കാൽപന്ത് കളിയുടെ വിശ്വമേളക്ക് നവതി

കാൽപന്ത് കളിയുടെ വിശ്വമേളക്ക് നവതി

ദേശാ-ഭാഷാന്തരങ്ങള്‍പ്പുറം ലോകം നെഞ്ചിലേറ്റിയ കായിക വിനോദമേതെന്ന ചോദ്യത്തിന് കാല്‍പ്പന്തുകളിയല്ലാതെ മറ്റൊരു മറുപടിയുണ്ടാകാനിടയില്ല. ഫുട്ബോള്‍ ലോകകപ്പ് 90ാം വയസ്സിലെത്തിയിരിക്കുന്നു. 1930 ജൂലൈ 13മുതല്‍ 30 വരെയായിരുന്നു പ്രഥമ ലോകകപ്പ്. ഫിഫയുടെ രൂപീകരണ കാലം മുതലേ ഫുട്ബോളിനായി ഒരു ലോകകപ്പ് എന്ന ആശയവും ഉണ്ടായിരുന്നു. 1904-മെയ്-21ന് ഫ്രാന്‍സിലായിരുന്നു യൂറോപ്പിലെ എട്ട് രാജ്യങ്ങള്‍ അംഗങ്ങളായുള്ള ഫിഫയുടെ രൂപീകരണം. 1909 വരെ യൂറോപ്യന്‍ രാജ്യങ്ങള്‍ മാത്രമായിരുന്നു ഫിഫയിലുണ്ടായിരുന്നതെങ്കിലും പിന്നീട് മറ്റു വന്‍കരകളിലുള്ളവരും അംഗങ്ങളായി.

ലോകകപ്പിനുള്ള ആരംഭം

1921ല്‍ ഫ്രഞ്ചുകാരനായ യുള്‍റിമെ ഫിഫയുടെ സാരഥ്യം ഏറ്റെടുത്തതോടെയാണ് ഫുട്ബോള്‍ ലോകകപ്പിനായുള്ള നീക്കങ്ങള്‍ സജീവമായത്. 1928ലെ ഫിഫ യോഗം 1930ല്‍ ലോകകപ്പ് നടത്താന്‍ തീരുമാനിച്ചു. ചില യൂറോപ്യന്‍ രാജ്യങ്ങളും യുറുഗ്വായ്യും ആതിഥേയത്വം വഹിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഫിഫ യുറുഗ്വെയാണ് ആതിഥേയരായി തിരഞ്ഞെടുത്തത്. കാരണം 1930 യുറുഗ്വെക്ക് സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികമായിരുന്നു. മാത്രമല്ല 1924, 28 ഒളിമ്പിക്സുകളില്‍ ഫുട്ബോളില്‍ സ്വര്‍ണം നേടിയതും യുറുഗ്വെയായിരുന്നു. അന്ന് 55 രാജ്യങ്ങള്‍ ഫിഫയില്‍ അംഗങ്ങളായി ഉണ്ടായിരുന്നെങ്കിലും 13 രാജ്യങ്ങളാണ് ലോകകപ്പില്‍ പങ്കെടുക്കാന്‍ തയ്യാറായത്. യോഗ്യതാ മത്സരങ്ങള്‍ ഉണ്ടായിരുന്നില്ല.

ഫ്രഞ്ച് ശില്‍പ്പി ആബേല്‍ ലോഫ്ലറാണ് കപ്പ് രൂപകല്‍പ്പന ചെയ്തത്. 35 സെന്റീമീറ്റര്‍ ഉയരവും 3.8 കിലോഗ്രാം ഭാരവുമുണ്ടായിരുന്ന ഈ കപ്പ് ഇന്ദ്രനീലക്കല്ലും സ്വര്‍ണ്ണവും വെള്ളിയും ചേര്‍ത്താണ് ഉണ്ടാക്കിയത്.

