ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ 35 കോടി മനുഷ്യർ; ലോകത്തെ പട്ടിണി നിരക്ക് കുത്തനെ കൂടുന്നു

poverty
ഒരു പക്ഷത്ത് ലോകം സമൃദ്ധിയിലേക്ക് നീങ്ങുമ്പോൾ മറുവശത്ത് 35 കോടിയോളം ജനങ്ങൾ പട്ടിണിയിലേക്ക് നീങ്ങുന്നതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകുന്നു. ലോകത്ത് ആകെയുള്ള 800 കോടി ജനങ്ങളിൽ 345 ദശലക്ഷത്തോളം ആളുകൾ പട്ടിണിയിലേക്ക് നീങ്ങുന്നതിനാൽ ലോകം “അഭൂതപൂർവമായ ആഗോള അടിയന്തരാവസ്ഥ” നേരിടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ മേധാവി മുന്നറിയിപ്പ് നൽകി. ഇതിൽ ഉക്രെയ്‌നിലെ യുദ്ധം മൂലം മാത്രം 70 ദശലക്ഷം ആളുകൾ പട്ടിണിയിലേക്ക് നീങ്ങി.

യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ബീസ്‌ലി വ്യാഴാഴ്ച യുഎൻ സുരക്ഷാ കൗൺസിലിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏജൻസി പ്രവർത്തിക്കുന്ന 82 രാജ്യങ്ങളിലായി 345 ദശലക്ഷം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നതായാണ് കണക്ക്. ഈ കണക്ക് കോവിഡ് കാലത്തിന് മുൻപുള്ള കണക്കുകളുടെ ഇരട്ടിയോളം വരും.

45 രാജ്യങ്ങളിലെ 50 ദശലക്ഷം ആളുകൾ വളരെ രൂക്ഷമായ പോഷകാഹാരക്കുറവ് അനുഭവിക്കുകയും പട്ടിണികിടക്കുകയും ചെയ്യുന്നു എന്നത് അവിശ്വസനീയമാംവിധം വിഷമകരമാണെന്ന് അദ്ദേഹം പറഞ്ഞു.

poverty

വർദ്ധിച്ചുവരുന്ന സംഘർഷം, പകർച്ചവ്യാധിയുടെ സാമ്പത്തിക അലയൊലികൾ, കാലാവസ്ഥാ വ്യതിയാനം, ഇന്ധന വില വർധന, ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം തുടങ്ങിയ കാരണങ്ങളാണ് ഇപ്പോഴത്തെ ഈ 'പട്ടിണി സുനാമിക്ക്' കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടിണി മാറ്റാൻ ഇപ്പോൾ നടപടിയെടുത്തില്ലെങ്കിൽ നിലവിലെ ഭക്ഷ്യവില പ്രതിസന്ധി ഭക്ഷ്യ ലഭ്യത പ്രതിസന്ധിയായി 2023 ൽ വികസിക്കും. ഇത് നിലവിലെ പട്ടിണി നിരക്കിനെ മറികടക്കും.

ഫെബ്രുവരി 24 ന് റഷ്യ അതിന്റെ അയൽരാജ്യമായ ഉക്രെയിനിനെ  ആക്രമിച്ചതിനുശേഷം, കുതിച്ചുയരുന്ന ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ വില 70 ദശലക്ഷം ആളുകളെ പട്ടിണിയിലേക്ക് അടുപ്പിച്ചതായി ബീസ്ലി പറഞ്ഞു. റഷ്യ ഉപരോധിച്ച മൂന്ന് ഉക്രേനിയൻ കരിങ്കടൽ തുറമുഖങ്ങളിൽ നിന്ന്  ധാന്യങ്ങൾ കയറ്റി അയക്കാൻ കഴിയാത്തതും പട്ടിണിക്ക് ആക്കം കൂട്ടി. 

സംഘർഷങ്ങൾ നിലനിൽക്കുന്ന എത്യോപ്യ, വടക്കുകിഴക്കൻ നൈജീരിയ, ദക്ഷിണ സുഡാൻ, യെമൻ എന്നിവിടങ്ങളിൽ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാണ്. യുഎൻ സുരക്ഷാ കൗൺസിൽ തന്നെ ഇക്കാര്യങ്ങൾ വ്യക്തമാക്കിയതാണ്. ഇതിന് പുറമെ സൊമാലിയ അതീവ ഗുരുതരാവസ്ഥയിലൂടെ കടന്ന് പോകുന്നതായാണ് ഐക്യരാഷ്ട്രസഭ തന്നെ വ്യക്തമാക്കുന്നത്. ഇവക്കൊപ്പം അഫ്ഗാനിസ്ഥാനും പട്ടിണിയുടെ പട്ടികയിൽ ഇടം പിടിക്കുകയാണ്. എന്നാൽ പട്ടിണി ഈ രാജ്യങ്ങൾ കൊണ്ട് തീരില്ല എന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ ലിസ്റ്റിലേക്ക് കൂടുതൽ രാജ്യങ്ങൾ വൈകാതെ എത്തും.

poverty3

സംഘർഷങ്ങളുടെയും അക്രമങ്ങളുടെയും പ്രത്യക്ഷവും പരോക്ഷവുമായ ഫലമാണ് നിലവിൽ ലോകം അഭിമുഖീകരിക്കുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥ. ഇത് സാധാരണക്കാരെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും, വരുമാനത്തിനും ഭക്ഷണത്തിനുമായി ആശ്രയിക്കുന്ന ഭൂമിയിൽ നിന്ന് പലായനം ചെയ്യാൻ കുടുംബങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സംഘർഷങ്ങൾ ഓരോ രാജ്യത്തെയും സാമ്പത്തിക തകർച്ചയ്ക്കും വിലക്കയറ്റത്തിനും മുന്നിൽ എത്തിക്കുന്നു. സ്വാഭാവികമായും ഇത് പട്ടിണിയിലേക്ക് നയിക്കുന്നു. 

