പഠിച്ച് ജയിച്ചവർ ഇത്തവണയും പടിക്ക് പുറത്തോ?

sss

ഓരോ വർഷവും പുതിയ റെക്കോർഡ് കുറിച്ച് സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യഭ്യാസം മുന്നോട്ട് കുതിക്കുകയാണ്. എന്നാൽ ആ കുതിപ്പ് തുടരാൻ മാത്രമുള്ള അവസരം അവർക്ക് ഹൈസ്‌കൂളിന് അപ്പുറത്തേക്ക് ഉണ്ടോ എന്ന ചോദ്യവും ബാക്കിയാക്കിയാണ് ഒരു വർഷത്തെ എസ്എസ്എൽസി ഫലവും പുറത്ത് വരുന്നത്. തലസ്ഥാനത്ത് ഇരുന്ന് നോക്കിയാൽ അവിടെ കുഴപ്പം ഒന്നുമില്ല. അൽപം നീട്ടി നോക്കിയാൽ ഏകദേശം തൃശൂർ വരെ വല്യ കുഴപ്പം ഒന്നും ഇല്ല. എന്നാൽ അവിടെ നിന്ന് മലബാർ ഗേറ്റ് കടന്നാൽ സ്ഥിതി മാറും. ആ മാറ്റം അത്ര ചെറുതല്ല. അത്ര നിഷ്കളങ്കവുമല്ല.

4,21,887 പേരാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 4,19,651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. അതായത് പരീക്ഷ എഴുതിയവരിൽ 99.47 ശതമാനം പേരും വിജയിച്ചു. തോറ്റുപോയത് 2236 പേരാണ്. ഇതിൽ മുഴുവൻ വിഷയങ്ങളും പരീക്ഷ എഴുതി തോറ്റു പോയത് 1801 പേർ. ഇവരെ കൂടി ജയിപ്പിക്കാമായിരുന്നു എന്നാണ് പലയിടങ്ങളിൽ നിന്നുമുയരുന്ന വിമർശനം. അധ്യാപകർ ഉൾപ്പെടെ ഇവരെ തോൽപ്പിച്ചതിനെതിരെ രംഗത്ത് വന്നിരുന്നു. പക്ഷേ, ഇവരൊന്നും ഒരു കാര്യം ഓർക്കുന്നില്ല, 100 ശതമാനം വിജയം ഉണ്ടായാൽ അടുത്ത വർഷം എങ്ങനെ റെക്കോർഡ് തിരുത്തും. എന്നിട്ട് അത് എങ്ങനെ സർക്കാരിന്റെ 'പ്രത്യേക ഇടപെടൽ' കൊണ്ടാണെന്നും സർക്കാരിന്റെ നേട്ടമാണെന്നും പറയും.

വിജയങ്ങളിൽ നേട്ടം ആഘോഷിക്കുന്ന സർക്കാരുകൾ അവരുടെ പിന്നീടുള്ള ഭാവിയെ കുറിച്ച് ചിന്തിക്കാറേ ഇല്ല എന്നതാണ് കഴിഞ്ഞ കാല അനുഭവം. കഴിഞ്ഞ വര്‍ഷം 41,906 പേരാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയതെങ്കിൽ ഇത്തവണ അത് 1,21,318 പേരായി ഉയർന്നു. അതായത് ആകെ വിജയിച്ചവരിൽ നാലിൽ ഒരാളും മുഴുവൻ എ പ്ലസ് നേട്ടം സ്വന്തമാക്കിയവരാണ്. കുട്ടികളുടെ ഈ മികച്ച മുന്നേറ്റത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല. എന്നാൽ അഭിനന്ദിക്കുന്നതിന് ഒപ്പം തന്നെ അവർക്ക് മുന്നോട്ട് പഠിക്കാനുള്ള സാഹചര്യം കൂടി നമ്മൾ ഉറപ്പ് വരുത്തേണ്ടതുണ്ട്. 