പ്രഥമ ലോകകപ്പ്

1930 ജൂലൈ 13ന് ഫ്രാന്‍സും മെക്സിക്കോയും മുഖാമുഖമെത്തിയപ്പോള്‍ മോണ്ടീവീഡിയോയിലെ കളിമൈതാനത്ത് പുതുചരിത്രത്തിന് വിസിലൂതി. കളിയുടെ 19ാം മിനിറ്റില്‍ ലൂസിയന്‍ ലോറെന്‍ ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോള്‍ വലയിലെത്തിച്ചു. 4-1ന് മെസ്‌കിക്കോയെ തകര്‍ത്ത് ഫ്രാന്‍സ് ആദ്യ മത്സരത്തിലെ വിജയികളുമായി. അമേരിക്കുയുടെ ബെര്‍ട്ട് പാറ്റനോഡ് ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി. മെക്സിക്കോയുടെ മാനുവല്‍ റോസസ് ചിലിക്കെതിരെ പന്ത് സ്വന്തം വലയിലെത്തിച്ചു ആദ്യ സെല്‍ഫ് ഗോളും നേടി. കലാശപ്പോരില്‍ അര്‍ജന്റീനയെ 4-2ന് തകര്‍ത്ത് യുറുഗ്വെ പ്രഥമ ലോകകപ്പ് ചാംപ്യന്‍മാരായി. അര്‍ജന്റീനയുടെ ഗിലെര്‍മോ സ്റ്റാബില്‍ ആദ്യ ലോകകപ്പിലെ ടോപ്സ്‌കോററായി.

1934ലെ ലോകകപ്പിന് യോഗ്യതാ മത്സരങ്ങളിലൂടെയാണ് 16 ടീമുകള്‍ ലോകകപ്പ് കളിക്കാന്‍ അര്‍ഹത നേടിയത്. മത്സരം സമനിലയായതിനെത്തുടര്‍ന്ന് ആദ്യമായി മാച്ച് റിപ്ലേ ഉണ്ടായത് ഈ ലോകകപ്പിലാണ്. സ്പെയിന്‍ ഇറ്റലി ക്വാര്‍ട്ടര്‍ മത്സരം ഒരോ ഗോളടിച്ച് സമനിലയായതിനെത്തുടര്‍ന്ന് വീണ്ടും മത്സരം നടത്തിയാണ് ഇറ്റലി 1-0ന് ജയിച്ചത്. കലാശപ്പോരില്‍ ചെക്കോസ്ലോവാക്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് ആതിഥേയരായ ഇറ്റലി ജേതാക്കളായി.

1938ല്‍ ഫ്രാന്‍സില്‍ നടന്ന മൂന്നാമത് എഡിഷനില്‍ ഇറ്റലി വീണ്ടും ലോകകപ്പ് സ്വന്തമാക്കി. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ കളിച്ച ലിയോനിഡാസിനെ സെമിയില്‍ കളിപ്പിക്കാതിരുന്ന ബ്രസീലിന്റെ തീരുമാനം മണ്ടത്തരമായി മാറി. സബ്സ്റ്റ്യൂഷന്‍ ഇല്ലാത്ത അക്കാലത്ത് ഫൈനലില്‍ കളിപ്പിക്കാന്‍ വേണ്ടി അദ്ദേഹത്തിന് വിശ്രമം നല്‍കുകയായിരുന്നു. എന്നാല്‍ ബ്രസീല്‍ സെമിയില്‍ തോല്‍ക്കുകയും മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള കളിയില്‍ ലിയോനിഡാസിന്റെ ഇരട്ട ഗോള്‍ മികവില്‍ ജയിക്കുകയും ചെയ്തു.

