വിണ്ടുകീറുന്ന ജോഷിമഠ് നൽകുന്ന ദുരന്ത പാഠങ്ങൾ നാം പഠിക്കേണ്ടതുണ്ട് ​​​​​​​

joshimath

സമുദ്രനിരപ്പില്‍ നിന്നും 6150 അടി ഉയരമുള്ള ഹിമാലയന്‍ തീര്‍ത്ഥാടന കവാടമായ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞു താഴുകയും കെട്ടിടങ്ങള്‍ക്ക് വിള്ളലുകള്‍ വീഴുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. മഴക്കും മഞ്ഞ് വീഴ്ചക്കും പിന്നാലെ ജോഷിമഠിൽ വിള്ളൽ വീണ കെട്ടിടങ്ങൾ 863 ആയി. 181 കെട്ടിടങ്ങൾ അപടകമേഖലയിലെന്ന് സർക്കാർ. ഒഴിപ്പിക്കൽ നടപടി തുടരുകയാണ്. ഇത് ഇന്നലെ വരെയുള്ള കണക്ക് മാത്രമാണ്. 

ഒരു മാസത്തോളമായി ഭൂമി വിണ്ട് കീറി ഇടിഞ്ഞ് താഴുന്ന ജോഷിമഠിൽ ഇരട്ടി പ്രഹരമെന്നോണമാണ് ഇപ്പോൾ മഴയും മഞ്ഞ് വീഴ്ചയും എത്തിയിട്ടുള്ളത്. ഇതോടെ നേരത്തെ ഉണ്ടായ വിള്ളലുകൾ വർധിക്കുകയും പുതുതായി വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു. കൂടുതൽ പ്രദേശങ്ങൾ അപകട മേഖലകളായി മാറുകയാണ്. ഉത്തരാഞ്ചൽ സംസ്ഥാനം അനുഭവിക്കുന്ന ഈ പരിസ്ഥിതി ദുരന്തത്തിന് കാരണം തെറ്റായ വികസനനയമാണ് എന്ന് തന്നെയാണ് വിദഗ്ധരും പ്രമുഖ പരിസ്ഥിതി പ്രവർത്തകരും പറയുന്നത്.

joshimath

50 വർഷങ്ങൾക്കു മുമ്പു മുതൽ ജോഷിമഠിനെ പറ്റിയുള്ള പഠനങ്ങൾ തുടങ്ങിയിരുന്നു. ഉരുൾപൊട്ടൽ സോൺ എന്ന തരത്തിൽ ജില്ലയെ വിലയിരുത്തി എങ്കിലും വികസനത്തിന്റെ മറവിൽ മുൻ കരുതലുകൾ അവഗണിക്കപ്പെട്ടു. തീർത്ഥാടന നഗരമായതിനാൽ തന്നെ പ്രധാനമായും ഭക്തിയെ മറയാക്കിയാണ് വികസന പ്രവത്തനങ്ങൾ നടന്നത്. രാഷ്ട്രീയക്കാരും വോട്ടുറപ്പിക്കാൻ ഈ തെറ്റായ വികസന നയത്തിന് കൂട്ടുനിന്നു. 

തീർഥാടന നഗരമായ ബദ്രിനാഥ്, വാലി ഓഫ് ഫ്ലവേഴ്സ്, ഹേമകുണ്ഡ് തുടങ്ങിയവയുടെ പ്രവേശന കവാടമാണ് ജോഷിമഠ്. സീസണില്‍ ആയിരക്കണക്കിനു തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന പ്രദേശമാണ് ജോഷിമഠ്. നിലവിൽ ആയിരത്തോളം കെട്ടിടങ്ങള്‍ തകരുകയും നിരവധി ആളുകളെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. എന്നാൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറയുന്നത് 60–70 ശതമാനം ആളുകള്‍ സുരക്ഷിതരാണ് എന്നാണ്. ഇതിന് മറ്റൊരു അർത്ഥമുള്ളത് പ്രദേശത്തെ 30–40 ശതമാനം ആളുകള്‍ സുരക്ഷിതരല്ല എന്നാണ്. ഇവർക്ക് എന്തെങ്കിലും സംഭവിച്ചാലും കുഴപ്പമില്ലെന്ന മട്ടിലാണ് ബിജെപി മുഖ്യമന്ത്രിയുടെ അഭിപ്രായം.

pushkar singh dhami

ഹിമാലയത്തിന്റെ ഹിമപാളികൾ ലോകത്തിന്റെ മറ്റേതൊരു ഭാഗത്തേക്കാളും വേഗത്തിൽ ചുരുങ്ങുകയാണ്. 2035-ഓടെ അവ അപ്രത്യക്ഷമാകാനുള്ള സാധ്യത പലരും പങ്കുവെക്കുന്നു. 2016 ജൂലൈ14,16 തീയതികളിലെ മഴക്കൊപ്പം ഗോമുഖിന്റെ ശിഖിരം അടർന്നു വീണത് (frontal collapses) ഹിമാനികളുടെ കട്ടി കുറഞ്ഞതിന്റെ തെളിവായിരുന്നു. നിലവിലെ തോതിൽ ചൂടു കൂടുകയാണെങ്കിൽ 2035 ആകുമ്പോഴേക്കും മൊത്തം മഞ്ഞുപാളികളുടെ വിസ്തീർണ്ണം അര ലക്ഷം മുതൽ ലക്ഷം ച.കി.മീറ്റർ ആയി ചുരുങ്ങും.

ഹിമാലയത്തിലാണ് ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത്. 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള നൂറിൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്. ഭൂമുഖത്തെ മറ്റു മല നിരകളുടെ ഉയരം പൊതുവെ കുറവാണ്. ആറ് രാജ്യങ്ങളുടെ (ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ) ഭാഗമായ ഹിമാലയം പ്രധാനപ്പെട്ട നാല് നദീതട വ്യവസ്ഥകളെ ഉൾക്കൊള്ളുന്നു. സിന്ധു, ഗംഗ, ബ്രഹ്മ പുത്ര, യാങ്ങ്സെ എന്നിവയാണ് നദികൾ.

joshimath

യുപി സര്‍ക്കാര്‍ രൂപീകരിച്ച 18 അംഗ വിദഗ്ധ സമിതി 1976 ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ജോഷിമഠിന്റെ പാരിസ്ഥിതിക ദുര്‍ബലാവസ്ഥ വ്യക്തമാക്കിയിരുന്നു. ജോഷിമഠില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കരുത്, പാറഖനനം പാടില്ല, അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു തരത്തിലുമുള്ള ഖനനവും പാടില്ല, ചെരിവുകളില്‍ വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുകയല്ലാതെ കെട്ടിട നിര്‍മ്മാണങ്ങള്‍ പാടില്ല എന്നെല്ലാം പ്രസ്തുത റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ അതെല്ലാം അവഗണിച്ചായിരുന്നു പിന്നീടുള്ള ജോഷിമഠിന്റെ യാത്ര.

സമാന്തരമായ മൂന്നു പർവ്വതനിരകളും അവയെ വേർതിരിച്ചു കൊണ്ടുള്ള കശ്മീർ പോലെയുള്ള വൻ താഴ്വരകളും പീഠഭൂമികളും ചേർന്നതാണ് ഹിമാലയം. ഹിമാദ്രി (Greater Himalaya), ഹിമാചൽ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ്‌ അവ. ടിബറ്റൻ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു. 140 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നുണ്ട്. പടിഞ്ഞാറ് സിന്ധൂനദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ.നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ചന്ദ്രക്കലാകൃതിയിലുള്ള ഹിമാലയത്തിന്റെ വീതി150 കി.മീറ്റർ മുതൽ 400 കി.മീറ്റർ വരെയാണ്.

joshimath

ഇത്രയേറെ വൈവിധ്യങ്ങൾ നിറഞ്ഞ ഇടമാണ് യാതൊരു വിധത്തിലുമുള്ള മുൻകരുതലുമില്ലാതെ വികസനമെന്ന പേരിൽ കൊള്ളയടിച്ചത്. നിലവിൽ വിള്ളൽ വീണ 863 കെട്ടിടങ്ങളിൽ 181 കെട്ടിടങ്ങൾ അപകട മേഖലയിലായതിനാൽ പുനരധിവാസ പ്രവർത്തങ്ങൾ നടത്തുകയാണ് ഇപ്പോൾ. ഈ മേഖലയിൽ പുതിയ റോഡ്, തുരങ്കങ്ങള്‍, ജലവെെദ്യുത പദ്ധതി, പാലങ്ങളുടെയും മേല്‍പ്പാലങ്ങളുടെയും നിര്‍മ്മാണം എന്നിവയെല്ലാം  ഈ മേഖലയെ ദുര്‍ബലമാക്കുമെന്ന് അറിയാത്തവരല്ല ഇപ്പോൾ പുനരധിവാസത്തിനായി നെട്ടോട്ടമോടുന്നത്.

മനുഷ്യരുടെ ചെയ്തികൾ മൂലം ദുരിതമുണ്ടാകുന്നത് മനുഷ്യർക്ക് മാത്രമല്ല എന്ന കാര്യം കൂടി ഇവിടെ പറയേണ്ടതുണ്ട്. ഹിമാലയം വ്യത്യസ്ത ജീവികളുടെ വാസസ്ഥലം കൂടിയാണ്. യാക്ക്, 8000 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയുന്ന ചുവന്ന ബില്ലുള്ള ചൗവിനെ (പൈറോ കോറാക്സ് ഗ്രാകുലസ്) എന്നീ അപൂർവ ജീവികളെ ഹിമാലയത്തിൽ കാണാം. ചുവന്ന പാണ്ടകൾ, ചിലന്തികൾ, ഹിമാലയൻ കറുത്ത കരടികൾ, മഞ്ഞു പുള്ളിപ്പുലികൾ, കഴുകന്മാർ എന്നിവയും ഈ മലകളിൽ ജീവിക്കുന്നു. ഇവരുടെയും കൂടി ജീവന് കണക്കുപറയേണ്ടതുണ്ട്.