ഡിജിപി ബി സന്ധ്യയുടെ പറക്കുന്ന സൗന്ദര്യങ്ങൾ; പക്ഷിശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും അമൂല്യനിധി: സക്കറിയ

parakkunna soundaryangal
ഡിജിപി ഡോ. ബി സന്ധ്യയുടെ പുസ്തകത്തെ പ്രശംസിച്ച് പ്രമുഖ എഴുത്തുകാരൻ സക്കറിയ. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലെ പക്ഷികളെ കുറിച്ചുള്ള "പറക്കുന്ന സൗന്ദര്യങ്ങൾ" എന്ന പുസ്തകത്തെ കുറിച്ചാണ് സക്കറിയയുടെ കുറിപ്പ്. പക്ഷിനിരീക്ഷകർക്കു വേണ്ടി മാത്രമുള്ള പുസ്തകമല്ല എല്ലാ നല്ല വായനക്കാരുടെയും കൈകളിൽ എത്തേണ്ട പ്രകൃതിഗ്രന്ഥമാണ് ഇതെന്ന് സക്കറിയ നിരീക്ഷിച്ചു. ഡോ. സന്ധ്യ പോലീസ് അക്കാദമിയിൽ ഡയറക്ടറായിരുന്നപ്പോൾ അതിന്റെ 348 ഏക്കർ വളപ്പിലെ പക്ഷികളെ നിരീക്ഷിച്ച് തയ്യാറാക്കിയതാണ് പുസ്തകം. 

പോലീസ് ഫോട്ടോഗ്രാഫർ വിനോദ് വി ജി എടുത്ത മനോഹരങ്ങളായ ചിത്രങ്ങൾക്കൊപ്പമാണ്  ഡോ.  സന്ധ്യ തൊണ്ണൂറ്റിനാല്  പക്ഷികളുടെ  ലളിതവും വസ്തുതാപരവും പാരായണസൗഹൃദം നിറഞ്ഞതുമായ വിവരണങ്ങൾ അവതരിപ്പിക്കുന്നത്. 

സക്കറിയയുടെ കുറിപ്പിന്റെ പൂർണരൂപം

"പറക്കുന്ന സൗന്ദര്യങ്ങൾ " 

ഡിജിപി ഡോ. ബി സന്ധ്യയുടെ ഈ പുസ്തകം എന്നെ അദ്‌ഭുതപ്പെടുത്തി. കേരളത്തിൽ - ഒരു പക്ഷെ ഇന്ത്യയിലും - ഇങ്ങനെ ഒരു പുസ്തകം ആദ്യമാണെന്ന് തോന്നുന്നു. ഒരു സ്ഥാപനത്തിന്റെ വളപ്പിൽ കൂട് കെട്ടിയവരും വന്നും പോയുമിരിക്കുന്നവരുമായ പക്ഷിപൗരരെപ്പറ്റി ഒരു പുസ്തകം.
ഇന്ദുചൂഡന്റെ  " കേരളത്തിലെ പക്ഷികൾ " എന്ന പക്ഷിശാസ്ത്രത്തിന്റെയും മലയാള സാഹിത്യത്തിന്റെയും  അമൂല്യനിധിയായ ഗ്രന്ഥത്തിന്  ശേഷം  മലയാളത്തിൽ പക്ഷിയെഴുത്തു വിരളമാണ്. പക്ഷിവരയെ പ്രശസ്ത ചിത്രകാരനായ മുരളി നാഗപ്പുഴയാണ് എൻറെ അറിവിൽ  ഏറ്റവും ധനികമാക്കിയിട്ടുള്ളത്. മുരളിയുടെ ഓരോ പക്ഷിച്ചിത്രവും ആ പക്ഷിയുടെ ലക്ഷണമൊത്ത മനോഹരമായ പ്രതിരൂപമാണ്. സൗന്ദര്യധാമങ്ങളാണ് മുരളിയുടെ പറവകൾ. 

തൃശൂരിലെ കേരള പോലീസ് അക്കാദമി വളപ്പിൽ കുടിയേറ്റക്കാരും  വിരുന്നുകാരുമായി കഴിഞ്ഞുകൂടുന്ന  കുറെയേറെ  പക്ഷിസഹോദരങ്ങളെയാണ് "പറക്കുന്ന സൗന്ദര്യങ്ങൾ " എന്ന ഈ പുസ്തകം നമുക്ക് പരിചയപ്പെടുത്തുന്നത്. പോലീസ് അക്കാദമിയിൽ പക്ഷികൾ  - പരിശീലനത്തിനല്ലെങ്കിൽ പോലും - ഉണ്ട് എന്ന അദ്‌ഭുതം പോട്ടെ, ആ ഗഗനചാരികൾ ഒരേതൂവൽപക്ഷികളല്ല എന്ന് കണ്ടെത്താനും അവരെ പറ്റി എഴുതാനും ഒരാളുണ്ടായി എന്നതാണ് അതിലും അതിശയം. 