ഇടവേളക്ക് ശേഷമുള്ള ലോകകപ്പ്; ഇന്ത്യയ്ക്ക് അവസരം

രണ്ടാം ലോകമഹായുദ്ധത്തെത്തുടര്‍ന്ന് 1942, 1946 വര്‍ഷങ്ങളില്‍ ലോകകപ്പ് നടന്നില്ല. ഇടവേളക്ക് ശേഷം ബ്രസീല്‍ ലോകകപ്പിന് വേദികളൊരുക്കി. അപ്പോഴേക്കും ഫിഫ പ്രസിഡന്റ് എന്ന നിലയില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ യുള്‍റിമെയോടുള്ള ആദരസൂചകമായി ട്രോഫിക്ക് യുള്‍റിമെ കപ്പ് എന്ന് നാമകരണം ചെയ്തിരുന്നു. ഏഷ്യയിലെ നിന്നുള്ള രാജ്യങ്ങള്‍ പിന്മാറിയതിനെത്തുടര്‍ന്ന് ഇന്ത്യയ്ക്ക് ലോകകപ്പ് കളിക്കാനുള്ള ക്ഷണം ലഭിച്ചെങ്കിലും ബൂട്ടിട്ട് കളിക്കാന്‍ പ്രയാസമായതിനാല്‍ ഇന്ത്യയും പിന്‍വാങ്ങി എന്ന് പറയപ്പെടുന്നു. ഗ്രൂപ്പു ചാപ്യംന്‍മാര്‍ പരസ്പരം മത്സരിച്ച് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് കിരീടം നല്‍കുന്ന രീതിയിലായരുന്നു ടൂര്‍ണമെന്റ്. ബ്രസീല്‍-യുറുഗ്വെ അവസാന മത്സരത്തില്‍ സമനില നേടിയാല്‍ ബ്രസീലിന് കിരീടം നേടാനാകുമായിരുന്നു. എന്നാല്‍ മാറക്കാനയുടെ കളിമുറ്റത്ത് ബ്രസീലുകാരുടെ കണ്ണീര്‍ വീഴ്ത്തി യുറുഗ്വെ രണ്ടാമതും കപ്പുയര്‍ത്തി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കാണികളുള്ള മത്സരമായി അതുമാറി. രണ്ടു ലക്ഷത്തോളം കാണികള്‍ ഗ്യാലറിയിലേക്ക് ഇരമ്പിയെത്തിയ ആ റെക്കോര്‍ഡ് ഇന്നും തകര്‍ക്കാനായിട്ടില്ല.

ഫിഫയുടെ അന്‍പതാം വാര്‍ഷികത്തോടൊപ്പമുള്ള 1954ലെ സ്വിറ്റ്സര്‍ലന്റ് ലോകകപ്പാണ് ആദ്യമായി ടെലിവിഷനില്‍ സംപ്രേഷണം ചെയ്തത്. ഹംഗറിയെ 3-2ന് മറികടന്ന പശ്ചിമ ജര്‍മനി ആദ്യമായി ലോകകിരീടം ചൂടി. 1958ല്‍ സ്വീഡനലാണ് ലോകകപ്പിലെ ആദ്യത്തെ ഗോള്‍രഹിത സമനിലയുണ്ടായത്. ബ്രസീല്‍-ഇംഗ്ലണ്ട് മത്സരത്തില്‍. വെയില്‍സിനെതിരെ ഗോള്‍ നേടിയ പതിനേഴ്കാരനായ പെലെ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോളടിക്കാരനായി. ഇതുവരെ അത് തിരുത്തപ്പെട്ടിട്ടില്ല. ടൂര്‍ണമെന്റില്‍ 13 ഗോള്‍ നേടിയ ജസ്റ്റ് ഫൊണ്ടെയ്ന്റെ റെക്കോര്‍ഡും ഇന്നും തകര്‍ക്കപ്പെടാതെ നില്‍ക്കുന്നു. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. സ്പോണ്‍സര്‍മാരില്ലാത്ത കാലത്ത് തന്റെ ബൂട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ സഹതാരത്തിന്റെ ബൂട്ടുമായി ഇറങ്ങിയായിരുന്നു ഫൊണ്ടെയ്ന്റെ ചരിത്ര പ്രകടനം. ഫൈനലില്‍ ബ്രസീല്‍ സ്വീഡനെ 5-2ന് തകര്‍ത്തു കാനറികള്‍ കിരീടത്തില്‍ ആദ്യ മുത്തമിട്ടു. ലോകകപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്നതും ഒരു ടീം ഏറ്റവും കൂടുതല്‍ ഗോളടിച്ചതും ഇതിലാണ്.