യെമനിലെ ഏഴ് വർഷത്തിലധികം നീണ്ട യുദ്ധത്തിന് ശേഷം ഏതാണ്ട് 19 ദശലക്ഷം ആളുകൾ തീർത്തും ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ്. അതായത് യെമനിലെ 10 ൽ ആറ് പേരും പട്ടിണിയുടെ വക്കിലാണ്.  ഏകദേശം 160,000 ആളുകൾ ദുരന്തത്തെ അഭിമുഖീകരിക്കുന്നു. 538,000 കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നു.

poverty

90 ശതമാനവും ഭക്ഷ്യ ഇറക്കുമതിയെ ആശ്രയിക്കുന്ന യെമനിൽ ഉക്രെയ്ൻ യുദ്ധം പണപ്പെരുപ്പം ഉയർത്തുന്നതായി ബീസ്ലി പറഞ്ഞു. വേൾഡ് ഫുഡ് പ്രോഗ്രാം ഏകദേശം 18 ദശലക്ഷം ആളുകൾക്ക് സഹായം നൽകുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ അതിന്റെ ചെലവ് ഈ വർഷം 30 ശതമാനം ഉയർന്ന് 2.6 ബില്യൺ ഡോളറായി. തൽഫലമായി, ഇത് വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായതിനാൽ ഈ മാസം യെമനികൾക്ക് അവരുടെ മുൻ റേഷനുകളുടെ മൂന്നിൽ രണ്ട് ഭാഗം മാത്രമേ ലഭിക്കുന്നുള്ളൂ, അദ്ദേഹം പറഞ്ഞു.

ദക്ഷിണ സുഡാൻ 2011-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പട്ടിണി നിരക്കാണ് അനുഭവിക്കുന്നത്. 7.7 ദശലക്ഷം ആളുകൾ ഗുരുതരമോ മോശമായതോ ആയ ഭക്ഷ്യ അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കുന്നു. അതായത്  ജനസംഖ്യയുടെ 60 ശതമാനത്തിലധികം പേരും പട്ടിണിയെ പേടിച്ചാണ് കഴിയുന്നത്.

വടക്കൻ എത്യോപ്യയിലെ ടിഗ്രേ, അഫാർ, അംഹാര മേഖലകളിൽ 13 ദശലക്ഷത്തിലധികം ആളുകൾക്ക് ജീവൻ രക്ഷിക്കാനുള്ള ഭക്ഷണം ആവശ്യമാണ്. ജൂണിൽ ടിഗ്രേയിൽ നടന്ന ഒരു സർവേ പ്രകാരം രാജ്യത്തെ 89 ശതമാനം ആളുകളും ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ്. ഇതിൽ തന്നെ പകുതിയിലേറെ പേർ അതീവ ഗുരുതരാവസ്ഥയിലാണ്.

poverty

വടക്കുകിഴക്കൻ നൈജീരിയയിൽ, 4.1 ദശലക്ഷം ആളുകൾ ഉയർന്ന അളവിലുള്ള ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്ന് യുഎൻ പറയുന്നു. ഇതിൽ 588,000 പേർ ജൂൺ മുതൽ ഓഗസ്റ്റ് വരെ അടിയന്തരാവസ്ഥയെ അഭിമുഖീകരിച്ചു. എന്നാൽ നൈജീരിയയിലെ കണക്ക് പൂർണമല്ല. ഇവരിൽ പകുതിയോളം ആളുകളിലേക്ക് രാജ്യത്തെ അരക്ഷിതാവസ്ഥ കാരണം യുഎൻ സംഘത്തിന് എത്തിച്ചേരാനായില്ല. അവർക്കെല്ലാം എന്ത് സംഭവിച്ചിട്ടുണ്ടാകുമെന്ന ഭീതിയാണ് യുഎൻ ഇക്കാര്യത്തിൽ പങ്കുവെക്കുന്നത്.

ഇത് അസാധാരണവും അപൂർവവുമായ ഒരു അവസ്ഥയാണ്. 35 കോടിയോളം മനുഷ്യർ പട്ടിണി കിടക്കുന്ന ഒരു ലോകത്താണ് നമ്മളും ജീവിക്കുന്നത് എന്നത് ആശങ്കയോടെ നാം കാണേണ്ടതുണ്ട്. അതേസമയം ഇത് 82 രാജ്യങ്ങളിൽ നിന്നുള്ള കണക്കാണ്. ലോകത്ത് ഇതിന്റെ ഇരട്ടിയിൽ കൂടുതൽ രാജ്യങ്ങൾ ഉണ്ട്. അതുംകൂടി ചേർത്തുള്ള യഥാർത്ഥ കണക്ക് പുറത്തുവന്നാൽ അത് ഇതിലും ഭീതിതമാകും.