പ്രമുഖർക്ക് ആൾക്കൂട്ടം ആവാം; കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് സമസ്ത നേതാക്കൾക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം

samstha
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് മുസ്​ലിം കോഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ പൊതുയോഗത്തില്‍ കോവിഡ് നിയമം ലംഘിച്ചതിന്​ 13 പേര്‍ക്കെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തു. സമസ്ത യുവജന വിഭാഗം നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തു. യോഗത്തിൽ 200പേര്‍ പങ്കെടുത്തതിനും മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. ഇതിലേറെ പേർ പങ്കെടുക്കുന്ന നിരവധി പ്രതിഷേധങ്ങളും സമ്മേളനങ്ങളും നടക്കുന്ന കേരളത്തിൽ തന്നെയാണ് ഒരു വിഭാഗത്തിന് നേരെ മാത്രം കേസെടുത്തിരുന്നു എന്നത് വിചിത്രമാണ്.

ജനുവരി അഞ്ചിന് വൈകീട്ട് ഏഴരയോടെ പൂക്കിപറമ്പിലായിരുന്നു പൊതുയോഗം നടന്നത്. വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കാനും പൊതുസമ്മേളനത്തിനും പ്രത്യേകമായും അനുമതി ലഭിച്ച ശേഷമാണ് തെന്നല പഞ്ചായത്ത് മുസ്​ലിം കോഓഡിനേഷന്‍ കമ്മിറ്റി വഖഫ് സംരക്ഷണ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. എന്നാൽ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും 200ഓളം പേരെ പങ്കെടുപ്പിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ പൊതുസമ്മേളനം നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും നേതാക്കളായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, ഷരീഫ് വടക്കയില്‍, ടി.വി. മൊയ്തീന്‍, പി.കെ. റസാഖ്, സിദ്ദീഖ് ഫൈസി ഷേക്ക്, സിദ്ദീഖ് ഫൈസി വാളക്കുളം, ബാവ ഹാജി, മജീദ്, ഹംസ ചീരങ്ങന്‍, പി.കെ. ഷാനവാസ്, ഹംസ വെന്നിയൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കണ്ടാലറിയാവുന്ന ഇരുനൂറോളം പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

pinarayi vijayan

cpm

അതേസമയം, കോവിഡ് മാനദണ്ഡം പാലിക്കാതെ നടന്ന സി.പി.എം സമ്മേളനങ്ങള്‍ക്കോ ബി.ജെ.പി സമ്മേളനങ്ങള്‍ക്കോ എതിരെ തിരൂരങ്ങാടിയില്‍ കേസില്ലാത്തതിൽ ആക്ഷേപമുയർന്നിട്ടുണ്ട്​. തലപ്പാറയില്‍ നടന്ന സി.പി.എം ഏരിയ സമ്മേളനത്തിനെതിരെയും തെന്നല പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന സി.പി.എം മാര്‍ച്ചിനെതിരെയും കേസെടുക്കാതെയാണ് സമസ്ത നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ്​ പരാതി.

സംഭവത്തിൽ വിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം രംഗത്ത് വന്നു. സർക്കാറിനെതിരെ സംസാരിച്ചതിന്റെ പേരിൽ മതപണ്ഡിതരെ പോലും വേട്ടയാടുന്ന നടപടി അംഗീകരിക്കാനാവില്ല. തിരൂരങ്ങാടിയിലെ തെന്നലയിൽ വഖഫ് സംരക്ഷണ പൊതുയോഗത്തിൽ കോവിഡ് നിയമം ലംഘിച്ചു എന്ന് പറഞ്ഞാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആയിരക്കണക്കിനാളുകളെ അണിനിരത്തി സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന സമ്മേളനങ്ങൾക്കോ പ്രകടനങ്ങൾക്കോ എതിരെ കേസെടുക്കാത്ത ആഭ്യന്തരവകുപ്പ് പോലീസ് അനുമതി വാങ്ങിയ ഒരു പരിപാടിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് കടപ്പുറത്ത് മുസ്‌ലിംലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്തവർക്കെതിരായ കേസും ഇതേ പ്രതികാര നടപടിയുടെ ഭാഗമായിരുന്നു അദ്ദേഹം പറഞ്ഞു.