ചിലിയില്‍ 1962ല്‍ നടന്ന ലോകകപ്പ് മത്സരങ്ങള്‍ പലതും അക്രമങ്ങളാലാണ് അറിയപ്പെട്ടത്. നിലവാരം കുറഞ്ഞ ലോകകപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ചെക്കോസ്ലോവാക്യയെ 3-1ന് തോല്‍പ്പിച്ച് ബ്രസീല്‍ രണ്ടാമതും ചാംപ്യന്‍മാരായി.

കപ്പ് മോഷ്ടിക്കപ്പെട്ടു

1966ല്‍ ലോകകപ്പിന് മുന്നോടിയായി കപ്പ് മോഷ്ടിക്കപ്പെട്ടു. ദിവസങ്ങള്‍ക്ക് ശേഷം കപ്പ് പിക്കിള്‍സ് എന്ന പട്ടി കണ്ടെത്തി. പശ്ചിമ ജര്‍മനിയെ 4-2ന് തോല്‍പ്പിച്ചാണ് ആതിഥേയരായ ഇംഗ്ലണ്ട് അവരുടെ ഏക ലോക കിരീടം നേടിയത്. ലോകകപ്പ് ഫൈനലിലെ ആദ്യ ഹാട്രിക് നേടിയ ജെഫ് ഹേസ്റ്റായിരുന്നു ഇംഗ്ലണ്ടിന്റെ ഹീറോ.

1970ലെ മെക്സിക്കോ ടൂര്‍ണെന്റിലായിരുന്നു ആദ്യമായി ചുവപ്പ്, മഞ്ഞ കാര്‍ഡുകല്‍ നടപ്പിലാക്കിയത്. എങ്കിലും ആരും ചുവപ്പ് കാര്‍ഡ് കണ്ടില്ല. രണ്ട് തവണ വീതം കപ്പ് നേടിയ ഇറ്റലിയും ബ്രസീലുമാണ് കലാശപ്പോരില്‍ ഏറ്റുമുട്ടിയത്. ജയിക്കുന്നവര്‍ക്ക് കപ്പ് സ്വന്തമാകുമെന്ന പ്രത്യേകതയുമുണ്ടായിരുന്നു. കാരണം മൂന്ന് തവണ കിരീടം നേടുന്നവര്‍ക്ക് കപ്പ് സ്വന്തമാക്കാമെന്നതായിരുന്നു യുള്‍റിമെ കപ്പിന്റെ പ്രത്യേകത. ഇറ്റലിയെ 4-1ന് തകര്‍ത്ത കാനറിപ്പട യുള്‍റിമെ കപ്പ് എന്നന്നേക്കുമായി സ്വന്തമാക്കി. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം കപ്പ് വീണ്ടും മോഷ്ടിക്കപ്പെട്ടു. പിന്നീടൊരിക്കലും കപ്പ് കണ്ടെത്താനായില്ല. 1970ലെ ചാംപ്യന്‍മാരായ ബ്രസീല്‍ ടീമിനെ ലോകകപ്പ് ചരിത്രത്തിലെ മികച്ച ടീമായി വിലയിരുത്തപ്പെടുന്നു. പെലെ മൂന്ന് ലോകകപ്പുകള്‍ നേടുന്ന ടീമില്‍ അംഗമാകുന്ന ആദ്യ താരമായി.

