ചുരുളി സിനിമയെ പ്രശംസിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ രംഗത്തെത്തി

z
 

ചുരുളി സിനിമയെ പ്രശംസിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ രംഗത്തെത്തി . ഒരു പാലത്തിനപ്പുറമുള്ള മറ്റൊരു ലോകമാണ് ചുരുളി. സിനിമ ഇഷ്ടപ്പെട്ടു. അത് ചെയ്യാനെടുത്ത പ്രയത്‌നത്തേയും പ്രശംസിക്കുന്നു എന്നാണ് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തത്. സിനിമ റിലീസിന് പിന്നാലെ വെട്രിമാരൻ അടക്കമുള്ള നിരവധി പേർ പ്രശംസയുമായി രംഗത്തെത്തിയിരുന്നു. അതോടൊപ്പം തന്നെ സിനിമയിൽ തെറി വാക്കുകൾ ഉപയോഗിച്ചതിന്റെ പേരിൽ വിമർശനവും ഉയരുന്നുണ്ട്.

ചുരുളി നവംബർ 19നാണ് സോണി ലവ്വിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. അതിന് പിന്നാലെ സിനിമയിലെ തെറിവാക്കുകൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. സിനിമയുടെ മികവോ, താരങ്ങളുടെ പ്രകടനമോ, കഥയോ ചർച്ചയാവുന്നതിന് പകരം പ്രേക്ഷകർ ഏറ്റെടുത്തത് സിനിമയിലെ ഭാഷയാണ്. വിമർശനത്തിൽ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോർട്ടും പ്രതികരണം അറിയിച്ചിരുന്നു. ചുരുളി എന്ന സിനിമയിൽ തെറി അനിവാര്യമാണെന്നാണ് വിനയ് ഫോർട്ട് പറഞ്ഞത്.

വിനോയ് തോമസിന്റെ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന കഥയെ ആധാരമാക്കിയാണ് ചുരുളി ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷാണ് തിരക്കഥ. മധു നീലകണ്ഠനാണ് ക്യാമറ. മൈലാടുംപറമ്പിൽ ജോയ് എന്ന കഥാപാത്രത്തെ തേടി ചെമ്പൻ വിനോദ് ജോസും, വിനയ് ഫോർട്ടും ചുരുളി എന്ന സ്ഥലത്ത് എത്തിപ്പെടുന്നും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥ. ലിജോ പെല്ലിശേരിസ് മുവീ മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേർന്നാണ് നിർമ്മാണം.