ആ അണക്കെട്ട് യോഗി ആദിത്യനാഥ്‌ യുപിയിൽ പണിതത് അല്ല; പ്രചരിപ്പിച്ചത് 1981 ൽ ആന്ധ്രയിൽ നിർമിച്ച അണക്കെട്ട്

up dam

മറ്റുള്ളവർ നടത്തിയ വികസന പ്രവർത്തനങ്ങളെയും, മറ്റിടങ്ങളിലെ നേട്ടങ്ങളെ തങ്ങളുടേതാക്കി കാണിക്കുന്നതിലും രാജ്യത്തെ ബിജെപി നേതാക്കളെയും പ്രവർത്തകരെയും കഴിഞ്ഞേ മറ്റാരും ഒള്ളൂ. ഫോട്ടോഷോപ്പ് വഴി എഡിറ്റ് നടത്തി പുറത്തുവിട്ട ഇത്തരം പല ഫോട്ടോകളുടെയും യാഥാർഥ്യം വൈകാതെ വെളിപ്പെട്ടിട്ടുമുണ്ട്. അത്തരത്തിൽ ഒരു ഫോട്ടോ ഇപ്പോൾ വ്യപകമായി പ്രചരിക്കുന്നുണ്ട്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി ഉള്ള ശ്രീശൈലം അണക്കെട്ടുമായി ബന്ധപ്പെട്ടാണ് ഈ വ്യാജ ഫോട്ടോ പ്രചാരണം.

കൃഷ്ണ നദിക്ക് കുറുകെ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും നിർമ്മിച്ച ശ്രീശൈലം അണക്കെട്ടിന്റെ ചിത്രം ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലെ ജലസേചന പദ്ധതി എന്ന അടിക്കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ബുന്ദേൽഖണ്ഡിലെ മികച്ച ജലസേചന അവസരങ്ങൾ സുഗമമാക്കിയതിന് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സർക്കാരിന് ക്രെഡിറ്റ് നൽകിക്കൊണ്ട് നിരവധി ഭാരതീയ ജനതാ പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചിത്രം പങ്കുവെച്ചിട്ടുണ്ട്. യുപിയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇത്തരം വ്യജ വികസന പ്രൊമോഷനുകൾ നടക്കുന്നത് എന്നോർക്കണം.

നവംബർ 19 ന് ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിലധികം വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. മിന്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, മേഖലയിലെ ജലക്ഷാമം പരിഹരിക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം. ഈ പശ്ചാത്തലത്തിലാണ് ശ്രീശൈലം അണക്കെട്ടിന്റെ ചിത്രം ഇതിനോട് ചേർത്ത് പങ്കുവെച്ചിരിക്കുന്നത്. 

തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പുകളോടെ നിരവധി ബിജെപി നേതാക്കൾ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. "പരമ്പരാഗതമായി രാഷ്ട്രീയക്കാർ തങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിച്ചിരുന്ന ബുന്ദേൽഖണ്ഡ് ഇന്ന് മാറ്റത്തിന്റെ കടലിന് സാക്ഷ്യം വഹിക്കുന്നു" എന്ന അടിക്കുറിപ്പോടെയാണ് എംഎൽഎ അവധേഷ് സിംഗ് ചിത്രം ട്വീറ്റ് ചെയ്തത്. 

"പ്രധാനമന്ത്രി മോദി ജിയും മുഖ്യമന്ത്രി യോഗി ജിയും സന്ദർശിക്കുന്ന സമയത്ത് ബുന്ദേൽഖണ്ഡിലെ വരൾച്ച ബാധിത പ്രദേശത്തിന് ജലസേചന പദ്ധതികൾ ലഭിക്കും" എന്ന അടിക്കുറിപ്പോടെ ഹിന്ദു യുവ വാഹിനി, ഗുജറാത്ത് ഇൻ-ചാർജ് യോഗി ദേവനാഥ് അതേ ചിത്രം ട്വീറ്റ് ചെയ്തു.

ഇതിന്റെ വാസ്തവം കണ്ടെത്താനായി ഫോട്ടോയിൽ ഒരു റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. പല വാർത്താ റിപ്പോർട്ടുകളിലും ഒരേ ചിത്രം ഉണ്ടെന്ന് കണ്ടെത്തി. ചിത്രം ശ്രീശൈലം അണക്കെട്ടിന്റേതാണെന്ന് ഗൂഗിൾ സെർച്ചിൽ തന്നെ കാണാം. 2014-ലെ ഒരു ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് 'ഡിസി ഡിബേറ്റ്: തെലങ്കാനയ്ക്കും ആന്ധ്രാപ്രദേശിനും ഇടയിലുള്ള ശ്രീശൈലം വൈദ്യുതി ഉൽപാദന തർക്കം' എന്ന തലക്കെട്ടിന് കീഴിൽ ഇതേ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.

1520

ഡെക്കാൻ ക്രോണിക്കിൾ ലേഖനത്തിൽ തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾ തമ്മിലുള്ള വൈദ്യുതി ഉൽപ്പാദനം, ജലം പങ്കിടൽ തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ആന്ധ്രപ്രദേശ് സംസ്ഥാനം വിഭജിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തരം തർക്കങ്ങൾ നിലനിന്നിരുന്നത്. തെലങ്കാനയിലെ മഹ്ബൂബ്‌നഗർ ജില്ലയുടെയും ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയുടെയും അതിർത്തിയിൽ കൃഷ്ണ നദിക്ക് കുറുകെയാണ് ശ്രീശൈലം അണക്കെട്ട് നിർമിച്ചിരിക്കുന്നത്.

ചുരുക്കത്തിൽ, ബിജെപിയുടെ നേതാക്കൾ ഉൾപ്പെടെ യുപിയിലെ ബുന്ദേൽഖണ്ഡ് മേഖലയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ വികസനമെന്ന പേരിൽ പ്രചരിക്കുന്ന അണക്കെട്ടിന്റെ ചിത്രം ആന്ധ്രാപ്രദേശ് - തെലങ്കാനയിലെ ശ്രീശൈലം അണക്കെട്ടിന്റേതാണ്.