യുള്‍റിമെ കപ്പ് ഫിഫ ലോകകപ്പ് എന്ന് പുനര്‍നാമകരണം ചെയ്തതും ഇന്ന് കാണുന്ന പുതിയ ലോകകപ്പ് രൂപപ്പെടുത്തിയതും 1974ലായിരുന്നു. ഇറ്റാലിയന്‍ ശില്‍പി സില്‍വിയോ ഗസനിഗ രൂപ കല്‍പന ചെയ്ത കപ്പ് രണ്ടു കായിക താരങ്ങള്‍ ഭൂഗോളം ഉയര്‍ത്തിപ്പിടിച്ച നിലയിലാണ്. 6 കിലോഗ്രാം തൂക്കവും 36.8 സെന്റി മീറ്റര്‍ ഉയരവുമുള്ള കപ്പ് 18 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്തതാണ്. ചാംപ്യന്‍മാരുടെ പേരുകള്‍ എഴുതാനുള്ള ഭാഗത്ത് 17 എണ്ണം വരെ ചേര്‍ക്കാം. അതായത് 2038 വരെ ഈ കപ്പ് ഉപയോഗിക്കാനാകും. ടോട്ടല്‍ ഫുട്ബോളിന്റെ സൗന്ദര്യാത്മകത യൊഹാന്‍ ക്രൈഫിന്റെ നേതൃത്വത്തില്‍ ഡച്ച് പട ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്തെങ്കിലും ഫൈനലില്‍ ആതിഥേയരായ പശ്ചിമ ജര്‍മനിയോട് 2-1ന് കീഴടങ്ങാനായിരുന്നു വിധി. ചിലിയുടെ കാര്‍ലോസ് കാസ്ലി ലോകകപ്പ് ചരിത്രത്തിലെ ആദ്യ ചുവപ്പ് കാര്‍ഡ് കണ്ടു.

1978ല്‍ ലോകകപ്പിന് യോഗ്യതക്കായി മത്സരിച്ചവരുടെ എണ്ണം ആദ്യമായി 100 കടന്നു. 106 രാജ്യങ്ങളാണ് യോഗ്യതക്കായി ഇറങ്ങിയത്. അര്‍ജന്റീന ആതിഥേയത്വം വഹിച്ച കപ്പില്‍ അവര്‍ തന്നെ മുത്തമിട്ടു. ഇത്തവണയും റണ്ണേഴ്സ് അപ്പായത് നെതര്‍ലന്റ് തന്നെ. അതേസമയം അര്‍ജന്റീന-പെറു മത്സരം ഒത്തുകളി ആരോപണം നേരിട്ടു. പെറുവിനെ നാല് ഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പിച്ചാലേ അര്‍ജന്റീനയ്ക്ക് ഫൈനല്‍ സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ അര്‍ജന്റീന ആറ് ഗോളിന് പെറുവിനെ തകര്‍ത്തു. പെറുവിന്റെ ഗോള്‍ കീപ്പര്‍ അര്‍ജന്റീനന്‍ വംശജനായിരുന്നു. ഇതായിരുന്നു വിമര്‍ശകര്‍ ചൂണ്ടക്കാട്ടിയത്.

16ല്‍ നിന്ന് 24 ലേക്ക്

ടീമുകളുടെ എണ്ണം 16ല്‍ നിന്ന് 24ലേക്ക് ഉയര്‍ത്തിയത് 1982ലെ സ്‌പെയിന്‍ ലോകകപ്പിലായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഹംഗറി സ്വന്തമാക്കിയത് ഈ ലോകകപ്പിലാണ്. എല്‍സാല്‍വദോറിനെ 10-1ന് കീഴടക്കിയാണ് ഹംഗറി സ്വന്തം റെക്കോര്‍ഡ് തിരുത്തിയത്. യുഗോസ്ലാവ്യക്കെതിരെ ഇറങ്ങിയ വടക്കന്‍ അയര്‍ലന്റിന്റെ നോര്‍മന്‍ വൈറ്റ്സൈഡ് ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. പശ്ചിമ ജര്‍മനിയെ 3-1ന് തോല്‍പ്പിച്ച് ഇറ്റലി മൂന്നാമതും ജേതാക്കളായി. നാല്പത്കാരനായ ദിനോസോഫ് കിരീടമുയര്‍ത്തുന്ന ഏറ്റവും പ്രായമേറിയ നായകനുമായി. കുവൈറ്റ്-ഫ്രാന്‍സ് മത്സരത്തില്‍ കുവൈറ്റ് അധികൃതരുടെ പ്രതിഷേത്തെടര്‍ന്ന് റഫറി ഗോള്‍ പിന്‍വലിക്കുന്ന സംഭവവുമുണ്ടായി. ഫിഫ പിന്നീട് കുവൈറ്റിന് പിഴ വിധിച്ചു.

