയമുതിരുന്ന ചെമ്പകപ്പൂക്കളും, തീവണ്ടിപ്പാളങ്ങള്‍ പോലെ അവസാനിക്കാതെ തുടരുന്ന സൗഹൃദങ്ങളും, കാടും പുഴയും കവിതയും കത്തുകളുമെല്ലാം എഴുത്തുകാരന്റെ ഓര്‍മകള്‍ക്ക് അലുക്കുകള്‍ ചാര്‍ത്തുന്നു.

ലോക്ഡൗണ്‍ കാലത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നാണ് ഓര്‍മകള്‍  തുടങ്ങുന്നത്. സഞ്ജുവിന്റെ വാക്കുകളില്‍ തേങ്ങയരയ്ക്കാത്ത തെക്കന്‍ സാമ്പാറു പോലെയാണ് ഈ പുസ്തകം. വേറിട്ടു കിടക്കുമ്പോഴും പരസ്പരപൂരകങ്ങളാകുന്ന കഷണങ്ങള്‍ പോലെയാണ് ഓര്‍മകള്‍... തഴക്കം വന്ന മാധ്യപ്രവര്‍ത്തകന്റെ തിരക്കേറിയ ലോകത്തുനിന്നും, പട്ടണത്തിലേക്ക് ചേക്കേറുന്ന ഇരുപതുകാരനായ മാധ്യമവിദ്യാര്‍ഥിയുടെ ലോകത്തേക്ക് തിരികെ പറന്ന്, പിന്നെ അവിടെ നിന്ന് പലതായി പിരിയുന്ന ഓര്‍മകള്‍. 

മുടിച്ചുരുളില്‍ നിന്നുതിരുന്ന നൊമ്പരപ്പൂക്കളും ആദ്യമായി സ്വന്തമാക്കിയ ബൈക്കും ക്യാമറയും വിവാഹവുമെല്ലാം മൃദുലമായി കുറിച്ചിടുമ്പോള്‍ തന്നെ, ഓര്‍മകളുടെ നിഴല്‍ പറ്റി നെയിം ഷെയിമിങ്ങും ജാതിവിവേചനങ്ങളും പ്രാദേശിക ദൈവ സങ്കല്‍പ്പങ്ങളും അടക്കമുള്ള ഗൗരവമുള്ള ചിന്തകളിലേക്കും എഴുത്തുകാരന്‍ നേരിട്ട് കയറിച്ചെല്ലുന്നുണ്ട്.

അവതാരികയില്‍ രണ്‍ജി പണിക്കര്‍ എഴുതുന്നതു പോലെ, ഓര്‍മകളുടെ ഇരുചക്ര വണ്ടിയില്‍ വായനക്കാരനെ ഇരുത്തി ചിലപ്പോള്‍ സഞ്ജു യാത്ര പോകുന്നു. കാടും മലയും പ്രകൃതിയും നദിയും പച്ചയും ഗ്രാമങ്ങളും ജീവിതങ്ങളും താണ്ടിയുള്ള പരിചിതമല്ലാത്ത വഴികളിലൂടെയുള്ള യാത്രകള്‍. സ്ഥലങ്ങളാണ് മൗനത്തിന്റെ പരിഭാഷയിലെ ഓര്‍മക്കഷണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികള്‍. അപ്പൂപ്പന്‍ പ്രതിഷ്ഠകളുള്ള പത്തനംതിട്ടയിലെ മലഞ്ചെരിവുകളും, മാധ്യമപ്രവര്‍ത്തനത്തിന്റെ തുടക്കകാലം നിറഞ്ഞു നില്‍ക്കുന്ന തിരുവനന്തപുരവും കോട്ടയവും, സ്ഥിരം താവളമായി മാറിയ എറണാകുളവും തൃശൂരുമെല്ലാം ഓര്‍മകളുടെ അടരുകളില്‍ ഇടം പിടിക്കുന്നുണ്ട്.