വിമാനത്തിൽ തേജസ്വി സൂര്യയുടെ തീക്കളി; വിഷയം മൂടിവെച്ച് ബിജെപിയും സർക്കാരും

thejaswi surya

നേപ്പാളിൽ നൂറോളം മനുഷ്യരുടെ ജീവനെടുത്ത വിമാനം ദുരന്തം കഴിഞ്ഞ് ദിവസങ്ങൾ ആകുന്നെ ഒള്ളൂ. അതിന്റെ നടുക്കം മാറുന്നതിന് മുൻപാണ് ചെന്നൈ–തിരുച്ചറപ്പള്ളി ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പരിഭ്രാന്തി സൃഷ്ടിച്ചതായി വാർത്ത വന്നത്. നിരവധി യാത്രക്കാരുണ്ടായിരുന്ന വിമാനത്തിൽ ഇത്രയും ഗുരുതരമായ കാര്യം ചെയ്തത് രാജ്യം ഭരിക്കുന്ന ബിജെപിയുടെ എംപിയായ തേജസ്വി സൂര്യയാണെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. 

ഡിസംബർ 10ന്  ചെന്നൈയിൽ നിന്നു തൃച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ യാത്രക്കാരൻ തുറന്നെന്ന വാർത്തയാണ് പുറത്തുവന്നത്. ചെന്നൈയിൽ നിന്നു രാവിലെ 10.05നു പുറപ്പെടേണ്ടിയിരുന്ന 6 ഇ 7339 വിമാനത്തിലാണ് അടിയന്തരഘട്ടത്തിൽ മാത്രം തുറക്കേണ്ട വാതിൽ തുറന്നത്. തുടർന്ന് നിർബന്ധിത എൻജിനീയറിങ് പരിശോധന പൂർത്തിയാക്കി, 2 മണിക്കൂറിനു ശേഷമാണു യാത്ര തുടർന്നത്.

indigo

സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ ഏതു യാത്രക്കാരനാണു വാതിൽ തുറന്നതെന്ന് ഡിജിസിഎയും ഇൻഡിഗോയും വെളിപ്പെടുത്തിയില്ല. 

എന്നാൽ സത്യം വൈകാതെ പുറത്തുവന്നു. ബിജെപിയുടെ യുവനേതാവും  എംപിയുമായ തേജസ്വി സൂര്യയാണു വാതിൽ തുറന്നതെന്ന് സഹയാത്രികരാണ് വെളിപ്പെടുത്തിയത്. ഇതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. തേജസ്വി സൂര്യയും ബിജെപി തമിഴ്നാട് പ്രസിഡന്റ് കെ.അണ്ണാമലയുമാണു വിമാനത്തിൽ കയറിയതെന്നാണ് വിമാനത്തിലുണ്ടായിരുന്നത്. ഇക്കാര്യം യാത്രക്കാർ തന്നെയാണ് പുറത്തറിയിച്ചത്.

സാധാരണ യാത്രക്കാർ അറിയാതെ ചെയ്യുന്ന തെറ്റുകൾക്ക് പോലും വിലക്ക് ഉൾപ്പെടെ നൽകുന്ന വിമാനക്കമ്പനി തേജസ്വി സൂര്യക്കെതിരെ യാതൊരു നടപടിയും എടുത്തില്ല. യാത്രക്കാരൻ 'മാപ്പ്' പറഞ്ഞുവെന്നാണ് ഇൻഡിഗോയുടെ വിശദീകരണം. സംഭവത്തിൽ വ്യോമയാന മന്ത്രാലയമോ കേന്ദ്രസർക്കാരോ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന് മാത്രമല്ല വിഷയം മൂടി വെക്കുകയും ചെയ്തു.

thejaswi surya
 

ഡിസംബർ 10നു നടന്ന സംഭവം കേന്ദ്ര സർക്കാർ എന്തുകൊണ്ട് ഇത്രകാലം മറച്ചുവച്ചുവെന്നും കുട്ടിക്കളി മാറാത്തവർക്ക് വലിയ ഉത്തരവാദിത്തം നൽകിയതിന്റെ ഫലമാണിതെന്നും കോൺഗ്രസ് വിമർശിച്ചു. തേജസ്വി സൂര്യ ചെയ്തത് വലിയ തെറ്റാണെന്നും ജനങ്ങളുടെ ജീവൻ വച്ചാണ് കളിച്ചതെന്നും കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോണ്‍ഗ്രസ് എന്നിവർ പ്രതികരിച്ചു. 

"ബിജെപി വിഐപികൾ. എയർലൈൻ എന്തുകൊണ്ടാണ് പരാതിപ്പെടാത്തത്? ബിജെപിയുടെ നേതൃത്വത്തിന്റെ പതിവ് ഇതാണോ? യാത്രക്കാരുടെ സുരക്ഷയിൽ നിങ്ങൾ വിട്ടുവീഴ്ച ചെയ്യുകയാണോ? ഓ, നിങ്ങൾക്ക് ബിജെപിയുടെ വിഐപികളെ ചോദ്യം ചെയ്യാനാവില്ലല്ലോ’– എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജവാല അഭിപ്രായപ്പെട്ടു.

തേജസ്വിയുടെ നിരുത്തരവാദപരമായ പെരുമാറ്റം യാത്രക്കാരുടെ ജീവനാണ് അപകടത്തിലാക്കിയതെന്ന് തൃണമൂൽ കോൺഗ്രസ് സമൂഹമാധ്യമത്തിൽ വിമർശിച്ചു. 

തേജസ്വ സൂര്യയുടെ നിരുത്തരവാദപരമായ പ്രവൃത്തി ജനങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നതാണ്. നിയമപ്രകാരം എല്ലാ യാത്രക്കാരെയും പുറത്തിറക്കി സുരക്ഷാ പരിശോധന നടത്തേണ്ടതായിരുന്നു. യാത്രക്കാരുടെ സുരക്ഷ ഇതിലൂടെ പ്രശ്നത്തിലായി. വിമാനം മൂന്നു മണിക്കൂറോളം വൈകിയെന്നും ഡിഎംകെ നേതാവ് സെന്തിൽ ബാലാജി പറഞ്ഞു.