മറഡോണ എന്ന താരത്തിന്റെ പ്രസിദ്ധിയും അര്‍ജന്റീനന്‍ ഫു്ടബോളിന് ആരാധകരെയും വര്‍ധിപ്പിച്ചത് 1986ലെ മെക്സിക്കോ ലോകകപ്പായിരുന്നു. മറഡോണയുടെ വിവാദമായ 'ദൈവത്തിന്റെ കൈ' ഗോളും വിഖ്യാതമായ 'നൂറ്റാണ്ടിന്റെ ഗോളും' പിറന്നത് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഫൈനലില്‍ പശ്ചിമ ജര്‍മനിയെ 3-2ന് തകര്‍ത്ത് അര്‍ജന്റീന ലോകഫുട്ബോളിലെ രാജാക്കന്മാരായി.

1990ല്‍ ഇറ്റലി വേദിയായപ്പോള്‍ ജര്‍മനി മൂന്നാമത് കിരീടം നേടുന്ന മൂന്നാമത്തെ ടീമായി. പശ്ചിമ-പൂര്‍വ്വ ജര്‍മനികളുടെ പുനരേകീകരണ ശേഷമുള്ള ആദ്യ കിരീടമായിരുന്നു ഇത്. 1994ല്‍ അമേരിക്ക വേദിയൊരുക്കിയപ്പോള്‍ ആദ്യമായി കലാശപ്പോരില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ നിര്‍ണ്ണയിച്ചു. ഇറ്റലിയെ മറികടന്ന ബ്രസീല്‍ നാലാമതും ചാംപ്യന്‍മാരായി. കാമറൂണിനായി റഷ്യക്കെതിരെ ഗോള്‍ നേടിയ 42കാരനായ റോജര്‍ മില്ല ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി. അതേ മത്സരത്തില്‍ റഷ്യക്കായി അഞ്ച് ഗോള്‍ നേടിയ ഒലഗ് സാലങ്കോ ലോകകപ്പ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ അഞ്ച് ഗോള്‍ നേടിയ ഏക താരവുമായി. ലോകകപ്പില്‍ സെല്‍ഫ് ഗോളടിച്ച കൊളംബിയന്‍ താരം എസ്‌കോബാര്‍ വെടിയേറ്റു മരിച്ചു. ഇതിനു പിന്നില്‍ വാതുവെപ്പുകാരാണെന്ന ആരോപണം ഉയര്‍ന്നു.

ടീമുകള്‍ 32ലേക്ക്

ആദ്യമായി 32 ടീമുകള്‍ കളിച്ച ടൂര്‍ണമെന്റായിരുന്നു 1998ലെ ഫ്രാന്‍സിലേത്. ഗോള്‍ഡന്‍ ഗോള്‍ സമ്പ്രദായം ആദ്യമായി പരീക്ഷിച്ച ലോകകപ്പും ഇതായിരുന്നു. കലാശപ്പോരില്‍ ബ്രസീലിനെ 3-0ന് തകര്‍ത്ത് ഫ്രാന്‍സ് കിരീടം ചൂടി. ഏഷ്യയ്ക്ക് ആദ്യമായി ലോകകപ്പ് വേദിയൊരുക്കാന്‍ അനുമതി ലഭിച്ചപ്പോള്‍ 2002ല്‍ കൊറിയയും ജപ്പാനും സംയുക്ത ആതിഥേയരായി. ആദ്യമായാണ് രണ്ട് രാജ്യങ്ങള്‍ ആതിഥേയത്വം വഹിച്ചത്. ഫ്രാന്‍സ് ലോകകപ്പില്‍ കണ്ണീരോടെ മടങ്ങിയ കാനറിപ്പട സാംബാതാളം വീണ്ടെടുത്ത് അഞ്ചാമതും ചാംപ്യന്‍മാരാകുന്നതിനാണ് 21ാം നൂറ്റാണ്ടിലെ ആദ്യ ലോകകപ്പ് സാക്ഷിയായത്. എതിരില്ലാത്ത രണ്ട് ഗോളിന് ജര്‍മനിയെ തകര്‍ത്താണ് മഞ്ഞപ്പട ഫുട്ബോളിലെ തങ്ങളുടെ അപ്രമാദിത്വം ഒരിക്കല്‍ക്കൂടി തെളിയിച്ചത്. മൂന്ന് ഫൈനലുകള്‍ കളിക്കുന്ന ആദ്യതാരമായി ബ്രസീലിയന്‍ നായകന്‍ കഫു.

