''പിന്നോട്ടുവലിക്കുന്ന നൂറുകാര്യങ്ങൾ അല്ല മുന്നോട്ടു നയിക്കുന്ന ഒരു കാര്യം മതി ജീവിക്കാൻ'';അവസാനിക്കാത്ത ഗാർഹിക പീഡന ഇരകൾ

suicide
വർധിച്ചു വരുന്ന ഗാർഹിക പീഡനങ്ങളുടെ ഇരകൾ കേരളത്തിൽ പുതുമയല്ല.സ്വപ്നങ്ങൾക്ക് കൂട്ടായി കൈപിടിക്കുന്നവർ തന്നെ മരണത്തിലേക്കുള്ള വഴികാണിച്ചു കൊടുക്കുകയാണ്.ഉത്ര, വിസ്‌മയ,ആൻലിയ,അർച്ചന ,മൊഫിയ,റിഫ തുടങ്ങി ജീവിച്ചു തുടങ്ങും മുന്നേ ജീവിതം  അവസാനിപ്പിക്കേണ്ടി വരുന്ന  പെൺകൊടികൾ.ആ പട്ടികയിലേക്ക് ഇപ്പോൾ ഷഹാന എന്ന പെൺകുട്ടിയും.

 

ഇവരൊക്കെ ചെയ്യുന്ന തെറ്റ് എന്താണ്.പണത്തിനു മേൽ പെണ്ണിന് വിലയിടുന്ന പുരുഷമേധാവിത്വം ചെയ്യുന്ന തെറ്റുകളിൽ സ്വയം ജീവിതം അവസാനിപ്പിക്കേണ്ട കാര്യം എന്താണ് എന്നുകൂടി ഈ പെൺകുട്ടികൾ ഒരുനിമിഷം ചിന്തിക്കണം. ഒറ്റപെടലിന്റെയും പീഡനത്തിന്റെയും അപമാനത്തിന്റെയും അവസാനം മരണം അല്ല. മാതാപിതാക്കളെയും സമൂഹത്തെയും ഓർമ്മിച്ച് ജീവിതകാലം മുഴുവൻ ഈ പീഡനങ്ങൾ സഹിച്ച് കഴിയേണ്ട കാര്യം ഒരു പെൺകുട്ടിക്കും ഇന്നില്ല. എന്നാൽ പ്രതികളെ സമൂഹത്തിനു മുന്നിൽ കൊണ്ടുവന്നു ശിക്ഷ വാങ്ങിച്ചു കൊടുക്കാൻ ആത്മഹത്യ ചെയ്യണമെന്നില്ല എന്നോർക്കുക .കാരണം  ഈ നാട്ടിലെ  നിയമത്തിനു ചിലപ്പോൾ നിങ്ങളെ രക്ഷിക്കാൻ കഴിയും. അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും നേരിടേണ്ടി വരുന്ന പീഡനങ്ങൾക്ക് ഒരു അവസാനം ഉണ്ടാകും.അതിനെതിരെ ശബ്‌ദിച്ചാൽ മാത്രം മതിയാകും.

 

പീഢനം സഹിക്കാൻ കഴിയാതെ ആത്മഹത്യക്ക് ഇറങ്ങും മുൻപ് 2006 ൽ നിലവിൽ വന്ന ഗാർഹികപീഡന നിയമം പെണ്കുട്ടികൾ അറിഞ്ഞിരിക്കണം .ശാരീരികമായ പീഡനം,മാനസികമായ പീഡനം , ലൈംഗികമായ പീഡനം  ,സാമ്പത്തികമായ പീഡനം എന്നിങ്ങനെ ഗാര്‍ഹികപീഡനത്തെ നിയമം നാലായി തിരിച്ചിരിക്കുന്നു. 
ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമല്ല.  ഈ നിയമ പ്രകാരം, 1961 ൽ വന്ന സ്ത്രീധന നിരോധന നിയമത്തിലൂടെ  ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കിലും ശിക്ഷ ലഭിക്കും. സ്ത്രീധന പീഡനത്തിന്റെ പേരിൽ ഇത്രയൊക്കെ ഇരകൾ ഉണ്ടായിട്ടും സ്ത്രീയല്ല ധനമാണ് വലുത് എന്ന് ചിന്തിക്കുന്നത് സമൂഹത്തിൽ  ഇനിയും മാറിയിട്ടില്ല. 