ഡോ. സന്ധ്യ പോലീസ് അക്കാദമിയിൽ ഡയറക്ടറായിരുന്നപ്പോൾ അതിന്റെ 348 ഏക്കർ വളപ്പിൽ പോലീസുകാർ മാത്രമല്ല പക്ഷികളും സ്വച്ഛ ജീവിതം നയിക്കുന്നുണ്ട് എന്ന് കണ്ടെത്തി. കവയിത്രിയായ ഡോ. സന്ധ്യയുടെ കവിഹൃദയം അതിനു പിന്നിൽ പ്രവർത്തിച്ചു   എന്നതിൽ സംശയമില്ല. ഒപ്പം പ്രകൃതി നിരീക്ഷണപാടവവും. അതുമല്ല പാലാക്കാരിയായതുകൊണ്ടു പക്ഷിമൃഗാദികൂട്ടുകാർ ധാരാളം ഉണ്ടായിരുന്നിരിക്കുമെന്നു തീർച്ച. എന്റെ ബാല്യകാലം എനിക്കോര്മയുണ്ട്. 

കേരള യൂണിവേഴ്‌സിറ്റിയും ഐഎസ്ആർഒ യും പോലെ വിശാലമായ സ്വന്തം കാമ്പസുകൾ ഉള്ള,  ഏതു സ്ഥാപനത്തിനും ഒരു മാതൃകയാണ് ഡോ . സന്ധ്യയുടെ ഈ സുന്ദരമായ കൈപ്പുസ്തകം - അതായത് അവർക്കു ക്രിയാന്മകമായ ഒരു പരിസ്ഥിതി സമീപനം ഉണ്ടെങ്കിൽ. പോലീസ് ഫോട്ടോഗ്രാഫർ വിനോദ് വി ജി എടുത്ത മനോഹരങ്ങളായ ചിത്രങ്ങൾക്കൊപ്പമാണ്  ഡോ.  സന്ധ്യ തൊണ്ണൂറ്റിനാല്  പക്ഷികളുടെ  ലളിതവും വസ്തുതാപരവും പാരായണസൗഹൃദം നിറഞ്ഞതുമായ വിവരണങ്ങൾ അവതരിപ്പിക്കുന്നത്. അക്കാദമിവളപ്പിൽ  എവിടെയാണ് ഒരു പക്ഷി സാധാരണ ഉണ്ടാവുക എന്ന് പറഞ്ഞിരിക്കുന്നത് എനിക്ക് വളരെ ഇഷ്ട പ്പെട്ടു! അതോടെ ആ പക്ഷി നമ്മെയൊക്കെപ്പോലെ അത്യാവശ്യം മേൽവിലാസമുള്ള  ഒരു പൗരവ്യക്തിയായിത്തീരുന്നു! ഉദാ : മയിൽ: മോഡൽ പോലീസ് സ്റ്റേഷന് സമീപം. 

നല്ല ചിത്രങ്ങൾ ലഭിച്ച പക്ഷികളെ മാത്രമേ ഈ ഗ്രന്ഥത്തിൽ ചേർത്തിട്ടുള്ളു എന്ന് ഡോ. സന്ധ്യ പറയുന്നുണ്ട്. ഒരു പക്ഷിയുടെ നല്ല ചിത്രം കിട്ടുന്നതും എല്ലാ ദിവസവും ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം കിട്ടുന്നതും തമ്മിൽ വലിയ വ്യത്യാസമില്ല. അതിനാലാണ് വിനോദ് വി ജി പകർത്തിയ അസാമാന്യങ്ങളായ പക്ഷി ചിത്രങ്ങളെ പ്രത്യേകം അഭിനന്ദിക്കേണ്ടത്. 

ഇത് പക്ഷിനിരീക്ഷകർക്കു വേണ്ടി മാത്രമുള്ള പുസ്തകമല്ല എല്ലാ നല്ല വായനക്കാരുടെയും കൈകളിൽ എത്തേണ്ട പ്രകൃതിഗ്രന്ഥമാണ്.
പുസ്തകത്തിന്റെ പുറംചട്ടയെ പ്രകാശിപ്പിക്കുന്നത് മുരളി നാഗപ്പുഴയുടെ സുന്ദരിയായ (അതോ സുന്ദരനോ?) മഞ്ഞക്കിളിയാണ്.
ഈ നല്ല പുസ്തകത്തിനെ എല്ലാ വിധത്തിലും വളരെ ആകർഷണീയമായി അണിയിച്ചൊരുക്കി പ്രസിദ്ധീകരിച്ചതിന് കേരള ഭാഷാ ഇൻസ്റ്റിട്യൂട്ടിനെ പ്രത്യേകം അഭിനന്ദിക്കുന്നു. 212 + പേജുകളുള്ള ഈ വർണപുസ്തകത്തിനു 400  രൂപയെ വിലയുള്ളൂ (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 695003)