ചാംപ്യന്മാര്‍ യോഗ്യത കളിക്കാതെ നേരിട്ട് പ്രവേശനം നേടുന്നത് ഇല്ലാതാക്കിയത് 2006 ജര്‍മന്‍ ലോകകപ്പോടെയാണ്. ബ്രസീല്‍ അങ്ങനെ യോഗ്യത കളിക്കുന്ന ആദ്യത്തെ ചാംപ്യന്മാരായി. ഇറ്റലി-ഫ്രാന്‍സ് കലാശക്കളിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ അസൂറികള്‍ നാലാമതും ജേതാക്കളായി. ആഫ്രിക്കക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം ആദ്യമായി ലഭിച്ചത് 2010ലാണ്. ദക്ഷിണാഫ്രിക്കയാണ് വേദികളൊരുക്കിയത്. ആതിഥേയര്‍ ആദ്യ റൗണ്ടില്‍ പുറത്തായത് ഈ ലോകപ്പില്‍ മാത്രമാണ്. നെതര്‍ലന്റിനെ 1-0ന് മറികടന്ന സ്പെയിന്‍ ആദ്യമായി ലോകകീരിടം ഉയര്‍ത്തി.

മാറക്കാനയിലെ കണ്ണീര്‍ തുടക്കാനുള്ള അവസരമായിരുന്നു ബ്രസീലിന് 2014 ലോകകപ്പ് ആതിഥേയത്വം. എന്നാല്‍ മാറക്കാനയിലെ അവസാനപോരാട്ടം എത്തുംമുമ്പേ ബെലോ ഹോറിസോണ്ടെയില്‍ അതിനേക്കാള്‍ വലിയ ദുരന്തമാണ് കാനറികളെ കാത്തിരുന്നത്. സെമിയില്‍ ജര്‍മനിയോട് 7-1നായിരുന്നു പരാജയപ്പെട്ടത്. ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ജര്‍മ്മനി തന്നെ ജേതാക്കളായി.

ലോകകപ്പ് ഫുട്ബോളിന്റെ 21ാം പതിപ്പായിരുന്നു 2018ല്‍ റഷ്യയില്‍ നടന്നത്. ആദ്യമായി കലാശപ്പോരിന് ഇടംലഭിച്ച ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രഞ്ച് പട രണ്ടാം കിരീടം നേടി. ഫെയര്‍പ്ലേയുടെ അടിസ്ഥാനത്തില്‍ രണ്ടാം റൗണ്ടിലെത്തുന്ന ആദ്യ ടീമായി ജപ്പാന്‍. പോയിന്റ് നിലയിലും ഗോള്‍ ശരാശരിയിലും സെനഗലുമായി തുല്യതയായതിനെത്തുടര്‍ന്ന് ലഭിച്ച മഞ്ഞക്കാര്‍ഡുകളുടെ കുറവ് ജപ്പാന് തുണയായി. സ്പെയിനെതിരെ ഹാട്രിക് നേടി ഒറ്റയാള്‍പ്പോരാട്ടം നടത്തിയ ക്രിസ്റ്റ്യാനോ ലോകകപ്പിലെ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി. 45ാം വയസ്സില്‍ ഈജിപ്റ്റിനായി ഇറങ്ങിയ എസാം എല്‍ ഹാദരി ലോകകപ്പ് മത്സരം കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി.