congress

congress

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിയരിഞ്ഞ് പട്ടിക്കിട്ട് കൊടുക്കുമെന്ന് മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയവർക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് പ്രകടനം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടും മൗനം പാലിക്കുന്ന ആഭ്യന്തര വകുപ്പാണ് ഏതാനും പേർ ചേർന്ന് വഖഫ് സംരക്ഷണ പൊതുയോഗം സംഘടിപ്പിച്ചതിന് കേസെടുത്തിരിക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെതിരെ സമാധാനപരമായി സമരം നടത്തിയ പൗരത്വ പ്രക്ഷോഭ കാലത്തും മതപണ്ഡിതർ ഉൾപ്പെടെയുള്ള നിരവധി പേർക്കെതിരെ കേസെടുത്തിരുന്നു. ഈ കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം ജലരേഖയായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആർ.എസ്.എസ്സിനെതിരെ ഫേസ്ബുക്കിൽ എഴുതുന്നവരെ പോലും സർക്കാർ വേട്ടയാടുകയാണ്. ആഭ്യന്തര വകുപ്പും ആർ.എസ്.എസ്സും തമ്മിലുള്ള ഈ സഖ്യമാണ് മതപണ്ഡിതർക്ക് നേരെയും വിരൽ ചൂണ്ടുന്നത്. മതപണ്ഢിതരെ കളളക്കേസെടുത്ത് വേട്ടയാടുമ്പോള്‍ കാഴ്ചക്കാരാവാന്‍ മുസ്ലീംലീഗിനാവില്ല എന്ന് പിഎംഎ സലാം വ്യക്തമാക്കി.

സുന്നി യുവജന സംഘവും കേസെടുത്തതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. പൊലിസ് കേസെടുത്തത് പ്രതിഷേധാര്‍ഹവും നീതീകരിക്കാനാകാത്തതുമാണെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലുടനീളം നിരവധിപേര്‍ പങ്കെടുക്കുന്ന പൊതുചടങ്ങുകള്‍ ധാരാളമായി നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇവിടെ മാത്രം കേസെടുത്തത് അന്യായമാണ്. നിയമാനുസൃതമായി നടത്തുന്ന പരിപാടിയില്‍ ക്ഷണിക്കപ്പെട്ട പ്രഭാഷകര്‍ക്കെതിരേ കേസെടുക്കുന്നത് അനീതിയാണെന്നും പൊലിസ് നീക്കം പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

surendran

bjp

സംസ്ഥാനത്തുടനീളം സിപിഎം സമ്മേളനങ്ങൾ നടന്ന കാലത്ത് തന്നെയാണ് ഒരു മത വിഭാഗം നടത്തിയ പരിപാടിക്ക് മാത്രമായി കേസെടുത്തിരിക്കുന്നത്. ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ലാ സമ്മേളനങ്ങൾ ഈ കാലത്തായി സിപിഎം സംഘടിപ്പിച്ചപ്പോൾ ഓരോ പരിപാടിയിലും പങ്കെടുത്തവരുടെ എണ്ണം തെന്നലയിൽ നടന്ന മുസ്​ലിം കോഓഡിനേഷന്‍ കമ്മിറ്റിയുടെ പരിപാടിയിലെ ആളെക്കാൾ കൂടുതൽ വരും. ജില്ലാ സമ്മേളനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പങ്കെടുക്കുകയും ചെയ്തിരുന്നു.

ഈ സമയത്ത് തന്നെയാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ യുണൈറ്റഡ് ഇന്ത്യ ക്യാമ്പയിൻ സംസ്ഥാനത്തുടനീളം നടന്നത്. പഞ്ചായത്ത്, നിയോജകമണ്ഡലം, ജില്ലാ തലങ്ങളിൽ നടന്ന പരിപാടികളിൽ നിരവധിപേരാണ് പങ്കെടുത്തത്. പഞ്ചായത്ത് തലത്തിൽ മാത്രം 200 ലേറെ പേർ പങ്കെടുത്ത റാലിയും പൊതുസമ്മേളനവും നടന്നു. 

ബിജെപിയുടെ വിവിധ പ്രതിഷേധ യോഗങ്ങളും റാലികളും ഇക്കാലയളവിൽ നടന്നിരുന്നു. ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിക്കെതിരെ വധ ഭീഷണി മുഴക്കി നടന്ന റാലിയും ഇതിൽ പെടും. അനുമതിയില്ലാതെ പോലും ആൾക്കൂട്ട പരിപാടികൾ നടക്കുന്ന സംസ്ഥാനത്ത് അനുമതി വാങ്ങി നടത്തിയ ഒരു പരിപാടിക്കെതിരെ കേസെടുത്തത് ശരിയായ നടപടിയല്ല. വഖഫ് വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ ശബ്ദിച്ചതിന്റെ പേരിലാണ് കേസെങ്കിൽ അത് ഒരു ഭരണകൂടത്തിന് ചേർന്ന നടപടിയും അല്ല.