കാബൂൾ ബോംബാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ മാധ്യമങ്ങൾ പുറത്തുവിട്ടത് തെറ്റായ ദൃശ്യങ്ങളും ചിത്രങ്ങളും

factcheck - kabul

കാബൂൾ വിമാനത്താവളത്തിൽ നടന്ന ഇരട്ട ബോംബാക്രമണമാണ് ഇപ്പോൾ ലോകത്തെ ഏറ്റവും പ്രധാന വാർത്ത. ബോംബാക്രമണത്തിൽ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ ലൈവ് ആയി നൽകിയത് പഴയ വിഡിയോകളും ഫോട്ടോകളുമായിരുന്നു.

ഓഗസ്റ്റ് 26 നായിരുന്നു കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇരട്ട ബോംബാക്രമണമുണ്ടായത്. താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതിന് ശേഷം പൗരന്മാരെ ഒഴിപ്പിക്കാൻ വിവിധ രാജ്യങ്ങൾക്ക് നൽകിയ സമയത്തായിരുന്നു ആക്രമണം. 16 അമേരിക്കൻ സൈനികർ ഉൾപ്പെടെ നൂറിലേറെ പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസിന്റെ അഫ്‌ഗാൻ പ്രാദേശിക ഘടകം ഏറ്റെടുത്തിരുന്നു.

എന്നാൽ ഇതുസംബന്ധിച്ച് വിവിധ ഇന്ത്യൻ മാധ്യമങ്ങൾ നൽകിയ ദൃശ്യങ്ങൾ പഴയതായിരുന്നു. ഇന്ത്യ ടുഡേ, വിയോൺ, ടൈംസ് നൗ, റിപ്പബ്ലിക്ക് ടി വി, സീ ന്യൂസ്, ന്യൂസ് 18 ബംഗ്ലാ തുടങ്ങിയ മാധ്യമങ്ങളാണ് ഗാസ മുനമ്പിൽ നിന്നുള്ള പഴയൊരു ദൃശ്യമെടുത്ത് അഫ്ഗാനിൽ നിന്നുള്ളത് എന്ന തരത്തിൽ പ്രക്ഷേപണം നടത്തിയത്.

1

മുകളിൽ നൽകിയിട്ടുള്ളത് അമേരിക്കൻ സൈനികർ കാബൂൾ വിമാനത്താവളത്തിന് പുറത്ത് കാവൽ നിൽക്കുന്ന ചിത്രമാണ്. ഈ ഫോട്ടോ ഓഗസ്റ്റ് 16 ന് എടുത്തതാണ്. കൃത്യമായി പറഞ്ഞാൽ താലിബാൻ കാബൂൾ പിടിച്ചെടുത്ത് അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതിന് തൊട്ടടുത്ത ദിവസം. എ.എഫ്.പി യുടെ ഇമേജ് ആർക്കൈവിൽ ഈ ഫോട്ടോ നൽകിയിട്ടുണ്ട്.

2

എന്നാൽ ഇതേ ഫോട്ടോ തന്നെയാണ് ഇന്ത്യയിൽ നിന്നുള്ള മാധ്യമങ്ങളായ ഇന്ത്യ ടുഡേ, വിയോൺ, റിപ്പബ്ലിക്ക് ടി വി, സീ ന്യൂസ്, ന്യൂസ് 18 ബംഗ്ലാ എന്നിവർ ഓഗസ്റ്റ് 26 ലെ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങളായി നൽകിയത്. അതായത് ഈ ചിത്രം ഇതിനും 10 ദിവസം മുമ്പുള്ളതായിരുന്നു. ഇതേ ഫോട്ടോയാണ് ഫയൽ ഫോട്ടോ എന്ന് പോലും നൽകാതെ നൽകിയിരുന്നത്.

3

എ.എഫ്.പിയുടെ മറ്റൊരു ഫോട്ടോയും ഇന്ത്യ ടുഡേ, ടൈംസ് നൗ എന്നിവ ചാനലിലൂടെയും സീ ന്യൂസ് ട്വിറ്ററിലൂടെയും പുറത്തുവിട്ടിരിന്നു. ഇതും കാബൂൾ ബോംബാക്രമണത്തിന്റെ എന്ന നിലക്കായിരുന്നു നൽകിയത്. എന്നാൽ ഈ ഫോട്ടോ യഥാർത്ഥത്തിൽ ഓഗസ്റ്റ് 16 ന് പുറത്തുവിട്ടതായിരുന്നു. അഫ്ഗാൻ പൗരന്മാർ രാജ്യത്തിന്റെ തകർച്ചക്ക് പിന്നാലെ വിമാനത്താവളത്തിൽ എത്തിയ ഫോട്ടോയായിരുന്നു ഇത്.

4

ബോംബാക്രമണത്തിന്റെ എന്ന പേരിൽ ഇന്ത്യൻ മാധ്യമങ്ങൾ പങ്കുവെച്ച ഒരു വീഡിയോ ദൃശ്യവും തെറ്റായി നല്കിയതായിരുന്നു എന്നും ഫാക്ട് ചെക്കിലൂടെ മനസിലാക്കാൻ സാധിച്ചു. അസോസിയേറ്റ് പ്രസ്സും ഇത് സംബന്ധിച്ച് ഫാക്ട് ചെക്ക് നടത്തിയിരുന്നു. ഈ ദൃശ്യം ഗാസയിൽ ഇസ്രായേൽ നടത്തിയ അക്രമണത്തിന്റേതായിരുന്നു. എന്നാൽ ഇതാണ് കാബുളിലേത് എന്ന തരത്തിൽ ഇന്ത്യൻ മാധ്യമങ്ങൾ പ്രചരിപ്പിച്ചത്.

6

ഇന്ത്യ ടുഡേ, ന്യൂസ് 18 ബംഗ്ലാ ചാനലുകൾ ഈ ദൃശ്യങ്ങളാണ് ബോംബാക്രമണത്തിന്റെ 'ഏറ്റവും പുതിയ ദൃശ്യങ്ങൾ' എന്ന പേരിൽ ചാനലുകൾ സംപ്രേഷണം ചെയ്തത്.