ഇത്തവണ ഏറ്റവും കൂടുതൽ എ പ്ലസ് നേട്ടം കഴിഞ്ഞ വർഷങ്ങളിലെ പോലെ മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികൾക്കാണ്. എന്നാൽ ഇതേ മലപ്പുറത്ത് തന്നെയാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്ലസ് വൺ സീറ്റിന് പടിക്ക് പുറത്താകുന്നതും. 75554 വിദ്യാർത്ഥികളാണ് മലപ്പുറം ജില്ലയിൽ എസ്എസ്എൽസി വിജയിച്ചത്. എന്നാൽ ജില്ലയിൽ ആകെയുള്ള പ്ലസ് വൺ സീറ്റുകൾ 53225 മാത്രമാണ്. അതായത് ജില്ലയിൽ 22329 പ്ലസ് വൺ സീറ്റുകളുടെ കുറവാണ് ഉള്ളത്. ഏകദേശം 30 ശതമാനം സീറ്റുകളുടെ കുറവ്. 

മലപ്പുറത്തിന് തൊട്ടു താഴെയായി 27 ശതമാനം സീറ്റുകളുടെ കുറവുള്ളത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 38518 വിദ്യാർത്ഥികൾ എസ്എസ്എൽസി വിജയിച്ചപ്പോൾ സീറ്റ് ഉള്ളത് 28267 പേർക്ക് മാത്രമാണ്. 10251 പ്ലസ് വൺ സീറ്റുകളുടെ കുറവ് പാലക്കാട് ജില്ലയിൽ ഉണ്ട്. വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇത് മലപ്പുറം ജില്ലയുടെ പകുതി മാത്രമാണ് എന്ന വസ്തുതയുമുണ്ട്.

26 ശതമാനം സീറ്റ് കുറവുള്ള കാസർഗോഡ് ജില്ലയാണ് മൂന്നാമതായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പുറത്തു നിൽക്കേണ്ടി വരുന്ന മറ്റൊരു ജില്ല. 19287 പേർ പരീക്ഷ വിജയിച്ചപ്പോൾ 14278 പേർക്ക് മാത്രമാണ് പ്ലസ് വൺ സീറ്റിന് അവസരമുള്ളത്. കാസർഗോഡ് 5009 പേർ പടിക്ക് പുറത്താകും. പടിക്ക് പുറത്താകുന്നവരിൽ നാലാം സ്ഥാനം വയനാടിനാണ്. ഇത്തവണ ഏറ്റവും കുറവ് വിജയ ശതമാനമുള്ള ജില്ലയായിട്ടും ഉന്നത വിദ്യാഭ്യാസം നേടാൻ അവസരമില്ലാത്തവരുടെ പട്ടികയിൽ വയനാടും ഉണ്ട്. 

24 ശതമാനം പേർക്കാണ് വയനാട്ടിൽ അവസരമില്ലാത്തത്. ആകെ എസ്എസ്എൽസി ജയിച്ചത് 11518 ആണ്. സീറ്റുകൾ ഉള്ളത് 8706 മാത്രം. പുറത്ത് നിൽക്കേണ്ടത് 2812 വിദ്യാർത്ഥികൾ. അഞ്ചാം സ്ഥാനത്തുള്ള കോഴിക്കോട് ജില്ലയിൽ 9958 വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പഠിക്കാൻ യോഗമുണ്ടാകില്ല. 44430 വിദ്യാർത്ഥികൾ ജയിച്ച ഇവിടെ ആകെയുള്ളത് 34472 സീറ്റുകൾ മാത്രമാണ്. 22 ശതമാനം സീറ്റുകളുടെ കുറവാണ് ഇവിടെ ഉള്ളത്.

മലബാറിൽ നിന്ന് തന്നെയുള്ള കണ്ണൂരാണ് ഈ കണക്കിൽ ആറാമൻ. ഈ വർഷം ഏറ്റവും ഉയർന്ന വിജയ ശതമാനമുള്ള ജില്ലയാണ് കണ്ണൂർ. 99.85 ശതമാനം വിദ്യാർത്ഥികളും ജയിച്ച ഇവിടെ 19 ശതമാനം സീറ്റുകളുടെ കുറവുണ്ട്. 34481 വിദ്യാർത്ഥികൾ എസ്എസ്എൽസി വിജയിച്ച ഇവിടെ 27767 സീറ്റുകളാണ് ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയിലും 6714 വിദ്യാർത്ഥികൾ പടിക്ക് പുറത്ത് തന്നെയാണ്. 

