'ഇടയ്ക്ക് കയറി നില്‍ക്കുന്ന ആ പയ്യനാര്?'; വൈറലായി സുഹൃത്തുക്കൾക്കൊപ്പമുള്ള മമ്മുക്കയുടെ ഫോട്ടോ

mammoottys college reunion photo

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം എന്നാണ് മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടിയെ വിശേഷിപ്പിക്കാറുള്ളത്. ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് അദ്ദേഹത്തിന്. എഴുപത് പിന്നിട്ട് നിൽക്കുന്ന പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നിൽ എത്തിയിട്ട് അമ്പത് വർഷങ്ങളും പിന്നിട്ടു കഴിഞ്ഞു. പുതിയ തലമുറയെയും അസുയപ്പെടുത്തുന്ന തരത്തിലുള്ള മമ്മൂട്ടിയുടെ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സുഹൃത്തുക്കൾക്കൊപ്പമുള്ള താരത്തിൻ്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. 

പഴയകാല കലാലയ ഓര്‍മകള്‍ പങ്കുവെയ്ക്കുന്ന ഒത്തുചേരലുകള്‍ എന്നും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. അങ്ങനെയൊരു ഒത്തുചേരല്‍ സമയത്തെടുത്ത ഒരു ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.   മഹാരാജാസ് കോളജില്‍ വെച്ച് നടന്ന റീയൂണിയൻ്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചുമതലയുള്ള റോബർട്ട് ജിൻസാണ് തൻ്റെ സമൂഹമാധ്യമ പേജിലൂടെ ഈ ചിത്രം ആരാധകർക്കായി പങ്കുവെച്ചത്.

രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘അവിശ്വസനീയം’ എന്നായിരുന്നു ചിത്രം കണ്ട മിക്കവരുടെയും അഭിപ്രായം. ഫോട്ടോഷോപ്പാണോ എന്ന് സംശയം പ്രകടിപ്പിച്ചവരുമുണ്ട്. ഇടയ്ക്ക് കയറി നില്‍ക്കുന്ന ആ പയ്യനാരാണ് എന്നായിരുന്നു വേറൊരാള്‍ തമാശ രൂപേണ ചോദിച്ചത്. രത്തീന സംവിധാനം ചെയ്ത 'പുഴു', ലിജോ പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’, തെലുങ്ക് ചിത്രമായ 'ഏജന്റ്' എന്നിവയാണ് ഷൂട്ടിങ് പൂർത്തിയായ മമ്മൂട്ടി ചിത്രങ്ങൾ. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 

അമൽ നീരദിൻ്റെ 'ഭീഷ്മ പർവ്വം' എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്ന സിനിമ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ഫെബ്രുവരി 24ന് റിലീസ് ചെയ്യും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്‍മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഭീഷ്‍മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു.