എന്താണ് ബിഎ.5 കോവിഡ് വകഭേദം?

02

ഒമിക്രോൺ കുടുംബത്തിൽപെട്ട ബിഎ.5 (BA.5) കൊറോണ വൈറസാണ് ഇപ്പോൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 52 ശതമാനം കേസുകളും ജൂൺ അവസാനത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. മുൻ ആഴ്ചയിൽ നിന്ന് 37 ശതമാനം വർധനവാണ് വൈറസ് ബാധയിലുണ്ടായത്. അമേരിക്കയിൽ ഏകദേശം 60 ശതമാനം പേർക്കും ഈ വൈറസ് ബാധിച്ചുവെന്നാണ് റിപ്പോർട്ട്. ബിഎ.5 ഒരു പുതിയ വൈറസല്ല. ഈ വർഷം ജനുവരിയിലാണ് ഇത് ആദ്യം കണ്ടെത്തിയത്. ഏപ്രിൽ മുതൽ ലോകാരോഗ്യ സംഘടന ഈ വൈറസിൻെറ വ്യാപനത്തെ നിരീക്ഷിക്കുന്നുണ്ട്. ഒമിക്രോൺ ഗണത്തിൽ പെടുന്ന വൈറസ് തന്നെയാണിത്. 2021 അവസാനത്തോടെയാണ് ലോകത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമായത്. ടെസ്റ്റുകൾ കുറഞ്ഞ രാജ്യങ്ങളിലും ഒമിക്രോൺ വ്യാപിച്ചിരുന്നു. 

1

ആദ്യം ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത വൈറസ് പിന്നീട് യുകെയിലും യൂറോപ്പിലുമൊക്കെ വ്യാപിച്ചു. കഴിഞ്ഞ നാലാഴ്ചയായി കൊറോണ വൈറസ് വ്യാപനത്തിൽ ലോകത്ത് വലിയ വർധനവാണുണ്ടായതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. BA.4, BA.5 എന്നീ വൈറസ് വകഭേദങ്ങൾ പ്രതിരോധ കുത്തിവെപ്പ്, മുൻപ് രോഗം ബാധിച്ചത് കൊണ്ടുള്ള പ്രതിരോധശേഷി എന്നിവയൊക്കെ മറികടക്കാൻ കെൽപ്പുള്ളവയാണ്. “അതിനാൽ ഒമിക്രോണിൻെറ മറ്റ് വകഭേദങ്ങളേക്കാൾ കൂടുതൽ വ്യാപനശേഷി ബിഎ.5നുണ്ട്,” ലോകാരോഗ്യ സംഘടനയുടെ കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സാങ്കേതിക വിഭാഗം മേധാവി മരിയ വാൻ കെർഖോവ് ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

2

നിരവധി പേർക്ക് ഇത് കാരണം വീണ്ടും കോവിഡ് വരുന്നുണ്ട്. നേരത്തെ വന്നിട്ട് അധികദിവസങ്ങൾ ആയിട്ടില്ലെങ്കിലും രോഗം വീണ്ടും ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ. രണ്ടാമതും കോവിഡ് വരുന്ന സാഹചര്യത്തിന് കാരണം എന്തെന്ന് കൂടുതൽ പഠനം നടത്തുമെന്നും കെർഖോവ് പറഞ്ഞു. “ഒമിക്രോൺ ബാധിച്ച ആളുകൾക്ക് BA.5 ബാധിച്ചതായി ധാരാളം റിപ്പോ‍ർട്ടുകൾ ലഭിച്ചിട്ടുണ്ട്. അതിൽ യാതൊരു സംശയവുമില്ല," മയോ ക്ലിനിക്കിലെ വൈറോളജിസ്റ്റും വാക്സിൻ ഗവേഷകനുമായ ഗ്രിഗറി പോളണ്ട് പറഞ്ഞു. കേസുകൾ കൂടിയതോടെ കൂടുതൽ പേർ ആശുപത്രിയിൽ കഴിയേണ്ട സാഹചര്യം ഉണ്ടാവുന്നുണ്ട്. എന്നാൽ മരണനിരക്ക് കൂടിയിട്ടില്ലെന്നതാണ് ആശ്വസിപ്പിക്കുന്ന കാര്യം. രോഗം ഗുരുതരമാവുന്നതിനെയും മരണത്തെയും ചെറുക്കാൻ വാക്സിനേഷന് സാധിച്ചത് കൊണ്ടാണ് ഇത് സാധ്യമാകുന്നത്. ഒമിക്രോണിൻെറ മറ്റ് വകഭേദങ്ങളേക്കാൾ അപകടകാരിയാണ് ബിഎ.5 എന്ന് പറയാൻ പറ്റുന്ന തരത്തിലുള്ള യാതൊരു തെളിവുകളും ഇത് വരെ ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. 

3

ചിലർക്ക് കോവിഡ് ഏറെ സമയമെടുത്തിട്ടും മാറുന്നില്ല. ഇത് ആരോഗ്യമേഖലയെ വീണ്ടും സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഇന്ത്യയിൽ കണ്ടെത്തിയ ബിഎ.2.75 വകഭേദത്തെ ശാസ്ത്രജ്ഞർ പഠിച്ച് വരികയാണ്. ഇത് അതിവ്യാപന ശേഷിയുള്ളതും മാറ്റം വരാൻ സാധ്യതയുള്ളതുമായ വകഭേദമാണെന്നാണ് വിലയിരുത്തൽ. രോഗവ്യാപനം വളരെ ഗൗരവത്തോടെ കാണണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതിലും വിട്ടുവീഴ്ച വരുത്തരുതെന്നും ആരോഗ്യവിദഗ്ദർ ഓർമ്മിപ്പിക്കുന്നുണ്ട്.