സീറ്റുകളുടെ കുറവിന്റെ കാര്യത്തിൽ രണ്ട് ജില്ലകൾ കൂടിയുണ്ട്. ഇവ മലബാറിന് പുറത്തുള്ള ജില്ലകളാണ്. മലബാറിലെ മുഴുവൻ ജില്ലകളുലും 19 മുതൽ 30 ശതമാനം കുറവുള്ളപ്പോൾ മലബാറിന് പുറത്ത് നിന്നുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് സീറ്റ് കുറവുള്ളത്. തിരുവനന്തപുരത്ത് ഏഴ് ശതമാനം സീറ്റ് കുറവാണുള്ളത്. 33891 പേർ വിജയിച്ചപ്പോൾ ഇവർക്കായി 31375 സീറ്റുകളാണുള്ളത്. 2516 സീറ്റുകൾ കുറവ്. കൊല്ലം ജില്ലയിൽ 30547 സീറ്റുകൾ വിദ്യാർത്ഥികൾ വിജയിച്ചപ്പോൾ 26622 സീറ്റുകളാണ് ആകെയുള്ളത്. 13 ശതമാനം സീറ്റുകളുടെ കുറവാണ് ഇവിടെ രേഖപ്പെടുത്തുന്നത്. 3925 വിദ്യാർത്ഥികൾക്കാണ് പ്ലസ് വൺ പഠനം നിഷേധിക്കപ്പെടുക. ഏഴ് ശതമാനം തന്നെ കുറവ് രേഖപ്പെടുത്തിയ തൃശൂരിൽ 2597 വിദ്യാർത്ഥികൾക്ക് അവസരം നഷ്ടമാകും. വിജയിച്ച 35158 വിദ്യാർത്ഥികൾക്ക് ആകെയുള്ളത് 32561 സീറ്റുകളാണ്. 

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലും സീറ്റുകളുടെ ലഭ്യതയിൽ ഏറെ കുറവാണുള്ളത്. എന്നാൽ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ വിജയിച്ച കുട്ടികളെക്കാൾ സീറ്റുകൾ ഉണ്ട്. ഇതിൽ ഏറ്റവും കൂടുതൽ സീറ്റുകൾ വെറുതെ കിടക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. 43 ശതമാനം സീറ്റുകളും ഇവിടെ ഒഴിഞ്ഞു കിടക്കുകയാണ്. 10341 കുട്ടികൾ വിജയിച്ച ഇവിടെ 14781 സീറ്റുകളാണ് ഉള്ളത്. 4440 സീറ്റുകളാണ് ഇവിടെ വെറുതെ ഒഴിഞ്ഞ് കിടക്കുക.

കോട്ടയം ജില്ലയിൽ 13 ശതമാനാണ് അധിക സീറ്റുകൾ. ഇടുക്കിയിൽ ആറും, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മൂന്ന് ശതമാനം വീതവും സീറ്റുകൾ അധികമാണ്. കോട്ടയം - 2572, ഇടുക്കി - 670, എറണാകുളം  - 1048 എന്നിങ്ങനെയാണ് ഒഴിവ് വരുന്ന സീറ്റുകൾ. 

