രാഷ്ട്രപതിയാകുന്ന ആദ്യ ഗോത്രവര്‍ഗ വനിത; ദ്രൗപതി മുർമു

murmu
 

സ്വാതന്ത്ര്യത്തിന്‍റെ 75ാം വര്‍ഷത്തില്‍ രാജ്യത്തെ 15-ാമത്  രാഷ്‌ട്രപതി പട്ടം കരസ്ഥമാക്കി ദ്രൗപതി മുര്‍മു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഒരു സുപ്രധാനമായ ഏടാണ് ദ്രൗപതി മുര്‍മുവിന്റെ രാഷ്ട്രപതി സ്ഥാനം. എൻ ഡിഎ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി വിജയിച്ചതിലൂടെ  രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ഗോത്രവര്‍ഗ വനിതയെന്ന പദവിയാണ്  ദ്രൗപതി മുര്‍മു സ്വന്തമാക്കിയത്.

വോട്ടുകൾ എണ്ണിത്തുടങ്ങിയത് മുതൽ മുർമു വ്യക്തമായ ഭൂരിപക്ഷം നിലനിർത്തിയിരുന്നു.പ്രതിപക്ഷത്തെ ചില കക്ഷികളും ദ്രൗപതിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടാതെ 540 എംപിമാരുടെ പിന്തുണയും  ലഭിച്ചു.


ആരാണ് ദ്രൗപതി മുര്‍മു ? 

ഒഡീഷയില്‍ നിന്നുള്ള കരുത്തുറ്റ ആദിവാസി നേതാവാണ് ദ്രൗപതി മുര്‍മു.1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലാണ് ദ്രൗപദിയുടെ ജനനം. സന്താള്‍ വശജയാണ് ദ്രൗപദി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന നേട്ടവും ദ്രൗപദിക്ക് സ്വന്തമായിരുന്നു. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ആദിവാസി വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്. ഒഡിഷയില്‍ 2000 മുതല്‍ 2004 വരെയുള്ള കാലയളവില്‍ വാണിജ്യ-ഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്തിരുന്നു. 2000 മുതല്‍ 2014 വരെ 2 തവണ റയ്‌റങ്ക്പൂര്‍ അസംബ്ലിനിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ദ്രൗപതി.ഒരിക്കല്‍ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000 മുതല്‍ 2002 വരെ ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വാതന്ത്ര ചുമതലയുള്ള വാണിജ്യ ഗതാഗതമന്ത്രിയായിരുന്നു.

2015 മെയ് 18 നാണ് ഝാര്‍ഖണ്ഡ് ഗവര്‍ണറാകുന്നത്.  സര്‍വകലാശാലകളുടെ ചാന്‍സലറായും അവിസ്മരണീയമായ നേട്ടങ്ങള്‍ ഉണ്ടാക്കാനും ദ്രൗപതി മുര്‍മുവിന് സാധിച്ചു.ദ്രൗപതി മുര്‍മുവിന്റെ ഔദ്യോഗിക ജീവിതം വിവാദങ്ങളില്ലാതെ കടന്നു പോയവയായിരുന്നു. ആകെ 6 വര്‍ഷവും ഒരു മാസവും 18 ദിവസവും ജാര്‍ഖണ്ഡ് ഗവര്‍ണറായി പ്രവര്‍ത്തിച്ച മുര്‍മുവിന്റെ ഭരണം തര്‍ക്കരഹിതമായിരുന്നു.ആദിവാസി കാര്യങ്ങള്‍, വിദ്യാഭ്യാസം, ക്രമസമാധാനം, ജാര്‍ഖണ്ഡിന്റെ ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവര്‍ എപ്പോഴും ജാഗ്രത പുലര്‍ത്തിയിരുന്നു. 

murmu

സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനങ്ങളില്‍  ദ്രൗപതി മുര്‍മു പല അവസരങ്ങളിലും ഇടപെട്ടു. 2016ല്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ദ്രൗപതി മുര്‍മു സംഘടിപ്പിച്ച ലോക് അദാലത്തില്‍ സര്‍വകലാശാല അധ്യാപകരുടെയും ജീവനക്കാരുടെയും അയ്യായിരത്തോളം കേസുകളാണ് തീര്‍പ്പാക്കിയത്.ഗവര്‍ണര്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം, 2021 ജൂലൈ 12 ന് ജാര്‍ഖണ്ഡിലെ രാജ്ഭവനില്‍ നിന്ന് ഒറീസയിലെ റൈരംഗ്പൂരിലുള്ള തന്റെ ഗ്രാമത്തിലേക്ക് ദ്രൗപതി മുര്‍മു മാറിയിരുന്നു. 

ദരിദ്രരുടെ ഉന്നമനത്തിനായി മാറ്റിവെച്ച ജീവിതമാണ് ദ്രൗപദിയുടേതെന്നും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയാണവരെന്നും മോദി വ്യക്തമാക്കിയിരുന്നു.

murmu