 

പരാതി പെടാൻ ആരുടെയും സഹായം ആവശ്യമില്ല.നിങ്ങൾക്ക് പോലീസിൽ നിന്ന്  സഹായം ലഭിച്ചില്ല എങ്കിൽ  "അപരാജിത" എന്ന ഓണ്ലൈൻ സർവീസിലേക്ക് ഫോൺ മുഖേന ബന്ധപ്പെടാം. കേരളത്തിലെ എല്ലാ ജില്ലകളിലും  സംരക്ഷണ ഉദ്യോഗസ്ഥന്മാരെ നിയമിച്ചിട്ടുണ്ട്. അവരുടെ വിലാസം സർക്കാർ സൈറ്റുകളിൽ ലഭ്യമാണ്. വനിതാ കമ്മീഷൻ അംഗങ്ങളിൽ ആരുടെയെങ്കിലും ഫോണ്‍ നമ്പർ സേവ് ചെയ്ത് വയ്ക്കുക. മാത്രവുമല്ല  തന്റെ ജില്ലയിലെ സംരക്ഷണഉദ്യോഗസ്ഥനുമായി ഫോണ്‍ വഴിയോ  നേരിട്ടോ ബന്ധപ്പെടുക.   

 

മകളുടെ ജീവനേക്കാൾ വലുത്  സമൂഹത്തിന്റെ ചോദ്യശരങ്ങളാണെന്ന് കരുതുന്ന മാതാപിതാക്കൾക്ക് അവസാനം അതുവരെ വളർത്തി വലുതാക്കിയ മക്കളുടെ ചേതനയറ്റ  ശരീരം കാണേണ്ടി വരും. ഭർത്താവിനോ അവരുടെ കുടുംബകാർക്കോ കുറച്ചുനാളത്തെ നാണക്കേട് അല്ലതെ മറ്റ് നഷ്ടങ്ങൾ ഒന്നും സംഭവിക്കാൻ ഇല്ല. നഷ്ട്ടം നിങ്ങൾക്ക് മാത്രമാണ്.ആത്മഹത്യ ചെയ്യണ്ടി വരുന്ന മകളേക്കാൾ വിവാഹമോചിതയായ മകൾ എന്നത്  നാണക്കേട് അല്ല എന്ന് മാതാപിതാക്കൾ കരുതണം. ഇല്ലെങ്കിൽ ഷഹാനയിലും തീരുന്നതല്ല കേരളത്തിലെ ഗാർഹികപീഡന ഇരകൾ.  

വിവാഹമോചനം അത്രവലിയ പാപമൊന്നുമല്ല. പീഡനങ്ങളും അപമാനവും ഭയന്ന് ഒരു പെൺകുട്ടിയും സ്വന്തം ജീവിതം ബലികൊടുക്കേണ്ടതില്ല.ഭാരം ഒഴിവാക്കാനായി കെട്ടിച്ചുവിടാൻ കാണിക്കുന്ന മിടുക്ക് മകളെ സ്വയം പ്രാപ്തയ്ക്കാൻ പഠിപ്പിക്കുക  എന്നതിൽ മാതാപിതാക്കൾ കാണിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികളുടെ  എണ്ണത്തിൽ എങ്കിലും  കുറവ് വരുത്താമായിരുന്നു.

ഭർത് പീഡനങ്ങൾക്കൊടുവിൽ  ജീവിതം കയറിൽ അവസാനിപ്പിക്കേണ്ടതിനു മുൻപ് പെൺകുട്ടികൾ ഒന്ന് ചിന്തിക്കുക നിങ്ങളുടെ മരണം കൊണ്ട് ഒന്നും സംഭവിക്കാനില്ല.എല്ലാ സംഭവങ്ങളെയും പോലെ കുറച്ചുനാൾ വാർത്തകളിലും സോഷ്യൽ മീഡിയയിലും നിങ്ങൾ നേരിട്ട പീഡനങ്ങൾ നിറഞ്ഞുനിൽകും.എന്നാൽ അതുകഴിഞ്ഞു പഴയപടിയാകും. അതുകൊണ്ടു സ്ത്രീധന മോഹികൾക്ക് മുന്നിൽ സ്വയം ചെറുതായി ജീവിതം അവസാനിപ്പിക്കേണ്ട കാര്യം നിങ്ങൾക്കില്ല.

''പിന്നോട്ടുവലിക്കുന്ന നൂറുകാര്യങ്ങൾ അല്ല  മുന്നോട്ടു നയിക്കുന്ന ഒരു കാര്യം മതി ജീവിക്കാൻ എന്ന്  ഓർമിക്കുക''!