സീറ്റുകൾക്ക് വേണ്ടി വിദ്യാർത്ഥികൾ തമ്മിൽ കടിപിടി കൂടേണ്ട അവസ്ഥയാണ് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലുമുള്ളത് എന്നത് മുകളിലെ കണക്കുകളിൽ നിന്ന് വ്യക്തമാണ്. ഇനി ഒരു സീറ്റ് തരപ്പെടുത്തിയാൽ തന്നെ അത് തങ്ങളുടെ ഇഷ്ടവിഷയത്തിന് കിട്ടുമോ എന്ന് ഉറപ്പും പറയാനാകില്ല. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളിൽ അധികവും തിരഞ്ഞെടുക്കുക സയൻസ് ഗ്രൂപ്പ് ആകും. എന്നാൽ അത് എത്ര പേർക്ക് കിട്ടുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പും നൽകാൻ നിലവിലെ സാഹചര്യത്തിൽ സർക്കാരിന് കഴിയില്ല. പ്രത്യേകിച്ച് റെക്കോർഡ് എ പ്ലസ് നേട്ടമുള്ള ഈ വർഷം. 

സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ 64000 സയൻസ് സീറ്റുകളാണ് ഉള്ളത്. എയ്ഡഡിൽ 88800 സീറ്റും അൺഎയ്ഡഡിൽ 32776 സീറ്റുമാണ് ഉള്ളത്. ആകെ 185576 സയൻസ് സീറ്റുകൾ. 4,19,651 വിദ്യാർത്ഥികളാണ് ആകെ സംസ്ഥാനത്ത് എസ്എസ്എൽസി വിജയിച്ചത്. ഇവരിൽ ആർക്കൊക്കെ സയൻസ് ഗ്രൂപ്പ് കിട്ടുമെന്ന ആശങ്കയും വിദ്യാർത്ഥികൾക്ക് ഉണ്ടാകും. ഇതിൽ തന്നെ എയ്‌ഡഡ്‌ സ്ഥാപനങ്ങളിലെ മാനേജ്‍മെന്റ് ക്വാട്ട ഒഴിവാക്കിയാൽ ഏകജാകാലത്തിൽ 11864 സീറ്റുകളാകും സയൻസിന് ലഭ്യമാവുക.

സംസ്ഥാനത്ത് എസ്എസ്എൽസി പാസായവർക്ക് പുറമെ സിബിഎസ്ഇ പഠിച്ച വിദ്യാർത്ഥികളും ഉണ്ടാകും സീറ്റുകൾക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ. പത്താം തരാം വരെ സിബിഎസ്ഇ പഠിച്ച വിദ്യാർത്ഥികളിൽ അധികം പേരും പ്ലസ് വൺ പഠനത്തിന് സ്റ്റേറ്റ് സിലബസ് ആണ് പഠിക്കാൻ ഇഷ്ടപ്പെടുന്നത്. 

സർക്കാർ ഐടിഐ, സ്വകാര്യ ഐടിഐ, മറ്റു കോഴ്‌സുകൾ തുടങ്ങി പലതും പത്താം തരത്തിന് ശേഷം ചെയ്യാമെങ്കിലും ഭൂരിഭാഗം വിദ്യാർത്ഥികളും പ്ലസ് വൺ പഠനത്തിന് തന്നെയാകും താൽപര്യപ്പെടുക. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും കുട്ടികളുടെ പ്ലസ് വൺ പഠനത്തിന് വേണ്ടി ശ്രമിക്കുമ്പോൾ പ്ലസ് വൺ പ്രവേശനം ഒരു വലിയ കടമ്പ തന്നെയാകും. 

സർക്കാർ ഇക്കാര്യത്തിൽ തുടരുന്ന നിസ്സംഗത ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഏതാനും പ്രതിപക്ഷ വിദ്യാർത്ഥി സംഘനകൾ നടത്തുന്ന സോഷ്യൽ മീഡിയ കാമ്പയിൻ അല്ലാതെ ഈ വിഷയത്തിൽ കാര്യമായ പ്രതിഷേധങ്ങൾ ഉയരുന്നില്ല എന്നതാണ് സത്യം. സംസ്ഥാനത്തെ എല്ലാ മേഖലയെയും ബാധിക്കുന്ന കാര്യമായിട്ട് കൂടി ഭരണ പ്രതിപക്ഷ പാർട്ടികൾ തുടരുന്ന മൗനം അവർ കാലാകാലങ്ങളിലായി തുടർന്ന് വന്ന നിരുത്തരവാദിത്വത്തിന്റെ തെളിവ് കൂടിയാണ്.