‘മണിയൻപിള്ള രാജുവിൻ്റെ മകൻ ബഹിരാകാശത്ത് റോക്കറ്റ് വിട്ടെന്ന് എഴുതുമോ?’: നിരഞ്ജ്

maniyanpilla raju son niranj maniyanpilla raju

തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയിൽ വിശദീകരണവുമായി നിരഞ്ജ് മണിയൻപിള്ള രാജു. ‘മണിയൻപിള്ള രാജുവിൻ്റെ മകൻ’ പോലീസ് കസ്റ്റഡയിൽ എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചത്. 2018ൽ പോലീസിൽ നിന്നും പെറ്റിയടിച്ചെന്ന് ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് താൻ അറസ്റ്റിലായെന്ന തരത്തിൽ ചിലർ വളച്ചൊടിച്ചതെന്ന് നിരഞ്ജ് പറയുന്നു.

‘ഞാൻ പോലീസ് കസ്റ്റഡയിൽ എന്നു പറഞ്ഞു കുറേ പേജുകളിൽ വാർത്ത വരുന്നുണ്ട്. 2018ൽ ഒരു പെറ്റി അടിച്ചതിനെപ്പറ്റി ഒരഭിമുഖത്തിൽ പറഞ്ഞതിനാണ് ഇങ്ങനെ. ഇനി ഭാവിയിൽ ഞാൻ കുട്ടിക്കാലത്ത് മരത്തിലേക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാൽ, മണിയൻപിള്ള രാജുവിൻ്റെ മകൻ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്നു ഇവരൊക്കെ എഴുതുമോ?’–നിരഞ്ജ് സമൂഹമാധ്യമത്തിൽ കുറിച്ചു.

‘മണിയൻപിള്ള രാജുവിൻ്റെ മകൻ പോലീസ് പിടിയിൽ; ഞെട്ടലോടെ താര ലോകം’ എന്ന തലക്കെട്ടോടെയാണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. പണ്ട് ഓവർസ്പീഡിൽ യാത്ര ചെയ്തതിന് പോലീസ് പെറ്റിയടിച്ചിട്ടുണ്ടെന്ന നിരഞ്ജിൻ്റെ വെളിപ്പെടുത്തലാണ് തെറ്റായ രീതിയില്‍ ചിലർ വളച്ചൊടിച്ചത്.

2013 ൽ ‘ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജിൻ്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ആറോളം സിനിമകള്‍ പൂര്‍ത്തിയാക്കിയ നിരഞ്ജിൻ്റെ ഏറ്റവും പുതിയ സിനിമ ‘ഒരു താത്വിക അവലോകനമാണ്’.  ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. അഖില്‍ മാരാർ ആണ് സംവിധാനം. സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്‌സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. യോഹാന്‍ ഫിലിംസിന്‍റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് നിര്‍മ്മാണം.