അഞ്ച് ലോകകിരീടം നേടി ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്‍മാരായ ബ്രസീല്‍തന്നെയാണ് എല്ലാ ലോകകപ്പും കളിച്ച ഏക ടീമും ഏറ്റവും കൂടുതല്‍ രണ്ടാം റൗണ്ട് കളിച്ച ടീമും. 2002 മുതല്‍ 2014 വരെയുള്ള നാല് ലോകകപ്പുകളില്‍ ജര്‍മ്മനിക്കായി ബൂട്ട്കെട്ടി 16 ഗോള്‍ നേടിയ മിറോസ്ലാവ് ക്ലോസെയാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം. 25 മത്സരങ്ങള്‍ കളിച്ച ജര്‍മ്മനിയുടെ തന്നെ ലോതര്‍ മത്തേവൂസ് ആണ് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത്. ഇറ്റലിയുടെ പോളോ മല്‍ദീനിയാണ് ഏറ്റവും കൂടുതല്‍ സമയം കളിച്ചത്. 2002ല്‍ 11ാം സെക്കന്റില്‍ ഗോള്‍ നേടിയ ഹകന്‍ സുകുറാണ് ഏറ്റവും വേഗത്തില്‍ ഗോള്‍ നേടിയത്. 1986ല്‍ 56ാം സെക്കന്റില്‍ റെഡ് കാര്‍ഡ് കണ്ട യുറുഗ്വെ താരം ജോസ് ബാറ്റിസ്റ്റ ഏറ്റവും വേഗത്തില്‍ പുറത്താക്കപ്പെടുന്ന താരവുമായി. 10 ക്ലീന്‍ഷീറ്റുള്ള ഇംഗ്ലണ്ടിന്റെ പീറ്റര്‍ ഷില്‍ട്ടണും ഫ്രാന്‍സിന്റെ ഫാബിയന്‍ ബര്‍ത്തേസുമാണ് ഇക്കാര്യത്തില്‍ മുമ്പന്‍മാര്‍. 1970ല്‍ ജര്‍മനിയുടെ ഗെര്‍ഡ് മുള്ളര്‍ 10 ഗോളുമായി ടോപ്സ്‌കോററായതിന് ശേഷം ഒരു ലോകകപ്പില്‍ ആറിലധികം ഗോളടിച്ചത് 2002ല്‍ ബ്രസീലിന്റെ റൊണാള്‍ഡോ (8) മാത്രമാണ്.

പശ്ചിമ ജര്‍മനി പരിശീലകന്‍ ഹെള്‍മറ്റ് ഷോണിന് 25 മത്സരങ്ങളില്‍ പരിശീലകനായ റെക്കോര്‍ഡുണ്ട്. ഉസ്ബെകിസ്താന്‍കാരനായ റവ്ഷന്‍ ഇര്‍മതോവ് 11 മത്സരങ്ങള്‍ നിയന്ത്രിച്ച് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നിയന്ത്രിച്ചതിന്റെ റെക്കോര്‍ഡും സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട്.

ഫുട്ബോള്‍ ലോകകപ്പിന്റെ 22ാം പതിപ്പ് ഖത്തറില്‍ 2022 നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി നടക്കും. 32 ടീമുകള്‍ പങ്കെടുക്കുന്ന അവസാന ലോകകപ്പായിരിക്കും അത്. 2026ല്‍ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീവിടങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ 48 ടീമുകളെ പങ്കെടുപ്പിക്കാനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്. എട്ട് അംഗങ്ങളുമായി തുടങ്ങി 116 വര്‍ഷം പൂര്‍ത്തിയാക്കിയ ഫിഫയില്‍ ഇപ്പോള്‍ 211 അംഗങ്ങളുണ്ട്.